മലയാളി സാന്നിധ്യമില്ലാത്ത ഇന്ത്യാ ഡേ

ചന്ദ്രനില്‍ ചെന്നാല്‍ പോലും 1 മലയാളിയെ കാണാനാകുമെന്ന് പഴമാക്കാര്‍ പറഞ്ഞിരുന്നത് വാസ്തവമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് ആഗസ്റ്റ് 19 ന് ഫീനിക്‌സ് പാര്‍ക്കില്‍ നടന്ന ഇന്ത്യാ ഡേ. പരിപാടിയുടെ നടത്തിപ്പുകാരായ ഏതാനും മലയാളികള്‍ ഒഴികെ മറ്റ് മലയാളി സാന്നിധ്യം ഇന്ത്യാ ഡേയില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. ജന്മം കൊണ്ട് ഇന്ത്യക്കാരും കര്‍മ്മം കൊണ്ട് ഐറിഷുകാരുമായ നിരവധി മലയാളികളുടെ സാന്നിധ്യം പോയ വര്‍ഷങ്ങളിലെ ഇന്ത്യാ ഡേയില്‍ കാണാമായിരുന്നു. അയര്‍ലണ്ടിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ഇന്ത്യാ ഡേക്ക് പോയ വര്‍ഷങ്ങളില്‍ അഭൂത പൂര്‍വമായ പ്രചാരണവും ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നും ഇമെയിലും നിരവധിയാളുകള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ 2017 ലെ ഇന്ത്യാ ഡേ മലയാളികള്‍ ആരും അറിയരുത് എന്ന ലക്ഷ്യം സംഘാടകര്‍ക്ക് ഉണ്ടായിരുന്നതായി തോന്നും വിദമായിരുന്നു പ്രവര്‍ത്തി.

അയര്‍ലണ്ടിലെ മലയാളി സംഘടനകളെയോ, മലയാളി ആത്മീയ സംഘടനകളെയോ ഇന്ത്യാഡേ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരുന്നില്ല എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യാ ഡേയുടെ അദ്യ പരിപാടിയില്‍ ഡബ്ലിനിലെ ഏറ്റവും പ്രചാരമുള്ള മലയാള ആത്മീയ സഭ സ്‌പോണ്‍സര്‍മാരായിരുന്നു എന്നുള്ളത് എടുത്ത് പറയണ്ട കാര്യമാണ്. ഇത്തവണ പോയ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നിരവധി സ്‌പോണ്‍സര്‍മാര്‍ ഉണ്ടായിരുന്നിട്ടും ഇന്ത്യാ ഡേക്ക് കൂടുതല്‍ പ്രചാരം നടത്തുവാന്‍ സംഘാടകര്‍ ശ്രമിച്ചിരുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു.

പരിപാടിയുടെ തലേ ദിവസം രാത്രിയിലാണ് ഫേസ്ബുക്ക്, വാട്‌സാപ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ മലയാളികള്‍ അറിഞ്ഞത്. തുടര്‍ന്ന് ഇത് സംബന്ധിച്ച വാഗ്പയറ്റും വാറ്റ്‌സാപില്‍ നടന്നിരുന്നു. മലയാളി ഉടമസ്ഥതയിലുള്ള നിരവധി കാറ്ററിംഗ് സ്ഥാപങ്ങള്‍ പോയ വര്‍ഷങ്ങളില്‍ 800 മുതല്‍ 1000 യൂറോ വരെ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയാണ് സ്റ്റാളുകള്‍ ഇന്ത്യാ ഡേയില്‍ ക്രമീകരിച്ചിരുന്നത്. ഇത്തവണ മലയാളി ഭക്ഷണ സ്റ്റാളുകള്‍ക്ക് പകരം ചൈനീസ് സ്റ്റാളുകളാണ് ഉണ്ടായിരുന്നത്.

ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ അയര്‍ലണ്ടിലെ എല്ലാ ഇന്ത്യന്‍ സംഘടനകളേയും സാമൂഹിക പ്രവര്‍ത്തകരേയും , എല്ലാ ഇന്ത്യക്കാരേയും ഉള്‍പ്പെടുത്തി ഇന്ത്യന്‍ സംസ്‌കാരം വിളിച്ചോതുന്ന പരിപാടികള്‍ വരും തലമുറകള്‍ക്കും തദ്ദേശീയര്‍ക്കും പകര്‍ന്ന് നല്‍കും വിധം നടത്തപ്പെടേണ്ട ഇന്ത്യാ ഡേ ഇത്തരത്തില്‍ വ്യക്തി പരമായ കാരണങ്ങളാലും പടലപ്പിണക്കങ്ങളാലും കാരണം ഇല്ലാതാകുകയാണ്. ഇന്ത്യാ ഡേ എന്ന പേരില്‍ മറ്റാര്‍ക്കും ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കാന്‍ കഴിയാത്ത വിധം ട്രേഡ് മാര്‍ക്ക് വരെ എടുത്ത വിരുതന്മാരാണ് അയര്‍ലണ്ടിലുള്ളത്.

Share this news

Leave a Reply

%d bloggers like this: