അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്യാനൊരുങ്ങുന്നു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ നിയമങ്ങള്‍ പ്രകാരം കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനുളള നടപടികള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് സ്വീകരിച്ചതായാണ് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയത്.

ടെലികോം രംഗത്ത് നിന്ന് പൂര്‍ണമായി പിന്‍മാറി, റിയല്‍ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചിരുന്നു. ടെലികോം രംഗത്ത് വലിയ കടബാധ്യതയില്‍ അകപ്പെട്ട റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 2017 ജൂണ്‍ 2-നാണ് പല പ്രോജക്ടുകളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ 18 മാസം കഴിഞ്ഞിട്ടും ഒരു തരത്തിലും ലാഭമുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് കമ്പനി പാപ്പര്‍ നടപടികളിലേക്ക് കടക്കാന്‍ തീരുമാനിക്കുകയാണെന്നാണ് ഇപ്പോള്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വ്യക്തമാക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ആധിപത്യത്തോടെ നിലനിന്നിരുന്ന ടെലികോം രംഗത്ത് നിരക്കുകള്‍ ഗണ്യമായി കുറച്ച് വിപ്ലവമുണ്ടാക്കിയാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് സ്വാധീനം നേടിയത്. പക്ഷെ കൂടുതല്‍ കമ്പനികള്‍ മത്സരരംഗത്ത് വന്നതോടെ റിലയന്‍സിന് ചുവടുതെറ്റി. പിന്നീട് കടക്കെണിയിലേക്ക് കൂപ്പുകുത്തിയ കമ്പനി ഇപ്പോള്‍ റിലയന്‍സ് ജിയോയ്ക്ക് പല ഉപകരണങ്ങളും കൈമാറി രക്ഷപ്പെടാനുളള ശ്രമത്തിലാണ്.

 

 

 

Share this news

Leave a Reply

%d bloggers like this: