ഗര്‍ഭഛിദ്ര വിഷയത്തില്‍ നടക്കാനിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പ് അട്ടിമറിക്കാതിരിക്കാന്‍ അയര്‍ലണ്ടില്‍ ഫെയ്സ്ബുക്കിന്റെ പുതിയ ടൂള്‍

ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിയമത്തില്‍ മാറ്റം വരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായി അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന അഭിപ്രായവോട്ടെടുപ്പിന് മുന്നോടിയായി ഫെയ്സ്ബുക്ക് പുതിയ ടൂള്‍ രാജ്യത്ത് അവതരിപ്പിച്ചു. കേബ്രംജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കാനഡയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ട്രാന്‍സ്പാരന്‍സി ടൂള്‍ ആണ് ഫെയ്സ്ബുക്ക് അയര്‍ലണ്ടില്‍ അവതരിപ്പിച്ചത്.

ഒരു ഫെയ്സ്ബുക്ക് പേജ് പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ ഏതെല്ലാം ആണെന്ന് ഉപയോക്താക്കള്‍ക്ക് എളുപ്പം കണ്ടെത്താനുള്ള ടൂള്‍ ആണിത്. ഇതിനായി View Ads എന്ന പുതിയൊരു ബട്ടന്‍ ഫെയ്സ്ബുക്ക് പേജുകളില്‍ ലഭ്യമാവും. ഈ ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ആ ഫെയ്സ്ബുക്ക് പേജ് നടത്തിക്കൊണ്ടിരിക്കുന്ന പരസ്യ പ്രചാരണങ്ങള്‍ ഏതെല്ലാം ആണെന്ന് മനസിലാക്കാന്‍ സാധിക്കും. പരസ്യങ്ങളുടെ ആധികാരികത മനസിലാക്കാന്‍ സഹായിക്കുന്ന ടൂള്‍ ആണിത്. വരാനിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പില്‍’വിദേശ ഇടപെടലിനെ’ ഇല്ലാതാക്കാന്‍ പുതിയ പരസ്യ നിയന്ത്രണ ടൂള്‍ സഹായിക്കുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

ഫേയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി റഷ്യന്‍ ഏജന്‍സികള്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ച സംഭവം വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വ്യാജപരസ്യങ്ങളിലൂടെയും പോസ്റ്റുകളിലൂടെയും ജനകീയ വികാരം അട്ടിമറിക്കാന്‍ റഷ്യന്‍ ഏജന്‍സികള്‍ ശ്രമിക്കുകയായിരുന്നു.

ഈ സംഭവം അയര്‍ലണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആശങ്കയോടെയാണ് കണ്ടത്. ഏറെ നാളുകളായി രാജ്യത്ത് ഗര്‍ഭച്ഛിദ്ര നിരോധന നിയമം മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്. മേയില്‍ ഇതില്‍ അഭിപ്രായ വോട്ടെടുപ്പിന് ഒരുങ്ങുകയാണ് രാജ്യം. എന്നാല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള അട്ടിമറിയിലൂടെ ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള സാധ്യത അധികൃതര്‍ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് വഴിയുള്ള പരസ്യങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഫെയ്സ്ബുക്ക് പുതിയ ടൂള്‍ അവതരിപ്പിച്ചത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: