നവാസ് ഷെരീഫ് രാജിവെച്ചു; ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രി

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി രാജിവച്ച പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ് ചുമതലയേല്‍ക്കും.

നവാസ് ഷെരീഫിന്റെ സഹോദരനും ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് -നവാസ് ഷെരീഫ് (പിഎംഎല്‍-എന്‍)വിഭാഗം നേതാവുമായ ഷഹബാസ്, നേരത്തെ മുതല്‍ നവാസ് ഷെരീഫിന്റെ പിന്‍ഗാമിയെന്ന നിലയില്‍ പറഞ്ഞുകേട്ട പേരാണ്. ഔദ്യോഗികമായി തീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും പിഎംഎല്‍-എന്‍ നേതൃത്വം പുതിയ പ്രധാനമന്ത്രിയായി ഷഹബാസിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പാനമ ഗേറ്റ് അഴിമതി കേസില്‍ സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് നവാസ് ഷെരീഫിന് രാജിവയ്ക്കേണ്ടിവന്നത്. പ്രധാനമന്ത്രിയായുള്ള തന്റെ ആദ്യകാലഘട്ടത്തില്‍ അനധികൃത സ്വത്ത് ബന്ധുക്കളുടെ പേരില്‍ സമ്പാദിച്ചുവെന്നും ഇക്കാര്യത്തില്‍ പാകിസ്താന്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു കേസ്.

പാക് സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് നവാസ് ഷെരീഫിനെ അയോഗ്യനാക്കുന്ന വിധി പ്രസ്താവിച്ചത്. സത്യസന്ധനായ പാര്‍ലമെന്റംഗമായിരിക്കാന്‍ നവാസ് ഷെരീഫിന് യോഗ്യതയില്ലെന്ന് അഞ്ചംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഇജാസ് അഫ്സല്‍ഖാന്‍ വിധി ന്യായത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഷെരീഫിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ഉടന്‍ സ്ഥാനം രാജിവയ്ക്കണമെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവാസ് ഷെരീഫ് രാജിവച്ചത്.

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനം വഴി ഷെരീഫും മൂന്നു മക്കളും ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ സംഭവത്തില്‍ ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ലോകത്തെമ്പാടുമുള്ള നിരവധി പ്രമുഖരുടെ ബിനാമി ഇടപാടുകള്‍ പുറത്തുകൊണ്ടുവന്ന പാനമ രേഖകളിലുണ്ടായിരുന്ന പ്രധാനപേരുകളായിരുന്നു പാക് പ്രധാനമന്ത്രിയുടെ മക്കളുടേത്. എന്നാല്‍ തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.

ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന ഇമ്രാന്‍ ഖാന്റെ ഭീഷണിയെത്തുടര്‍ന്നായിരുന്നു സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.മൊസാക് ഫൊന്‍സക വഴി ഇടപാടുകള്‍ നടത്തിയവരില്‍ ബഹുഭൂരിപക്ഷവും കള്ളപ്പണം വെളിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: