സര്‍ക്കാര്‍ നയത്തില്‍ ഭവന പ്രതിസന്ധിക്ക് ആദ്യ പരിഗണന നല്‍കുന്ന നടപടി ഉടന്‍: മന്ത്രി സിമോണ്‍ കോവിനി

ഡബ്ലിന്‍: രാജ്യത്തെ ഭവന പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി സിമോണ്‍ കോവിനി. കഴിഞ്ഞ രണ്ട് ആഴ്ചക്കകം മൂന്നു ഭവനരഹിതര്‍ മരണമടഞ്ഞ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുന്‍ ഭവന മന്ത്രിയായിരുന്ന സിമോണ്‍ കോവിനി. കഴിഞ്ഞ വര്‍ഷം 600 സോഷ്യല്‍ ഹൗസിങ് യൂണിറ്റുകള്‍ നിര്‍മ്മിച്ചപ്പോള്‍ ഈ വര്‍ഷം 2600 യൂണിറ്റുകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

എമര്‍ജന്‍സി അക്കോമഡേഷനില്‍ 2500 കുട്ടികള്‍ താമസിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണെന്ന് മന്ത്രി പ്രസ്താവിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഭവന രഹിത പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കുന്ന നടപടികള്‍ ഐറിഷ് സര്‍ക്കാര്‍ കൈക്കൊണ്ടു വരുന്നതായും കോവിനി വിലയിരുത്തുകയുണ്ടായി. അയര്‍ലണ്ടില്‍ തയ്യാറാക്കപ്പെട്ട സോഷ്യല്‍ ഹൗസിങ് യൂണിറ്റുകള്‍ മതിവരാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

ഡബ്ലിനില്‍ അനുദിനം 5 കുടുംബങ്ങളെങ്കിലും വീടില്ലാത്തവരായി തെരുവിലുറങ്ങുന്നുണ്ടെന്നാണ് ഭവന രഹിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫോക്കസ് പോലുള്ള ചാരിറ്റി സംഘടനകള്‍ വ്യക്തമാക്കുന്നത്. വരേദ്കര്‍ മന്ത്രിസഭയില്‍ വിദേശകാര്യം കൈകാര്യം ചെയ്യുന്ന കോവിനി ഭവന മന്ത്രി ആയിരുന്നപ്പോള്‍ ആരംഭിച്ച ഭവന പ്രതിസന്ധി ഇപ്പോഴും അതിരൂക്ഷമായി തുടരുകയാണ്. നിലവിലെ ഭവന മന്ത്രി യോഗന്‍ മര്‍ഫിയുടെ നേതൃത്വതില്‍ വിദഗ്ദ്ധ സംഘം പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വാടകയും, വസ്തു വിലയും ഉയര്‍ന്നതോടെ ഭവന പ്രശ്നത്തില്‍ വന്‍ വെല്ലുവിളി നേരിടുകയാണ് അയര്‍ലന്‍ഡ്. പ്രത്യേകിച്ച് തലസ്ഥാന നഗരിയില്‍ വീടില്ലാത്തവരുടെ എണ്ണം പെരുകുന്നത് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ അനുഭവപ്പെടുന്ന പ്രതിസന്ധിയില്‍ ഐറിഷുകാര്‍ മാത്രമല്ല മലയാളികള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ സമൂഹവും രാജ്യത്തെ ഭവന പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഡി കെ

Share this news

Leave a Reply

%d bloggers like this: