പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ; അതിര്‍ത്തിക്കപ്പുറത്തെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു; വര്‍ഷിച്ചത് 1000 കിലോ ബോംബ്

പുല്‍വാമ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് ഇന്ത്യന്‍ മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ബാലാക്കോട്ടില്‍ നടത്തിയ ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധു ഉള്‍പ്പെടെ നിരവധി പേരെ വകവരുത്താന്‍കഴിഞ്ഞു. പരിശീലനം കിട്ടിയ നിരവധി ഭീകരരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ സാധാരണക്കാര്‍ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറയുന്നു. അതേസമയം, നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഭീകരര്‍ക്കെതിരെ പാക്കിസ്താന്‍ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നും വിദേശകാര്യ സെക്രട്ടറി പറയുന്നു. വനത്തിലായിരുന്നു ആക്രമണം. ജന വാസ മേഖലയില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും എന്നാല്‍ ഭീകരര്‍ക്ക് കനത്ത നാശം വരുത്താന്‍ സാധിച്ചെന്നു് അദ്ദേഹം മിനിറ്റുകള്‍ മാത്രം നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. 50 കിലോമീറ്ററോളം കടന്നു ചെന്ന് നടത്തിയ ആക്രമണത്തില്‍ 1000 കിലോഗ്രാം ബോംബുകള്‍ വര്‍ഷിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഉപയോഗിച്ചത്. മൂന്ന് ഭീകര ക്യാമ്പുകളാണ് തകര്‍ത്തത്. പുല്‍വാമയില്‍ ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളും തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമയില്‍ 40 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നല്‍കിയത് ശക്തമായ പ്രത്യാക്രമണം. 21 മിനിറ്റ് മാത്രം നീണ്ടുനിന്ന അതിശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സേന പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയത്. പാക്ക് അധിനി വേശ കശ്മീരിന്റെ ഭാഗങ്ങളായ ചക്കോട്ടി, മുസഫറാബാദ്, ബരാക്കോട്ട് എന്നിവിടങ്ങളിലും ആക്രമണം നടത്തുകയായിരുന്നു. ജയ്‌ഷെ മൂഹമ്മദ് ഹിസ്ബുള്‍ മുജാഹീദീന്‍, ലഷ്‌കര്‍ ഇ തയ്ബ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം.

പുലര്‍ച്ചെ 3.45 മുതല്‍ 4.06 വരെയായിരുന്നു നടപടി. നിയന്ത്രണ രേഖ കടന്ന് പോയ വ്യോമ സേന മിറാഷ് വിമാനങ്ങള്‍ 3.45നും 3. 53 നും ഇടയിലായിരുന്നു ബലാക്കോട്ടില്‍ ആക്രമണം നടത്തിയത്. 3.48നും 3.55 നും ഇടയിലായിരുന്നു മുസഫറാബാദിലെ ആക്രമണം. 3.58 നും 4.04 നും ഇടയിലായിരുന്നു ചക്കോട്ടിയിലെ ആക്രമണം. ആയിരം കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു 12 മിറാഷ്, സുഖോയ് വിമാനങ്ങള്‍ പാകിസ്ഥാന്‍ പ്രദേശങ്ങളില്‍ മിന്നലാക്രമണം നടത്തിയത്. 200 മുതല്‍ 300 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ വര്‍ഷിച്ചത്. ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചുവെന്ന് പാകിസ്ഥാന്‍ അറിയിച്ചതിനു പിന്നാലെയാണ് ആക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നത്. ഇതേത്തുടര്‍ന്ന് നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ശക്തമായ വെടിവെപ്പ് നടത്തുകയാണ്. ഇന്ത്യന്‍ സേനയും തിരിച്ചടിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയും രജൗരി, പൂഞ്ച് ജില്ലകളിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പുണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: