പെട്രോള്‍ ഇനി ബിയറില്‍ നിന്നും ഉല്‍പാദിപ്പിക്കും; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍

 

ബിയര്‍ പാനം ചെയ്യുമ്പോഴുള്ള ഗുണങ്ങളെ കുറിച്ചു നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. അതു ഡിമെന്‍ഷ്യ, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയെ തടയുമെന്നും ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തിയ കാര്യം തന്നെയാണ്. മണ്‍പാത്രങ്ങള്‍ മിനുക്കാന്‍, കട്ടിയുള്ള കറ നീക്കം ചെയ്യാന്‍, അഗ്‌നി ശമിപ്പിക്കാന്‍ എന്നിവയ്ക്കും ബിയര്‍ ഉപയോഗിക്കുന്നുണ്ടെന്നത് ഒരു കൗതുകമായിരിക്കും. എന്നാല്‍ ഇപ്പോള്‍ ബിയറിനെ കുറിച്ച് കേള്‍ക്കുന്ന മറ്റൊരു കൗതുകം അത് ഊര്‍ജ്ജമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ്. ബിയര്‍ മുഖ്യ ചേരുവയായി ഉപയോഗിച്ചു പെട്രോള്‍ ഉല്‍പാദിപ്പിക്കാനുള്ള ആദ്യ ശ്രമം ശാസ്ത്രജ്ഞര്‍ ആരംഭിച്ചും കഴിഞ്ഞു.

കാറ്റലിസിസ് സയന്‍സ് & ടെക്നോളജി മാസികയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പെട്രോളിനു പകരമായി ഉപയോഗിക്കുന്നത് ബയോ എഥനോളാണെന്ന് ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളിലെ ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇതു ഒരിക്കലും പെട്രോളിന് അനുയോജ്യമെന്നു പറയാവുന്ന ബദലല്ല. കാരണം അതിനു കുറഞ്ഞ ഊര്‍ജ്ജ സാന്ദ്രത പോലുള്ള പ്രശ്നങ്ങളുണ്ട്. ഇതു വെള്ളത്തില്‍ വേഗം കലരുകയും മോട്ടോര്‍ വാഹനങ്ങളില്‍ ഉപയോഗിച്ചാല്‍ അവയുടെ എന്‍ജിനുകള്‍ തകരാറിലാവുകയും ചെയ്യും.

ബയോ എഥനോള്‍ എന്നത് ഒരു തരം റിന്യൂവബിള്‍ എനര്‍ജിയാണ് (പുനരുല്‍പ്പാദന ഊര്‍ജ്ജം). കാര്‍ഷിക രംഗത്തെ അസംസ്‌കൃത പദാര്‍ഥങ്ങളില്‍നിന്നും ഇവ ഉല്‍പാദിപ്പിക്കാനാവും. സാധാരണ വിളകളായ കരിമ്പ്, ചോളം, ഉരുളക്കിഴങ്, മരച്ചീനി തുടങ്ങിയവയില്‍നിന്നും ബയോ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനാവും. പെട്രോളിനു പറ്റിയ ബദല്‍ ഊര്‍ജ്ജമെന്നു പറയാവുന്നത് ബട്ടനോളാണ്. പക്ഷേ സുസ്ഥിര സ്രോതസ്സുകളില്‍നിന്നും ഇത് ഉല്‍പാദിപ്പിക്കുകയെന്നത് വളരെ പ്രയാസമാണ്. എഥനോള്‍ വ്യാപകമായി ലഭ്യമാകുന്നവയാണ്. നമ്മള്‍ കഴിക്കുന്ന മദ്യത്തില്‍ എഥനോളുണ്ട്. ഇതിനെ ബട്ടനോളായി പരിവര്‍ത്തനപ്പെടുത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി ബ്രിസ്റ്റോള്‍സ് സ്‌കൂള്‍ ഓഫ് കെമിസ്ട്രിയിലെ ശാസ്ത്രജ്ഞര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

മദ്യത്തിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോള്‍ എന്നതു യഥാര്‍ഥത്തില്‍ എഥനോളാണ്. പെട്രോളിനു ബദലായി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഊര്‍ജ്ജമായ ബട്ടനോളായി പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കുന്ന തന്മാത്രയും ഇതു തന്നെയാണെന്ന് പ്രഫസര്‍ ഡങ്കന്‍ വാസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ കീഴിലുള്ള ശാസ്ത്രജ്ഞരാണു പെട്രോളിനു ബദലായുള്ള ഊര്‍ജ്ജം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: