യൂറോപ്പില്‍ വിഘടനവാദ സിദ്ധാന്തം പ്രബലമാകുന്നു: മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കാറ്റിലോണിയന്‍ പ്രക്ഷോഭം യൂറോപ്പിലെ മറ്റു രാജ്യങ്ങളും ഏറ്റെടുത്തേക്കുമെന്ന് മുന്നറിയിപ്പ്. യുറോപ്യന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ യൂണിയന്‍ കമ്മീഷണര്‍ ഇത്തരം ഒരു ഭീതി അംഗരാജ്യങ്ങളുമായി പങ്കുവെയ്ക്കുകയായിരുന്നു. യൂറോപ്പില്‍ ചില പ്രദേശങ്ങള്‍ക്ക് സ്വയം ഭരണം ആവശ്യപ്പെട്ടുകൊണ്ടുള്ള വിഘടനവാദ ആശയങ്ങള്‍ തലപൊക്കുന്നതായും ഇ.യു കമ്മീഷണര്‍ അന്റോണിയോ റജാനി വ്യക്തമാക്കി.

ഇറ്റലിയിലെ ലംബാര്‍ട്ടി, വെനിറ്റോ എന്നീ പ്രദേശങ്ങള്‍ സ്വയംഭരണാവകാശം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷണറുടെ മുന്നറിയിപ്പ്. സ്വയംഭരണം ആവശ്യപ്പെടുന്ന പ്രദേശങ്ങള്‍ സാമ്പത്തികമായി വളര്‍ച്ച കൈവരിച്ച പ്രദേശങ്ങളും കൂടിയാണ്. ഇത് വിഭജനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടി പ്രക്ഷോഭം നയിക്കപ്പെടുമ്പോള്‍ തീവ്രമായ വിഘടന ഗ്രൂപ്പുകളുടെ സ്വാധീനവും ഇത്തരം ആശയങ്ങള്‍ക്ക് പുറകിലുണ്ട്.

ലിബിയയില്‍ പൊട്ടിപ്പുറപ്പെട്ട അറബ് വസന്തം പടര്‍ന്ന് പന്തലിച്ച് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകളുടെ രൂപീകരണത്തിലേക്ക് വഴി വെച്ച കാര്യവും കമ്മീഷ്ണര്‍ അംഗരാജ്യങ്ങളെ ഓര്‍മിപ്പിച്ചു. സ്വതന്ത്ര പദവി ആഗ്രഹിക്കുന്ന പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഭീകര സംഘടനകള്‍ക്ക് വളരെ എളുപ്പമാണ്. യൂറോപ്പിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിക്കുന്ന ഭീകര സംഘടനകള്‍ യൂറോപ്പില്‍ ഇത്തരം ഒരു സ്ഥിതി വിശേഷം രൂപീകരിക്കപ്പെടാന്‍ കാത്തിരിക്കുകയാണ്.

യൂറോപ്പില്‍ അരാജകത്വം വിതച്ച് ആക്രമണ പരമ്പരകള്‍ സൃഷ്ടിക്കാനും ഭീകര സംഘടനകള്‍ക്ക് കഴിഞ്ഞേക്കും. നേരിട്ടുള്ള ആക്രമണം അസാധ്യമാകുന്ന പശ്ചാത്തലത്തില്‍ യൂറോപ്പില്‍ അസന്തുഷ്ടി സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനും ഇത്തരം സംഘടനകള്‍ ശ്രമിച്ചേക്കും. രാജ്യ താല്പര്യങ്ങള്‍ക്ക് എതിരായ ആശയപ്രചരണം വര്‍ധിപ്പിക്കുന്നത് ഒരു മുന്നറിയിപ്പ് ആയി കാണണമെന്ന് ഇ.യു കമ്മീഷ്ണര്‍ അംഗരാജ്യങ്ങള്‍ക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കി.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: