യൂറോപ്യന്‍ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ സമയ നഷ്ടം നേരിടുന്നു: സുരക്ഷാ നടപടിയെന്ന് ഇ.യു

ഡബ്ലിന്‍: അംഗരാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്നതിന്റെ ഭാഗമായി എയര്‍പോര്‍ട്ടില്‍ ഇമിഗ്രെഷന്‍ പരിശോധന ശക്തമാക്കിയതായി യൂറോപ്യന്‍ കമ്മീഷണര്‍ വ്യക്തമാക്കി. ഇ.യു രാജ്യങ്ങളില്‍ ചിലയിടങ്ങളില്‍ പാസ്‌പോര്‍ട്ട് ഇല്ലാതെ തന്നെ അനുവദിക്കുന്ന സഞ്ചാര സ്വാതന്ത്ര്യം സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്ന ഇ.യു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് എയര്‍പോര്‍ട്ടുകളില്‍ സുരക്ഷാ ശക്തമാക്കിയത്. യൂണിയന്‍ രാജ്യങ്ങളില്‍ അനുവദനീയമായ സാഹചര്യങ്ങളും, അവകാശങ്ങളും മറയാക്കികൊണ്ട് യൂറോപ്യന്‍ ഭീകരാക്രമണം പലയിടത്തും ഒരേ സമയം ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്റര്‍പോള്‍ യൂണിയനെ അറിയിച്ചിരുന്നു.

ആക്രമണങ്ങള്‍ നടത്താന്‍ വേണ്ടി മാത്രം യൂണിയനില്‍ നിന്ന് വിവാഹിതരാകുന്നതോടെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും സഞ്ചാര സ്വാതന്ത്ര്യമുണ്ടാകും. അടുത്തിടെ യു.കെ യില്‍ നടന്ന ആക്രമണം പരിശോധിച്ചാല്‍ തൊട്ടടുത്ത രാജ്യമായ അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയവര്‍ ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതോടെ അയര്‍ലണ്ട് ഉള്‍പ്പെടെ സ്പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നീണ്ട ക്യൂ ആണ് തുടരുന്നത്. ക്ലിയറന്‍സിന് വേണ്ടി കാത്തിരിക്കുന്നതോടെ പലര്‍ക്കും തക്ക സമയത്ത് യാത്ര ചെയ്യാന്‍ കഴിയാതെ വരുന്നു. ഈസി ജെറ്റ്, റൈന്‍ എയര്‍, ബ്രിട്ടീഷ് എയര്‍വേയ്സ് എന്നീ എയര്‍ ലൈനുകള്‍ യാത്രക്കാര്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ എത്രമാത്രമാണെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കൂടുതല്‍ ഇമിഗ്രെഷന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് യാത്രക്കാര്‍ക്ക് യാത്രാ തടസമുണ്ടാകാത്ത രീതിയില്‍ എയര്‍പോര്‍ട്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
എ എം

Share this news

Leave a Reply

%d bloggers like this: