ആശുപത്രികളിലെ നിയമ നിരോധനം: ആരോഗ്യമന്ത്രി രാജിവെയ്ക്കാന്‍ സമ്മര്‍ദ്ദമേറുന്നു; മൂന്ന് മാസം അയര്‍ലന്‍ഡ് കടന്നുപോകേണ്ടത് വന്‍ പ്രതിസന്ധിയിലൂടെ…

ഡബ്ലിന്‍: മൂന്ന് മാസത്തേക്ക് ഐറിഷ് ആശുപത്രികളില്‍ നിയമനനിരോധനം ഏര്‍പ്പെടുത്തിയ ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആരോഗ്യ വകുപ് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാല്‍ ആശുപത്രി നിയമനങ്ങള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് എച്ച്.എസ്.ഇ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ലിം വുഡിനെ രേഖാമൂലം അറിയിച്ചത് വന്‍ വിവാദങ്ങള്‍ക് തുടക്കമിട്ടു. നിയമന നിരോധനത്തിന്റെ കാരണങ്ങളില്‍ പ്രധാനം മുന്‍ വര്‍ഷത്തില്‍ റിക്രൂട്‌മെന്റുകള്‍ ധാരാളമായി നടത്തിയിരുന്നു എന്നതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആയിരത്തില്‍ താഴെ നേരിട്ടുള്ള നിയമനങ്ങള്‍ മാത്രമാണ് എച്ച്.എസ്.ഇ നടത്തിയതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ നിയമനങ്ങള്‍ക്ക് ശേഷവും ആരോഗ്യ ജീവനക്കാരുടെ കുറവ് നേരിടുന്നുണ്ട്. ഏജന്‍സി വഴി റിക്രൂട്‌മെന്റ് നടത്താന്‍ പരസ്യം നല്‍കിയ ഇനത്തില്‍ ആരോഗ്യ വകുപ്പിന് ചെലവേറിയിരുന്നു.

നേരിട്ടുള്ള നിയമനങ്ങള്‍ കുറച്ചും, ഏജന്‍സി ജീവനക്കാരുടെ എണ്ണം കൂട്ടിയും നടത്തിയ റിക്രൂട്‌മെന്റുകളാണ് ഇത്തരത്തിലൊരു നിയമന നിരോധനത്തിലേക്ക് ആരോഗ്യ വകുപ്പിനെ കൊണ്ടെത്തിച്ചതെന്ന് ലേബര്‍ പാര്‍ട്ടി വക്താവ് അലന്‍ കെല്ലി ആരോപണം ഉയര്‍ത്തി. കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ച 16 ബില്യണ്‍ യൂറോ വഴിവിട്ട് ചെലവാക്കിയതും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ലേബര്‍ പാര്‍ട്ടി രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തി. ഗുണമേന്മ ഇല്ലാത്ത ആരോഗ്യ ജീവനക്കാരെ നിയമിക്കുന്നതിലൂടെ ആരോഗ്യ വകുപ്പിന് കോടികളുടെ നഷ്ടമാണ് വരുത്തി വെച്ചതെന്ന് പ്രതിപക്ഷ അംഗങ്ങളും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

ഗര്‍ഭാശയ ക്യാന്‍സര്‍ കണ്ടെത്താന്‍ നടത്തുന്ന സ്മിയര്‍ ടെസ്റ്റില്‍ അപാകത പുറത്ത് വന്നതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സൗജന്യ നിരക്കില്‍ ടെസ്റ്റ് നടത്തേണ്ടി വന്നു. അതുപോലെ പോര്‍ട്ട് ലോയിസ് ആശുപത്രിയില്‍ ശിശു മരണങ്ങള്‍ വര്‍ധിച്ചതിനെ പേരില്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചാണ് അന്വേഷണം നടത്തിയത്. ഇതിനെല്ലാം ചെലവിടുന്നത് ആരോഗ്യവകുപ്പിന് ലഭിച്ച ബഡ്ജറ്റ് ഫണ്ടില്‍ നിന്നുമാണ്.

ആരോഗ്യ ജീവനക്കാരുടെ കൈപ്പിഴയില്‍ വന്‍ ചെലവാണ് നേരിടേണ്ടി വരുന്നത്. ആശുപത്രികളില്‍ തിരക്കേറി വരുന്ന പ്രതിസന്ധി ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ആശുപത്രി ബെഡ് ഇല്ലാത്തതിനെ തുടര്‍ന്ന് ലീമെറിക് ആശുപത്രിയിലെ വാര്‍ഡ് പൂട്ടിയത് ഉള്‍പ്പെടെ ഐറിഷ് ആരോഗ്യ രംഗം പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ നിയമന നിരോധനം കൂടി ഏര്‍പ്പെടുത്തുന്നത് ഉചിതമല്ലെന്ന് അറിയിച്ചുകൊണ്ട് ആരോഗ്യ മന്ത്രിക്ക് പ്രതിപക്ഷ അംഗങ്ങള്‍ പരാതികള്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

ആരോഗ്യ മേഖലയിലെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍ ലക്ഷക്കണക്കിന് യൂറോ ശമ്പളം കൈപ്പറ്റുന്ന എച്ച്.എസ്.ഇ-യിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ എന്തുകൊണ്ട് ആരോഗ്യ മന്ത്രി തയ്യാറാകുന്നില്ലെന്നും വന്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. എച്ച്.എസ്.ഇ-യിലെ ഉന്നതര്‍ വഴിവിട്ട് ചെലവിടുന്നത് നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കണമെന്ന് ഫിയാനഫോളും സിന്‍ഫിനും ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രിയുടെ ഈ ഒരു തീരുമാനം ഫൈന്‍ ഗെയ്ലിന്റെ അടിത്തറ ഇളക്കിയേക്കുമെന്നും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായങ്ങള്‍ ഉയരുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: