അയര്‍ലണ്ടിലെ താപനില റെക്കോര്‍ഡിലേക്ക്… ഫെബ്രുവരിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ചൂടേറിയ ദിനം

ഡബ്ലിന്‍: ഫെബ്രുവരിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ചൂടേറിയ ദിനങ്ങളാണ് ഈ ആഴ്ചയില്‍ അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നതാണ്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഓരോ ദിവസം കഴിയുന്തോറും താപനിലയില്‍ ഉയര്‍ച്ച ഉണ്ടാകുന്നത്. ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതില്‍ ഏറ്റവും ചൂടേറിയ വാരാന്ത്യത്തിനാണ് അയര്‍ലണ്ട് സാക്ഷ്യം വഹിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത വാരവും താപനില ഉയര്‍ന്നു തന്നെ തുടരും. ഇന്ന് പല ഭാഗങ്ങളിലും 17 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. സാധാരണ ഫെബ്രുവരി മാസം അനുഭവപ്പെടുന്നതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ ചൂടെന്നതും ആഗോള താപനത്തിന്റെയും അതു മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെയും തീവ്രത വെളിപ്പെടുത്തുന്നതാണ് ഈ മാറ്റമെന്നും അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.

അയര്‍ലന്‍ഡിന് സമാനമായ കാലാവസ്ഥയിലൂടെയാണ് യുകെയും കടന്നുപോകുന്നത്. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ ദിനമാണ് ഇന്നലെ കഴിഞ്ഞതെന്ന് യുകെ മെറ്റ് ഓഫീസ് അറിയിച്ചു. അടുത്ത വാരത്തിലും ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ഉന്നതമര്‍ദ്ദം അയര്‍ലണ്ടിനെ ലക്ഷ്യംവച്ച് നീങ്ങുന്നതാണ് ഇപ്പോഴത്തെ ചൂടിനു കാരണമെന്നും മെറ്റ് ഐറാന്‍ അറിയിപ്പില്‍ പറയുന്നു. മഞ്ഞുകാലംകഴിയുന്നതിനു മുമ്പെ ഇതാണ് ചൂടെങ്കില്‍ വേനല്‍ക്കാലത്ത് എന്താകും അവസ്ഥയെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നു. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ഒഴിച്ച് നിര്‍ത്തിയാല്‍ രാജ്യത്ത് പൊതുവേ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

താപനില 16 ഡിഗ്രിക്കും മുകളിലെത്തിയതോടെ രാജ്യത്തെ ബീച്ചുകളിലും പാര്‍ക്കുകളിലും തിരക്കേറി. മൂടല്‍ മഞ്ഞിന്റെ സാന്നിധ്യം ഇല്ലാതായതോടെ രാവിലെ നടക്കാനിറങ്ങുന്നവരുടെയും, സൈക്കിള്‍ സവാരിക്കാരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. വേള്‍ഡ് മീറ്റിരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം കാലാവസ്ഥാ വ്യതിയാനം മുന്‍പില്ലാത്ത വിധത്തില്‍ പ്രഭാവം പ്രകടമാക്കുകയാണെന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ വര്‍ഷത്തെ ആദ്യത്തെ രണ്ട് മാസം യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ രേഖപ്പെടുത്തുന്ന താപനില മുന്‍ കണക്കുകളെല്ലാം വലിയ തോതില്‍ മാറ്റി മറിക്കാന്‍ സാധ്യതയുണ്ട്.

Share this news

Leave a Reply

%d bloggers like this: