ഗോധ്ര കൂട്ടക്കൊല: പതിനൊന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു. ക്രമസമാധാനം പരിപാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞു. അയോധ്യയില്‍ നിന്ന് മടങ്ങുയായിരുന്ന കര്‍സേവകര്‍ യാത്ര ചെയ്തിരുന്ന സബര്‍മതി എക്സ്പ്രസ്സിന്റെ എസ് 6 ബോഗി അഗ്നിക്കിരയാക്കി 59 പേരെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി 11 പേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഈ 11 പേരുടെയും വധശിക്ഷയാണ് ജീവപര്യന്തമായി ഹൈക്കോടതി കുറച്ചത്.

ഈ കേസില്‍ മറ്റ് 20 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയ്ക്കും വിചാരണക്കോടതി വിധിച്ചിരുന്നു. ഈ ശിക്ഷ ശരിവച്ച ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷയില്‍ ഇളവ് നല്‍കുകയായിരുന്നു.31 പേരേ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 63 പേരേ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ശിക്ഷയ്ക്ക് എതിരെ പ്രതികളും, 63 പേരേ വെറുതെ വിട്ടതിന് എതിരെ സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികളില്‍ ആണ് ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചത്. വധശിക്ഷ ജീവപര്യന്തമായി കുറച്ച ഹൈക്കോടതി, വിചാരണക്കോടതിയുടെ മറ്റ് ശിക്ഷാവിധികള്‍ ശരിവയ്ക്കുകയായിരുന്നു.

2002ല്‍ ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട കലാപത്തിലേക്ക് നയിച്ച സംഭവമായിരുന്നു ഗോധ്ര ട്രെയിന്‍ തീവയ്പ്പ്. ഒമ്പതുവര്‍ഷം കഴിഞ്ഞാണ് കേസിലെ കുറ്റക്കാരെ കണ്ടെത്തിയത്. വിചാരണക്കോടതി വെറുതെ വിട്ടവരില്‍ മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെട്ട മൌലാനാ ഉമര്‍ജിയും ഉള്‍പ്പെടുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്ര സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ് 6 കോച്ച് തീവച്ചതിനെ തുടര്‍ന്ന് 59 പേര്‍ കൊല്ലപ്പെട്ടു എന്നാണു കേസ്. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. കേസില്‍ 94 പ്രതികളാണ് ഉണ്ടായിരുന്നത്. സബര്‍മതി ജയിലിലാണ് വിചാരണ നടന്നത്.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: