മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ ഇന്ന് ഉച്ചക്ക് 12.30 തോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 88 വയസായിരുന്നു. ആറു തവണ എംഎല്‍എയായ ഇ ചന്ദ്രശേഖരന്‍ നായര്‍ മൂന്നു തവണ മന്ത്രിയായി. മൂന്നുതവണയും ഭക്ഷ്യവകുപ്പിന്റെ ചുമതല വഹിച്ച അദ്ദേഹമാണ് കേരളത്തില്‍ മാവേലിസ്റ്റോറുകള്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. റേഷന്‍ വിതരണം കേരളത്തില്‍ കാര്യക്ഷമമായതില്‍ മുഖ്യപങ്കും ഇ ചന്ദ്രശേഖരന്‍ നായര്‍ക്ക് അവകാശപ്പെട്ടതാണ്.

1952 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത ചന്ദ്രശേഖരന്‍ നായര്‍ പാര്‍ട്ടിയില്‍ പടിപടിയായി ഉയര്‍ന്ന് 1957 ലെ കേരളത്തിലെ ആദ്യനിയമസഭയില്‍ അംഗമായി. കൊട്ടാരക്കരയില്‍ നിന്നാണ് എംഎല്‍എയായത്. പിന്നീട് ഒരിക്കല്‍ കൂടി കൊട്ടാരക്കരയില്‍ നിന്ന് വിജയിച്ചെങ്കിലും മുഖ്യമന്ത്രിയായ സി അച്യുതമേനോന് നിയമസഭാംഗം ആകാനായി മണ്ഡലം ഒഴിയുകയായിരുന്നു. തുടര്‍ന്ന് ചടയമംഗലം മണ്ഡലത്തിലേക്ക് മാറിയ ഇ ചന്ദ്രശേഖരന്‍ അവിടെ നിന്നും പിന്നീട് പത്തനാപുരത്ത് നിന്നും ഒന്നിലധികം തവണ നിയമസഭാംഗമായി.

1980 ലെ ആദ്യ നായനാര്‍ മന്ത്രിസഭയില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായ അദ്ദേഹം തുടര്‍ന്ന് രൂപീകരിക്കപ്പെട്ട 1987 ലെയും 1996 ലെയും നായനാര്‍ മന്ത്രിസഭകളിലും സിപിഐയെ പ്രതിനിധീകരിച്ച് ഭക്ഷ്യമന്ത്രിയായി. ടൂറിസം, നിയമവകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

സിപിഐയുടെ ദേശീയനേതൃനിരയിലും പ്രവര്‍ത്തിച്ച അദ്ദേഹം രാഷ്ട്രീയത്തിലെ സൗമ്യമുഖത്തിന് ഉടമയുമാണ്. സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷനിലും അംഗമായിരുന്നു. മന്ത്രി, എംഎല്‍എ എന്നി നിലകളില്‍ മാത്രമല്ല അദ്ദേഹം മികവ് പുലര്‍ത്തിയത്. സംസ്ഥാനത്തെ തന്നെ മികച്ച സഹകാരികളില്‍ ഒരാളായാണ് ഇ ചന്ദ്രശേഖരന്‍ നായര്‍ അറിയപ്പെടുന്നത്. 27 വര്‍ഷം കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയര്‍മാനുമായിരുന്നു. നബാര്‍ഡ് രൂപീകരണത്തിന് മുന്നോടിയായി നിയോഗിക്കപ്പെട്ട റിസര്‍വ് ബാങ്ക് സമിതിയിലെ ഏക അനൗദ്യോഗിക അംഗവുമായിരുന്നു അദ്ദേഹം. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചശേഷം തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതം നയിച്ചുവരുകയായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: