അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

ലോകരാജ്യങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഉത്തരകൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്‍സില്‍ നിന്നായിരുന്നു പരീക്ഷണം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്.

അമേരിക്കയിലെ ഷിക്കാഗോയിലെത്താന്‍ ശേഷിയുള്ളതാണ് ഉത്തരകൊറിയ പരീക്ഷിച്ച ഹ്വാസോങ്-3 എന്ന മിസൈല്‍. ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് മൂന്നാഴ്ചകള്‍ക്കുള്ളിലാണ് പുതിയ പരീക്ഷണം. ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന പതിനാലാമത്തെ മിസൈല്‍ പരീക്ഷണമാണിത്.

3000 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ കൊളറാഡോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ഡെന്‍വര്‍, ഷിക്കാഗോ എന്നിവ പുതിയെ മിസൈലിന്റെ പരിധിയില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ അലാസ്‌ക വരെയെത്താന്‍ ശേഷിയുള്ള ഹ്വാസോങ്-14 എന്ന മിസൈല്‍ ഈ മാസം മൂന്നിന് ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍.

ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചതിന് തൊട്ടുപിന്നാലെ ജപ്പാനും ദക്ഷിണകൊറിയയും സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. തുടര്‍ച്ചയായുള്ള മിസൈല്‍ പരീക്ഷണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

ലോകരാജ്യങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ മുന്നേറുന്ന ഉത്തരകൊറിയയ്ക്കെതിരെ ഐക്യരാഷ്ട്രസഭ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ആവശ്യപ്പെട്ടു. രാജ്യ സുരക്ഷ മുന്‍നിര്‍ത്തി കൊറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ താഡ് മിസൈലുകള്‍ വിന്യസിക്കുന്ന കാര്യം അമേരിക്കയുമായി ചര്‍ച്ച ചെയ്യാനും സൈനിക നേതൃത്വത്തിന് പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ നിര്‍ദേശം നല്‍കി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: