ഇ-ബാങ്കിംഗില്‍ തട്ടിപ്പിനിരയായാല്‍ 3 ദിവസത്തിനകം അറിയിച്ചാല്‍ 10 ദിവസത്തിനകം പണം തിരികെ കിട്ടും

ഇ-ബാങ്കിംഗിലോ, ഡിജിറ്റല്‍ പണമിടപാടുകളിലോ തട്ടിപ്പിനിരയായാല്‍ 3 ദിവസത്തിനകം ബാങ്കിനെ വിവരം അറിയിച്ചാല്‍ 10 ദിവസത്തിനകം പണം തിരികെ കിട്ടും. സ്വന്തം അക്കൗണ്ടില്‍ അനധികൃത ഇലക്ട്രോണിക് പണമിടപാട് നടന്നാല്‍ മൂന്ന് ദിവസത്തിനകം ബാങ്കിനെ വിവരമറിയിച്ചാല്‍ ഇടപാടുകാരന് ബാധ്യത ഒഴിവാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഇടപാടുകാരന് ബാധ്യതയില്ലാത്ത തട്ടിപ്പുകളില്‍ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ കാത്തിരിക്കാതെ തന്നെ പത്ത് ദിവസത്തിനകം പണം തിരിച്ചുനല്‍കണമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കിന്റെ ഭാഗത്തോ ഡിജിറ്റല്‍ പണമിടപാട് കൈകാര്യംചെയ്യുന്ന മൂന്നാം കക്ഷിയുടെ ഭാഗത്തോ വന്ന വീഴ്ചകൊണ്ടാണ് പണം നഷ്ടമായതെങ്കില്‍ അതില്‍ ഇടപാടുകാരന് ഉത്തരവാദിത്വമൊന്നുണ്ടാകില്ല. ഇതിന് ഇടപാടുകാരന്‍ പണം പിന്‍വലിക്കപ്പെട്ടതായി അറിയിപ്പുകിട്ടി മൂന്നു ദിവസത്തിനകം ഇക്കാര്യം ബാങ്കിന്റെ ശ്രദ്ധയില്‍പ്പടുത്തണം. നാലു മുതല്‍ ഏഴുവരെ ദിവസംകഴിഞ്ഞാണ് വിവരമറിയിക്കുന്നതെങ്കില്‍ അതിന്റെ ബാധ്യത ഇടപാടുകാരനും ബാങ്കും ചേര്‍ന്ന് വഹിക്കണം. എന്നാല്‍ ഇടപാടുകാരന്റെ ബാധ്യത 25,000 രൂപയില്‍ അധികമാവില്ല. ഏഴുദിവസം കഴിഞ്ഞാണ് വിവരമറിയിക്കുന്നതെങ്കില്‍ ബാധ്യത പങ്കുവെയ്ക്കുന്നകാര്യം ബാങ്കിന്റെ നയമനുസരിച്ച് തീരുമാനിക്കാം.

ബാങ്കിന്റെഭാഗത്തുള്ള ഗുരുതരമായ വീഴ്ചകാരണമോ ബാങ്കുമായി ബന്ധപ്പെട്ടുനടന്ന സംഘടിത കുറ്റകൃത്യം കാരണമോ ആണ് പണം നഷ്ടമായതെങ്കില്‍ ഇടപാടുകാരന്‍ വിവരമറിയിച്ചാലും ഇല്ലെങ്കിലും പൂര്‍ണ ഉത്തരവാദിത്വം ബാങ്കിനായിരിക്കും. ഡിജിറ്റല്‍ പണമിടപാട് വിവരങ്ങള്‍ നിര്‍ബന്ധമായും എസ്.എം.എസ്. വഴി ഇടപാടുകാരെ അറിയിച്ചിരിക്കണം. ഇ-മെയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതുവഴിയും വിവരം നല്‍കണം.

ഡിജിറ്റല്‍ പണമിടപാടില്‍ തട്ടിപ്പുകാരണം പണം നഷ്ടമായാല്‍ എപ്പോഴൊക്കെയാണ് ഇടപാടുകാരന് ഉത്തരവാദിത്വമുണ്ടാവുകയെന്നതും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടുകാരന്റെ അശ്രദ്ധകാരണം, പാസ്വേര്‍ഡ് കൈമാറുകയോ മറ്റോ ചെയ്തതുകാരണമാണ് പണം നഷ്ടമായതെങ്കില്‍ ആ വിവരം ബാങ്കില്‍ അറിയിക്കുന്നതുവരെ ആ നഷ്ടത്തില്‍ ഇടപാടുകാരനും ഉത്തരവാദിത്വമുണ്ടാകും. ബാങ്കില്‍ വിവരമറിയിച്ചതിനുശേഷവും പണം നഷ്ടമായാല്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായി ബാങ്കിനായിരിക്കും.
എ എം

Share this news

Leave a Reply

%d bloggers like this: