ഇംഗ്ലണ്ട് ആനക്കൊമ്പ് വ്യാപാരം അവസാനിപ്പിക്കുന്നു

 

ആനക്കൊമ്പ് കൊണ്ടുണ്ടാക്കിയ കരകൗശലവസ്തുക്കള്‍ക്ക് ആഗോള വിപണിയില്‍ എക്കാലവും വലിയ ആവശ്യക്കാരുണ്ട്. ഇന്ത്യന്‍ കരകൗശലവസ്തുക്കളില്‍ ഗണ്യമായ പങ്ക് വഹിക്കുന്ന വിഭാഗമാണ് ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍. എയര്‍പോര്‍ട്ടുകളില്‍ പിടിക്കപ്പെടുന്ന കള്ളക്കടത്തു സാധനങ്ങളില്‍ ഇന്നും വലിയൊരളവ് ആനക്കൊമ്പാണ്. ബ്രിട്ടീഷ് പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ ആനക്കൊമ്പ് നിര്‍മിതവസ്തുക്കളുടെ വ്യാപാരം നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന പ്രഖ്യാപനത്തെ ഒട്ടൊരു അല്‍ഭുതത്തോടെ തന്നെയാണ് രാജ്യം കണ്ടത്. കാരണം, നിരോധനമേര്‍പ്പെടുത്തുന്ന ബ്രിട്ടണ്‍ തന്നെയാണ് ലോകത്തിലെ ആനക്കൊമ്പ് ശില്‍പ്പങ്ങളുടെ കയറ്റുമതിയില്‍ മുമ്പന്‍. 2010- 2015 കാലയളവില്‍ 36,000 ആനക്കൊമ്പ് നിര്‍മിത കരകൗശലവസ്തുക്കളാണ് കയറ്റി അയച്ചിട്ടുള്ളത്. തൊട്ടു പിന്നിലുള്ള അമേരിക്കയേക്കാള്‍ മൂന്നിരട്ടി വരുമിത്.

ആനക്കൊമ്പ് വില്‍പ്പന, ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയെ ഉത്തേജിപ്പിച്ചു നിര്‍ത്തുകയാണെന്നും ഇത് ആനവേട്ടയെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ വാദിക്കുന്നു. വില്യം രാജകുമാരന്‍ ശക്തനായ ആനക്കൊമ്പ് വ്യാപാര വിരുദ്ധ പ്രചാരകനാണ്. ആനക്കൊമ്പിന്റെ ആഭ്യന്തരവില്‍പ്പന നിരോധിച്ച് നിയമം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആനക്കൊമ്പ് ആളുകള്‍ക്കു കൊണ്ടു നടക്കാനുള്ള വസ്തുവല്ല. കൊമ്പ് ഊരിയെടുത്താല്‍ ആനയെ കാണാന്‍ ഒരു ചന്തവുമില്ല താനും. എന്നിട്ടും നാം ഇതിന്റെ വ്യാപാരവുമായി എന്തിനു മുമ്പോട്ടു പോകണം. അതിനാല്‍ ലോകരാജ്യങ്ങള്‍ ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുമ്പുണ്ടായിട്ടുള്ള നിരോധനശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. 1947നു ശേഷമുള്ള ആനക്കൊമ്പ് നിര്‍മിത വസ്തുക്കളുടെ വില്‍പ്പനയാണ് 2016ല്‍ നിരോധിച്ചത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സര്‍ക്കാരിലെ പരിസ്ഥിതി സെക്രട്ടറി ആന്‍ഡ്രിയ ലീഡ്സം കൊണ്ടു വന്ന നിരോധനം നടപ്പിലായില്ല. 12 ആഴ്ച നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ കരട് നിയമം പുതുവര്‍ഷത്തോടെ കൊണ്ടുവരാനും നിശ്ചയിച്ചു. ആനവേട്ടക്കാര്‍ പ്രതിവര്‍ഷം 20,000 ആനകളെയാണ് കൊല്ലുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതേക്കുറിച്ചുള്ള ആശങ്കകളാണ് നിയമം ആവിഷ്‌കരിക്കുന്നതിലേക്കു നയിച്ചത്. കൊമ്പെടുക്കുന്നതിനായി ആനകളെ കൊല്ലുന്നത് അപമാനകരമാണെന്ന് ബ്രിട്ടീഷ് പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വിശിഷ്ടജീവികളെ സംരക്ഷിക്കാന്‍ കരുത്തുറ്റ സമൂല കര്‍മ്മപദ്ധതി ആവിഷ്‌കരിക്കേണ്ട സമയമെത്തിയിരിക്കുന്നു. ആനക്കൊമ്പ് വ്യവസായം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ ബ്രിട്ടണുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുള്ള നിര്‍ദേശങ്ങളാണ് നിയമത്തിലുള്ളതെന്നും അദ്ദേഹം അറിയിച്ചു.

ആനകളുടെ വംശനാശത്തെപ്പറ്റിയുള്ള ആശങ്കകളെ തുടര്‍ന്നു നിരോധനം കൊണ്ടുവരുമ്പോള്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റു നിരവധി ബോധവല്‍ക്കരണപ്രക്രിയകള്‍ക്കു കൂടി ബ്രിട്ടണ്‍ കോപ്പുകൂട്ടുന്നുണ്ട്. 2018ല്‍ പ്രധാനപ്പെട്ട ഒരു നിയമവിരുദ്ധവൈല്‍ഡ്ലൈഫ് കോണ്‍ഫറന്‍സിന് ബ്രിട്ടണ്‍ വേദിയാവുകയാണ്. ആനക്കൊമ്പുകള്‍ക്ക് ആഭ്യന്തര വിപണി ഒരുക്കുന്നത് രാജ്യം തുടരുകയാണെങ്കില്‍ അത് വലിയ അസ്വസ്ഥത പടര്‍ത്തുന്ന കാര്യമായിരിക്കും. പ്രത്യേകിച്ചും ചൈന പോലുള്ള രാജ്യങ്ങള്‍ ഇത്തരം വിപണികള്‍ ഈ വര്‍ഷം അവസാനത്തോടെ ഇല്ലായ്മ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍. ഉച്ചകോടിക്കു മുമ്പു തന്നെ നിരോധനമേര്‍പ്പെടുത്താമെന്ന് ചൈന ഉറപ്പു നല്‍കിയെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഹീത്തര്‍ സോള്‍ പറയുന്നു. സ്വയം നിരോധനമേര്‍പ്പെടുത്തുന്നതില്‍ ചൈനയുടെ പ്രതിബദ്ധത അധികൃത വിപണികളുമായി കൈകോര്‍ക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടണ് ഒരു നിലപാടെടുക്കാനുള്ള പ്രചോദനമാകുമെന്ന് ഹീത്തര്‍ പറയുന്നു.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ നിലപാടിനെ അംഗീകരിക്കുമ്പോള്‍ത്തന്നെ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് നിരോധനത്തിന്റെ പരിധിയെക്കുറിച്ച് ആശങ്കകളുണ്ട്. മുമ്പത്തെ നിരോധനനിയമങ്ങളില്‍ 1947 നു മുമ്പുള്ള പൗരാണികമൂല്യമുള്ള ആനക്കൊമ്പില്‍ തീര്‍ത്ത വസ്തുക്കളെ ഒഴിവാക്കിയിരുന്നുവെന്നു പറഞ്ഞല്ലോ. ഇപ്പോഴും ഇത്തരം ചില ഒഴിവാക്കലുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഗീതോപകരണങ്ങള്‍, സാംസ്‌കാരിക പ്രധാന്യമുള്ള ഇനങ്ങള്‍ തുടങ്ങിയവയെയാണ് ഒഴിവാക്കിയത്. നാലു തരം ആനക്കൊമ്പ് ഉല്‍പ്പന്നങ്ങളെയാണ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കുകയെന്ന് മൈക്കിള്‍ ഗോവ് അറിയിച്ചു. സംഗീതോപകരണങ്ങള്‍, ആനക്കൊമ്പ് നാമമാത്രമായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍, പൗരാണികവും ചരിത്രപ്രധാനവും സാംസ്‌കാരിക പ്രാധാന്യവുമുള്ള ഇനങ്ങള്‍, മ്യൂസിയങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകള്‍ എന്നിവയാണ് അനുവദിക്കുക.

മേല്‍പ്പറഞ്ഞ ഇനങ്ങളുടെ ഒഴിവാക്കല്‍ ചൂണ്ടിക്കാട്ടി നിരോധനം പൂര്‍ണമല്ലെന്ന് വാദിക്കുന്നവരുമുണ്ട്. ഇത് നിയമത്തില്‍ വെള്ളം ചേര്‍ക്കാനിടയാക്കുമെന്നാണ് അവരുടെ ആശങ്ക. ഒഴിവാക്കിയ വസ്തുക്കള്‍ അല്‍പ്പം വിപുലമായിപ്പോയി. നിയമത്തില്‍ പഴുതുണ്ടാക്കി നിരോധനത്തിനു തുരങ്കം വെക്കാന്‍ ഇത് ഇടയാക്കുമെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ ഇതു മറികടക്കാന്‍ ശക്തവും വ്യക്തവുമായ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നു വാദിക്കുന്നവരുമുണ്ട്. എന്നാല്‍ പൗരാണിക വസ്തുക്കളുടെ വില്‍പ്പനക്കാരില്‍ ഇത് അസന്തുഷ്ടി പരിതിതയിരിക്കുകയാണ്. ആനക്കൊമ്പ് വ്യാപാരത്തിനെതിരേ പടവാളുയര്‍ത്തുന്നവര്‍ക്ക് ആഫ്രിക്കന്‍ ആനകളെക്കുറിച്ച് ആശങ്കയില്ലേയെന്ന് ആന്റിക് ട്രേഡ് ഗസറ്റിലെ നോയെല്‍ മാക് എലറ്റണ്‍ ചോദിക്കുന്നു. ലോകത്ത് ആനവേട്ട ശക്തമായ ഭൂഖണ്ഡമാണ് ആഫ്രിക്ക.

1947നു മുമ്പുള്ള പുരാതന വസ്തുക്കളുടെ വില്‍പ്പന നിരോധിക്കുന്നുവെന്ന വാദം പൗരാണികവസ്തുക്കളുടെ വില്‍പ്പനയില്‍ ഏര്‍പ്പെട്ടവര്‍ ചോദ്യം ചെയ്യാനിടയുണ്ടെന്ന് അവര്‍ വാദിക്കുന്നു. വിക്റ്റോറിയന്‍ കാലഘട്ടത്തിലെ പിയാനോകളും ജോര്‍ജിയന്‍ കാലത്തെ ഫര്‍ണിച്ചറുകളും വില്‍ക്കുന്നത് ജീവിച്ചിരിക്കുന്ന ആനകള്‍ക്ക് എങ്ങനെയാണ് ഭീഷണിയാകുകയെന്ന് അവര്‍ ചോദിക്കുന്നു. സമ്പൂര്‍ണ നിരോധനം ഒരു അമിത പ്രതികരണമാണെന്നാണു കരുതുന്നത്. ഇത് 1947നു മുമ്പുള്ള ആനക്കൊമ്പിന്റെ അധികൃത വില്‍പ്പന്യക്കു ഹാനികരമാകും. ഏതായാലും കരടുനിയമത്തിന്മേലുള്ള ചര്‍ച്ചകള്‍ ഈ വര്‍ഷം ഡിസംബര്‍ 29 വരെ നടക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: