കൊടിയ ശൈത്യത്തിന്റെ പിടിയിലമര്‍ന്ന് അയര്‍ലന്‍ഡ്: ഊഷ്മാവ് മൈനസ് 10 ഡിഗ്രിയിലേക്ക്

 

ഡബ്ലിന്‍: ആര്‍ട്ടിക്കില്‍ നിന്നും കടന്നുവരുന്ന കൊടും ശൈത്യം അയര്‍ലണ്ടിനെ മൈനസ് 10 ഡിഗ്രിയിലെത്തിച്ചേക്കും. മഞ്ഞുമഴയെ നേരിടാന്‍ National Emergency Co-Ordination Group-ന്റെ നേതൃത്വത്തില്‍ വന്‍ ഒരുക്കങ്ങളാണ് തയ്യാറാക്കുന്നത്. 10 വര്‍ഷത്തിനിടയില്‍ രാജ്യം നേരിടുന്ന കൊടും തണുപ്പിനെ ഗൗരവപൂര്‍വ്വം സമീപിക്കണമെന്ന് കൗണ്ടി കൗണ്‍സിലുകള്‍ നിര്‍ദ്ദേശം നല്‍കി.

48 മണിക്കൂറിനുള്ളില്‍ വടക്ക്-കിഴക്കന്‍ ഭാഗങ്ങളില്‍ ഊഷ്മാവ് മൈനസ് ഡിഗ്രിയിലെത്തിച്ചേര്‍ന്നിരുന്നു. രാജ്യവ്യാപകമായി കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ടു. 7 കൗണ്ടികളില്‍ മെറ്റ് എറാന്റെ സ്പെഷ്യല്‍ ഓറഞ്ച് വാര്‍ണിംഗുകളും നിലവില്‍ വന്നു. യൂറോപ്പിനെ മുഴുവന്‍ കൊടും തണുപ്പിലേക്ക് നയിക്കുന്ന കാലാവസ്ഥാ പ്രതിഭാസം Polar Vortex-ന്റെ ഫലമാണെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ധ്രുവ പ്രദേശങ്ങളില്‍ കണ്ടുവരുന്ന കൊടും ശൈത്യമാണ് യുറോപ്പിലെത്തുക. ഭൂമിയുടെ അന്തരീക്ഷമണ്ഡലത്തിലുണ്ടാകുന്ന ലോപ്രഷര്‍ മേഖലകളെ ബാധിക്കുന്ന Polar Vortex-ന്റെ ഒരു ഭാഗം യൂറോപ്പിന്റെ ഭാഗത്തേക്ക് കടന്നുവരുന്നത് കൊടും തണുപ്പിന് കാരണമാകും. ആര്‍ട്ടിക്കില്‍ നിന്നും മഞ്ഞോടുകൂടി വീശിയടിക്കുന്ന കാറ്റിന്റെ സ്വാധീനം അത് ചെന്നെത്തുന്ന മേഖലകളില്‍ ഉയര്‍ന്നതോതിലുള്ള മഞ്ഞുവീഴ്ച്ചക്ക് കാരണമാകും.

റോഡും, വാഹനങ്ങളും, കെട്ടിടങ്ങളും മഞ്ഞില്‍ പൊതിഞ്ഞ് കിടക്കുന്ന കാഴ്ചയായിരിക്കും അയര്‍ലണ്ടില്‍ ഈ ആഴ്ച അനുഭവപ്പെടുക. ധ്രുവ മേഖലക്ക് തൊട്ടടുത്ത പ്രദേശത്ത് അനുഭവപ്പെടുന്ന അതേ ഊഷ്മാവ് തന്നെയായിരിക്കും അയര്‍ലന്‍ഡ് ഉള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ആഴ്ച പ്രകടമാവുന്നത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: