ഫെയ്സ് ഐഡി സാങ്കേതിക വിദ്യ മുഖ്യധാരയിലേക്കെത്തുന്നു

 

ഒരു പത്ത് വര്‍ഷം മുന്‍പ്, മൊബൈല്‍ ഫോണ്‍ ജനകീയമായ കാലത്ത്, നമ്പറുകളും അക്ഷരങ്ങളും ഉപയോഗിച്ചായിരുന്നു ഫോണ്‍ ലോക്ക്/ അണ്‍ലോക്ക് ചെയ്തിരുന്നത്. പിന്നീട് മൊബൈല്‍ ഫോണില്‍നിന്നും സ്മാര്‍ട്ട്ഫോണിലേക്കു ചുവടുവച്ചപ്പോള്‍ ഫിംഗര്‍ പ്രിന്റ് റീഡര്‍ എന്ന സംവിധാനവും അവതരിച്ചു. ഇപ്പോള്‍ ഇതാ മുഖം തിരിച്ചറിഞ്ഞ് ഫോണ്‍ തുറക്കുന്ന സംവിധാനവും അവതരിച്ചിരിക്കുന്നു. മുഖം തിരിച്ചറിഞ്ഞു (Facial recognition) കൊണ്ടു സ്മാര്‍ട്ട്ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്ന തലത്തിലേക്കാണു സാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിച്ചിരിക്കുന്നത്. 2017-ലെ വലിയ വാര്‍ത്തയും ഫെയ്സ് റെക്കഗ്നിഷന്‍ തന്നെ. സാംസങ് പോലുള്ള കമ്പനികള്‍ അവരുടെ ഫോണുകളില്‍ ഈ സാങ്കേതികത അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം സെപ്റ്റംബര്‍ 12-ന് ആപ്പിളിന്റെ ഐ ഫോണ്‍ x എന്ന മോഡല്‍ പുറത്തിറങ്ങിയപ്പോഴാണു ഫെയ്സ് റെക്കഗ്നിഷന്‍ വലിയ ചര്‍ച്ചാ വിഷയമായത്.

ഐ ഫോണിനു പിറകേ ഫെയ്സ്ബുക്കും ഈ സാങ്കേതികത പിന്തുടരാന്‍ പോകുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫെയ്സ്ബുക്ക് എക്കൗണ്ടുകള്‍ വീണ്ടെടുക്കുമ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം ഉറപ്പാക്കാനുള്ള ഉപാധിയായി ഫെയ്സ് റെക്കഗ്നിഷന്‍ എന്ന സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. ഫെയ്സ് റെക്കഗ്നിഷന്‍, വിശ്വാസ്യതയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ക്കു വിധേയമാണെങ്കിലും ഭാവിയില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഫെയ്സ് റെക്കഗ്നിഷന്‍ എന്ന ടെക്നോളജിയെ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍.

ഐ ഫോണ്‍ x ന്റെ ലോഞ്ചിംഗ് വേളയില്‍ ആപ്പിള്‍ ഉയര്‍ത്തിക്കാണിച്ച സവിശേഷതയും ഫെയ്സ് റെക്കഗ്നിഷന്‍ തന്നെയായിരുന്നു. ഈയടുത്ത കാലം വരെ, ഫിംഗര്‍പ്രിന്റ് റീഡറായിരുന്നു സ്മാര്‍ട്ട്ഫോണ്‍ ഹാന്‍ഡ്സെറ്റുകളുടെ പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിച്ചിരുന്നത്. അതായത്, സ്മാര്‍ട്ട്ഫോണിലേക്ക് പൂട്ട് തുറന്ന് അകത്തേയ്ക്ക് പ്രവേശിച്ചിരുന്നത് യൂസറുടെ കൈവിരല്‍ അടയാളം തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു. എന്നാല്‍ ഈ ടെക്നോളജിയില്‍നിന്നും ഒരുപടി കൂടി ചാടി കടന്നുകൊണ്ടാണ് ആപ്പിള്‍ ഫെയ്സ് ഐഡി എന്നു വിളിക്കുന്ന ഫെയ്സ് റെക്കഗ്നിഷനെ അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള സുരക്ഷിത മാര്‍ഗമായിട്ടാണു ഫെയ്സ് റെക്കഗ്നിഷനെ അഥവാ ഫെയ്സ് ഐഡിയെ കണക്കാക്കുന്നത്. അതോടൊപ്പം ഉപയോക്താക്കളുടെ ആധികാരികത ഉറപ്പാക്കുന്നതിനും പെയ്മെന്റുകള്‍ നടത്താനും ഈ വിദ്യ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണു കരുതുന്നത്.

ട്രൂ ഡെപ്ത്ത് കാമറയിലാണു ഫെയ്സ് റെക്കഗ്നിഷന്‍ പ്രവര്‍ത്തിക്കുന്നത്. മങ്ങിയ വെളിച്ചത്തിലും മുഖത്തെ 30,000-ത്തോളം അടയാളങ്ങള്‍ വിശകലനം ചെയ്യും ഈ കാമറ. തുടര്‍ന്നാണു സ്മാര്‍ട്ട്ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത്. ഫെയ്സ് റെക്കഗ്നിഷന്‍ എന്ന സാങ്കേതികവിദ്യയ്ക്കു ഐ ഫോണ്‍ x ലൂടെയാണു വന്‍ പ്രചാരം ലഭിച്ചതെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഈ ടെക്നോളജി 2014-ല്‍ ആമസോണ്‍ ഫയര്‍ ഫോണിലൂടെ അവതരിപ്പിച്ചിരുന്നു. പക്ഷേ വിപണിയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നു മാത്രം. അതുപോലെ സാംസങും സമീപകാലത്ത് ഈ ടെക്നോളജി അവതിരിപ്പിച്ചു. ഗ്യാലക്സി എസ് 8, ഗ്യാലക്സി നോട്ട് 8 തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ ഹാന്‍ഡ് സെറ്റുകളിലും ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചു.

ഒരു സെല്‍ഫിയിലൂടെയോ അതുമല്ലെങ്കില്‍ ഒരു ഹെഡ് ഷോട്ടിലൂടെയോ ഫെയ്സ് റെക്കഗ്നിഷന്‍ എന്ന ടെക്നോളജിയുടെ പഴുതിനെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നു ചിലര്‍ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടു തന്നെ ആപ്പിളിന്റെ ഐ ഫോണ്‍ x ലേക്കാണ് എല്ലാ കണ്ണുകളും. ഈ പുതിയ ടെക്നോളജിയില്‍ എത്രത്തോളം വിശ്വസനീയത പുലര്‍ത്തുമെന്നതാണ് ആപ്പിളിനു മുന്‍പിലുള്ള വെല്ലുവിളി. ആപ്പിളിനു പുറമേ, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കും ഫെയ്സ് റെക്കഗ്നിഷന്‍ എന്ന ടെക്നോളജി പിന്തുടരാന്‍ തീരുമാനിക്കുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഇന്ന് ആഗോളതലത്തില്‍ ഫേസ്ബുക്കില്‍ സജീവമായ യൂസര്‍മാര്‍ രണ്ട് ബില്യനോളം വരുന്നുണ്ട്. ഫേസ്ബുക്ക് എക്കൗണ്ട് റിക്കവര്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്കു ഫെയ്സ് റെക്കഗ്നിഷന്‍ എന്ന ടെക്നോളജിയെ ഉപയോഗപ്പെടുത്താനാണ് ഫേസ്ബുക്ക് തീരുമാനിക്കുന്നത്. ഇതിന്റെ ട്രയല്‍ ഇപ്പോള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഐഡന്റിറ്റി നിര്‍ണയിക്കാന്‍, അയാളുടെ ഫേസ്ബുക്ക് എക്കൗണ്ടില്‍ പബ്ലിഷ് ചെയ്ത ഫോട്ടോയും, സ്‌കാന്‍ ചെയ്ത മുഖചിത്രവും തമ്മില്‍ താരതമ്യം ചെയ്യുന്നതിലൂടെ സാധിക്കും. ഇത്തരത്തില്‍ ഫെയ്സ് റെക്കഗ്നിഷന്‍ എന്ന ടെക്നോളജി ഉപകാരപ്രദമായിരിക്കുമെന്നാണു കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഫെയ്സ് റെക്കഗ്നിഷന്‍ ടെക്നോളജിക്ക് വന്‍ പ്രാധാന്യമുണ്ടെന്നും ഫേസ്ബുക്ക് കരുതുന്നുണ്ട്. എന്നാല്‍ ഇത് പ്രാവര്‍ത്തിക്കമാക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനമൊന്നും ഇതുവരെ കമ്പനിയെടുത്തിട്ടില്ല.

ഫെയ്സ് റെക്കഗ്നിഷന്റെ ഗുണങ്ങള്‍ വിവരിക്കുമ്പോള്‍, ബയോമെട്രിക് ഡേറ്റയുടെ സംഭരണവും സുരക്ഷിതത്വവും സംബന്ധിച്ചു ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇത്തരത്തില്‍ ഈ പുതിയ സാങ്കേതിക വിദ്യയ്ക്കു ധാര്‍മികമായും സാങ്കേതികമായും ചില വെല്ലുവിളികളെ അഭിമുഖീകരിക്കാനുണ്ടെന്നതും ഒരു യാഥാര്‍ഥ്യമാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: