തെക്കന്‍ ഡബ്ലിനില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു

ഡബ്ലിന്‍: തെക്കന്‍ ഡബ്ലിന്‍ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറുന്നു. ഇവിടെ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, കമ്യുണിറ്റി കേന്ദ്രങ്ങളെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ ലക്ഷ്യമിടുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്. സ്‌കൂളുകള്‍, കളിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രി സമയത്ത് അഴിഞ്ഞാടുന്ന ഇവര്‍ പ്രദേശത്ത് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. കളിസ്ഥലങ്ങളില്‍ രാത്രി സമയത്ത് തീയിട്ടു നശിപ്പിക്കുക, സ്‌കൂള്‍ മതില്‍ക്കെട്ടിനുള്ളില്‍ എത്തി മനുഷ്യ വിസര്‍ജ്യവും മറ്റു മാലിന്യങ്ങളും നിക്ഷേപിക്കുക തുടങ്ങിയ സംസ്‌കാര ശൂന്യമായ പ്രവര്‍ത്തികള്‍ തെക്കന്‍ ഡബ്ലിനിലെ സ്ഥിരം കാഴ്ചകളായി മാറുകയാണ്.

അക്രമികളെ പിടികൂടാന്‍ 20,000 യൂറോ വരെ നിക്ഷേപം നടത്തി സി.സി.ടി.വി സംവിധാങ്ങള്‍ ക്രമീകരിച്ചിട്ടും ഇതിന് പരിഹാരമായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരുകൂട്ടം സാമൂഹ്യവിരുദ്ധരുടെ പേരുകള്‍ തെക്കന്‍ ഡബ്ലിനില്‍ കുപ്രസിദ്ധിയാര്‍ജ്ജിക്കുന്നതില്‍ പ്രദേശവാസികള്‍ അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്തു. ഇതോടൊപ്പം ഇവിടെ മോഷണവും, പിടിച്ചുപറിയും വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തനിച്ച് താമസിക്കുന്ന വൃദ്ധ ദമ്പതികളെ ലക്ഷ്യം വെച്ച് നടത്തുന്ന തട്ടിപ്പും തെക്കന്‍ ഡബ്ലിനില്‍ അരങ്ങേറുന്നുണ്ട്. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം ആവശ്യപ്പെട്ട് കൗണ്‍സിലര്‍ മാര്‍ക്ക് വാര്‍ഡിന് പ്രദേശവാസികള്‍ പരാതി സമര്‍പ്പിച്ചിരിക്കുകയാണ്.

ഡി കെ

Share this news

Leave a Reply

%d bloggers like this: