തെരേസയ്ക്കെതിരെ ആഞ്ഞടിച്ച് ഡി.യു.പി ; ബ്രെക്‌സിറ്റ് നടപടികള്‍ യുണൈറ്റഡ് അയര്‍ലണ്ടിലേക്ക് വഴി മാറിയേക്കുമെന്ന് സൂചന

ബെല്‍ഫാസ്റ്റ് : തെരേസ മെയ് സര്‍ക്കാരിനെ പിന്തുണച്ചുവന്ന വടക്കന്‍ അയര്‍ലന്‍ഡ് ഡി.യു.പി നേതൃത്വം മെയ്ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ബ്രെക്‌സിറ്റിന്റെ അവസാന നടപടികള്‍ പൂര്‍ത്തിയാകാനിരിക്കെ ബ്രിട്ടന്‍ വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് അര്‍ലീന്‍ ഫോസ്റ്റര്‍ മേയ്‌ക്കെതിരെ തിരിഞ്ഞത്. വടക്കിന് നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അയച്ചത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു.

യൂറോപ്പ്യന്‍ യൂണിയനുമായി നിലനില്‍ക്കുന്ന കസ്റ്റംസ് യൂണിയന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ ബ്രെക്‌സിറ്റുമായി മുന്നോട്ടു പോകരുതെന്ന മുന്നറിയിപ്പാണ് അര്‍ലീന്‍ ഫോസ്റ്റര്‍ ബ്രിട്ടനെ അറിയിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് നടപടികള്‍ക്ക് ഇതുവരെ കൂടെനിന്ന വടക്കന്‍ രാഷ്ട്രീയം ഇപ്പോള്‍ ആ പാതയില്‍നിന്നും മാറി ചിന്തിക്കുന്നതായാണ് സൂചന. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട നയപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ മെയ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നിരധി തവണ വടക്കന്‍ അയര്‍ലണ്ടില്‍ എത്തിയിരുന്നു. സോഫ്റ്റ് ബ്രെക്‌സിറ്റ് നയമാണ് മെയ് വടക്കിന് മുന്നില്‍ അവതരിപ്പിച്ചിരുന്നത്.

ബ്രിട്ടന്റെ യൂണിയന്‍ പിന്മാറ്റം നോര്‍ത്തേണ്‍ അയര്‍ലണ്ടിന് കാര്യമായ പരിക്ക് ഏല്‍പിക്കില്ലെന്നും മെയ്, ആര്‍ലീന്‍ ഫോസ്റ്റര്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രവൃത്തി തലത്തില്‍ വടക്കന്‍ അയര്‍ലന്‍ഡ് ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വടക്കിനെ സംബന്ധിച്ച് ഏറ്റവും പ്രധാനം അതിര്‍ത്തി പ്രശനങ്ങള്‍ തന്നെയാണ്. ബ്രെക്‌സിറ്റ് നടപ്പായാലും ഇ.യു വുമായുള്ള കസ്റ്റംസ് യൂണിയന്‍ ബന്ധം ബ്രിട്ടന്‍ തുടരുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ.

മേയുടെ വാഗ്ദാനത്തില്‍ നിന്നും വിപരീതമായി ഹാര്‍ഡ് ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് വടക്കിന് വന്‍ നഷ്ടങ്ങളാണ് വരുത്തിവെയ്ക്കുക. വടക്കിനെ ബാധിക്കുന്ന യൂണിയനുമായുള്ള കരാറുകളില്‍ ബ്രിട്ടന്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ആര്‍ലീന്‍ ഫോസ്റ്ററിനു എതിരെയുള്ള പ്രക്ഷോഭം ശക്തമായേക്കും.അങ്ങിനെ സംഭവിച്ചാല്‍ ഡി.യു.പി സര്‍ക്കാര്‍ ഭരണത്തില്‍ നിന്നും തൂത്തെറിയപ്പെടും.

ഒരു ഹിതപരിശോധന നടന്നാല്‍ വടക്കു- തെക്കന്‍ അയര്‍ലന്‍ഡുകള്‍ ഒന്നായേക്കുമെന്ന് ഡി.യു.പി നേതൃത്വം ഭയക്കുന്നുണ്ട്. വടക്കന്‍ അയര്‍ലണ്ടിലെ ഐറിഷ് വംശജരും യുണൈറ്റഡ് അയര്‍ലണ്ടിലെ പിന്താങ്ങുന്നവരാണ്. ഇതിനെ അനുകൂലിക്കുന്ന അയര്‍ലണ്ടിലെ സിന്‍ ഫിന്‍ പാര്‍ട്ടിയും ഇത്തരമൊരു സാഹചര്യം ഉപയോഗപെടുത്തിയേക്കും. അതുകൊണ്ടു തന്നെ ബ്രെക്‌സിറ്റിന്റെ കടുത്ത നിയമങ്ങളെ ഏതു വിധേനയും തടയുക മാത്രമാണ് ഡി.യു.പി സര്‍ക്കാരിന് മുന്നിലുള്ളത്.

എ എം

Share this news

Leave a Reply

%d bloggers like this: