ഇന്ത്യന്‍ പൈലറ്റ് പിടിയിലായ നിമിഷങ്ങളുടെ വിവരണവുമായി പാക് പത്രം

പാകിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധന്‍ പിടിയിലായ സമയത്ത് പ്രകടിപ്പിച്ചത് അസാമാന്യ ധീരതയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. പാക് അധീന കശ്മീരിലാണ് വിമാനം ചെന്നു പതിച്ചത്. തകര്‍ന്നുവീണ വിമാനത്തില്‍ നിന്ന് പൈലറ്റായ അഭിനന്ദ് വര്‍ധന്‍ ജീവനോടെ രക്ഷപ്പെട്ടെങ്കിലും വിമാനം നിലംപതിച്ചത് പാക് അധീന കശ്മീരിലായതിനാല്‍ പാക് സൈനികര്‍ അഭിനന്ദിനെ പിടികൂടി സുരക്ഷാ ഏജന്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ 8.45 നായിരുന്നു നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള പാക് ഗ്രാമമായ ഹോറയില്‍ ഇന്ത്യന്‍ വിമാനം തകര്‍ന്ന വീണതെന്ന് പ്രദേശവാസിയായ മുഹമ്മദ് റസാഖ് ചൗധരിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു അഗ്നിഗോളം താഴേക്ക് പതിച്ചതാണ് ആദ്യം ശ്രദ്ധയില്‍ പെട്ടതെന്നാണ് പ്രദേശവാസിയായ മുഹമ്മദ് പറയുന്നത്. പിന്നീട് ഒരു പാരച്യൂട്ട് താഴേക്കിറങ്ങി വരുന്നത് കണ്ടു. വീടിനു സമീപത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയായാണ് പാരച്യൂട്ടില്‍ വൈമാനികന്‍ ഇറങ്ങിയതെന്ന് മുഹമ്മദ് റസാഖ് പറഞ്ഞു.

ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടുകയായിരുന്നു. പാരച്യൂട്ട് വഴി താഴെയിറങ്ങിയ വൈമാനികന്‍ കൂടിനില്‍ക്കുന്ന യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്താനാണോ എന്ന് ചോദിച്ചു. കൂട്ടത്തിലൊരാള്‍ ഇത് ഇന്ത്യയാണെന്ന് മറുപടി നല്‍കി. താനാണ് യുവാക്കളെ വിളിച്ചുവരുത്തിയതെന്നും പാക് സൈനികര്‍ എത്തുന്നത് വരെ പൈലറ്റിനെ ഉപദ്രവിക്കരുതെന്നും എന്നാല്‍ തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടതായും മുഹമ്മദിനെ ഉദ്ദരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയാണെന്ന് മറുപടി കേട്ടതോടെ രാജ്യത്തിന്റെ ശ്ലോകം ചൊല്ലിയ അഭിനന്ദന്‍ ഇന്ത്യയിലെ ഏത് സ്ഥലമാണെന്ന് വീണ്ടും ചോദിച്ചു. തനിക്ക് സാരമായി പരുക്ക് പറ്റിയിട്ടുണ്ടെന്നും കുടിക്കാന്‍ അല്‍പം വെള്ളം നല്‍കാമോ എന്നും അഭിനന്ദന്‍ യുവാക്കളോട് ചോദിച്ചു. എന്നാല്‍ ഇന്ത്യന്‍ ശ്ലോകം കേട്ടതോടെ പ്രകോപിതരായ യുവാക്കള്‍ ‘പാകിസ്താന്‍ ആര്‍മി സിന്ദാബാദ്’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

കൂടിനിന്നവര്‍ അഭിനന്ദിനെ നേരെ കല്ലെറിയാന്‍ തുടങ്ങിയതോടെ അഭിനന്ദന്‍ കയ്യിലിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് മുകളിലേക്ക് വെടിവെച്ചു. പിന്നീട് അരകിലോമീറ്ററോളം ദൂരം പുറകിലേക്ക് ഓടുകയും ചെയ്തു. കല്ലുകളുമായി പിന്നാലെയെത്തിയ ആളുകള്‍ക്ക് നേരെ തോക്ക് ചൂണ്ടിയാണ് അഭിനന്ദന്‍ ഓടിയത്. ഇതിനിടെ പലതവണ ആകാശത്തേയ്ക്ക് നിറയൊഴിക്കുകയും ചെയ്തു. സമീപത്തെ ചെറിയ കുളം പോലെയുള്ള സ്ഥലത്തേക്കിറങ്ങിയ അഭിനന്ദന്‍ കയ്യിലുണ്ടായിരുന്ന എന്തൊക്കെയോ ഡോക്യുമെന്റ്സ് വെള്ളത്തില്‍ മുക്കിപ്പിടിക്കുകയും കുതിര്‍ത്തുകളയാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് മുഹമ്മദ് റസാഖ് പറയുന്നു.

പിന്നീട് തിരിച്ചുവന്ന അഭിനന്ദനോട് യുവാക്കള്‍ ആയുധം താഴെയിടാന്‍ ആക്രോശിച്ചു. പിസ്റ്റള്‍ മാറ്റിയ അഭിനന്ദന്‍ താന്‍ കൊല്ലപ്പെടരുതെന്ന് യുവാക്കളോട് ആവശ്യപ്പെട്ടുവെന്നും മുഹമ്മദ് റസാഖ് പറഞ്ഞു. കൂടിനിന്നവര്‍ ഈ സമയംകൊണ്ട് അഭിനന്ദനെ പിടിച്ചു നിര്‍ത്തുകയും ഇരുകൈകളും ബന്ധിക്കുകയും ചെയ്തു. രോഷാകുലരായ ചിലര്‍ ഇദ്ദേഹത്തെ ആക്രമിച്ചപ്പോള്‍ മറ്റുള്ളവര്‍ തടഞ്ഞു. ഈ സമയം കൊണ്ട് പാക് സൈന്യം എത്തുകയും ആള്‍ക്കൂട്ടത്തിന്റെ കയ്യില്‍ നിന്ന് അഭിനന്ദനെ മോചിപ്പിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അവരയാളെ ക്രൂരമായി കൊല്ലുന്നതിന് മുന്‍പ് സൈന്യം എത്തിയതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും മുഹമ്മദ് റസാഖ് പ്രതികരിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത്രമേല്‍ സംഘര്‍ഷഭരിതമായ ഒരു സാഹചര്യമാണ് ഇന്ത്യന്‍ വൈമാനികന് നേരിടേണ്ടി വന്നത്. പിന്നീട് മിലിട്ടറി വാഹനത്തില്‍ അഭിനന്ദിനെ കൊണ്ടുപോയി. ഇന്ത്യന്‍ വൈമാനികനെ കസ്റ്റഡിയിലെടുത്ത് മിലിട്ടറി വാഹനം മുന്നോട്ട് നീങ്ങുമ്പോള്‍ റോഡിനിരുവശത്തും കൂടിനിന്ന ആളുകള്‍ ലോംഗ് ലിവ് പാകിസ്താന്‍, ലോംഗ് ലിവ് കശ്മീര്‍, ലോംഗ് ലിവ് പാകിസ്താന്‍ ആര്‍മി എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നും വാഹനത്തിന് നേരെ റോസ് ഇതളുകള്‍ എറിഞ്ഞുവെന്നും മുഹമ്മദ് റസാഖ് പറഞ്ഞുവെന്നും പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിടിയിലായ സമയത്ത് ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് ക്രൂരമര്‍ദ്ധനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പിന്നീട് പ്രചരിച്ചത്. രക്തമൊലിപ്പിച്ചുനില്‍ക്കുന്ന ഇന്ത്യന്‍ സൈനികന്റെ ചിത്രവും വീഡിയോയും പുറത്തുവിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇത് ജനീവ കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ഇന്ത്യ പാകിസ്താനെ അറിയിച്ചിരുന്നു. ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാകിസ്ഥാന്‍ ഇന്ത്യന്‍ വൈമാനികനായ അഭിനന്ദ് വര്‍ധനോട് കാണിച്ചില്ലെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: