ജാഗ്രതൈ! ഐറിഷ് വാട്ടര്‍ റീഫണ്ടിങ്ങിന്റെ പേരില്‍ തട്ടിപ് സജീവം

ഡബ്ലിന്‍: ഐറിഷ് വാട്ടറിന്റെ പേരില്‍ വരുന്ന വ്യാജ സന്ദേശങ്ങളെ സൂക്ഷിക്കാന്‍ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. റീഫണ്ടിങ്ങിന് അര്‍ഹത ഉള്ളവരെ തേടിയെത്തുന്ന വ്യാജ ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശമുണ്ട്. സൈബര്‍ ലോകത്തെ ഫിഷിങ് എന്ന് അറിയപ്പെടുന്ന തട്ടിപ്പ് ആണിത്. ഇത്തരം സന്ദേശങ്ങളില്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് അറിയിച്ചുകൊണ്ടുള്ള പബ്ലിക് നോട്ടീസ് ഐറിഷ് വാട്ടര്‍ പുറത്ത് വിട്ടു.

ഐറിഷ് വാട്ടര്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കാറില്ല. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചവര്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് വാട്ടര്‍ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു. പകരം അത്തരം സന്ദേശങ്ങള്‍ ഉടനടി ഡിലീറ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ട്. ഫോണ്‍ സന്ദേശങ്ങളായും ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്ന് ഐറിഷ് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളും, പാസ്സ്വേര്‍ഡുകളും തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇത്തരം ഇ-മെയില്‍ സന്ദേശങ്ങള്‍ക്ക് പുറകില്‍ എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ 150-ല്‍ പരം ആളുകള്‍ക്ക് വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വാട്ടര്‍ റീഫണ്ടിങ്ങിന് അര്‍ഹതപ്പെട്ടവര്‍ ഇ-മെയില്‍ വഴി പേര്, മേല്‍വിലാസം, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യരുതെന്ന് ഐറിഷ് വാട്ടര്‍ പൊതുജന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട ഏതൊരു സംശയങ്ങള്‍ക്കും ഐറിഷ് വാട്ടറിന്റെ 1850 448 448 എന്ന നമ്പറുമായി ബന്ധപെടുക. അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും പുതിയ സൈബര്‍ തട്ടിപ്പ് ആണിത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വിശ്വസനീയമായ സ്ഥാപനങ്ങളുടെയോ, വ്യക്തികളുടെയോ പേരില്‍ ഇ-മെയില്‍ സന്ദേശം അയച്ച് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്ന സൈബര്‍ കുറ്റകൃത്യമാണ് ഫിഷിങ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: