അയര്‍ലണ്ടിലെ ബീഫ് സമരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലേക്ക്….സമരം തുടരുന്നത് രാജ്യത്തെ കയറ്റുമതി രംഗത്ത് ആശങ്കകള്‍ ഉയര്‍ത്തുന്നു

ഡബ്ലിന്‍ : ബീഫ് കര്‍ഷകരും, ഫാക്ടറി ഉടമകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിക്കാത്തതിനാല്‍ അയര്‍ലണ്ടില്‍ ബീഫ് വ്യവസായം പ്രതിസന്ധിയില്‍. ബീഫിന് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില വളരെ കുറയുന്നതില്‍ പ്രതിഷേധിച്ചാണ് ഫാക്ടറികള്‍ക്കെതിരെ ഇവര്‍ സമരം സംഘടിപ്പിച്ചത്. മീറ്റ് പ്രോസസ്സിംഗ് സെന്ററുകള്‍ ഉത്പന്നം കയറ്റുമതി ചെയ്യുന്നതോടെ വന്‍ ലാഭം നേടുകയും, എന്നാല്‍ കര്‍ഷകര്‍ക്ക് തുച്ഛമായ വില നല്‍കുന്നു എന്നുമാണ് സമരക്കാരുടെ ആരോപണം.

രാജ്യത്തെ വിവിധ മീറ്റ് ഫാക്ടറികള്‍ക്ക് മുന്‍പില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചതോടെ ബീഫ് ക്ഷാമം വര്‍ധിക്കുമെന്നാണ് ആശങ്ക. അയര്‍ലണ്ടില്‍ നിന്നും യു കെ യിലേക്കാണ് ഇത് വന്‍ തോതില്‍ കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ സമരം രണ്ടാഴ്ച പിന്നിടുമ്പോള്‍ പല ഫാക്ടറികളും അടച്ചുപ്പൂട്ടാല്‍ ഭീഷണിയിലാണ്. ലോകത്തെ ഏറ്റവും നല്ല ഗോമാംസം ലഭിക്കുന്ന അയര്‍ലണ്ടിലെ ബീഫ് വ്യാവസായം വര്‍ഷങ്ങളായി വന്‍ ലാഭത്തിലാണ്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനമുള്ള ഒരു കയറ്റുമതി മേഖലകൂടിയാണിത്.

എന്നാല്‍ ഫാക്ടറികള്‍ക്കെതിരെ സമരം തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പോലും ഉത്പന്നം ഇല്ലാതായി തീര്‍ന്നേക്കാം. കൃഷി മന്ത്രി സമവായ ചര്‍ച്ചകള്‍ക്ക് ശ്രമം നടത്തിവരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവില്‍ 12 ഓളം ഫാക്ടറികള്‍ വ്യാവസായം നടക്കാത്തതിനാല്‍ അടച്ചുപൂട്ടി. തങ്ങള്‍ക്കു ലഭിക്കുന്നത് കുറഞ്ഞ വിലയാണെന്നും ഇത്തരത്തില്‍ ഫാമുകള്‍ നടത്താന്‍ കഴിയില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. ഐറിഷ് ഗോമാംസം വന്‍ തോതില്‍ ഇറക്കുമതി ചെയ്യാന്‍ ചൈനയും, ജപ്പാനും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളും താത്പര്യപെട്ടിരുന്നു. എന്നാല്‍ ഏതു സംബന്ധിച്ച തീരുമാനങ്ങള്‍ ഒന്നുമായില്ല.

നിലവില്‍ യൂറോപ്പ്, അമേരിക്കന്‍ രാജ്യങ്ങളില്‍ ഐറിഷ് മീറ്റ് കയറ്റുമതി ചെയ്യുന്നുണ്ട്. ബ്രെക്‌സിറ്റ് കൂടി നടപ്പാകുന്നതോടെ യു കെ യിലേക്കുള്ള കയറ്റുമതി അനിശ്ചിതത്വത്തില്‍ ആയേക്കാമെന്ന ആശങ്കയും ഈ വ്യാവസായം നേരിടുന്നുണ്ട്. അങ്ങനെയെങ്കില്‍ മീറ്റ് കയറ്റുമതിയ്ക്ക് താത്പര്യപ്പെടുന്നു രാജ്യങ്ങളുമായി ഉടന്‍ കരാറുകളും നടപ്പാകേണ്ടതുമുണ്ട്.

എന്നാല്‍ നിലവില്‍ സര്‍ക്കര്‍ സംവിധാങ്ങള്‍ അത്തരത്തിലുള്ള ഒരു കരാറുകളിലും എത്തിച്ചേര്‍ന്നിട്ടില്ല. ആഗോള തലത്തില്‍ മാന്ദ്യത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങുമ്പോള്‍ സാമ്പത്തിക മേഖലയിക്ക് ഉണ്ടാകുന്ന ചെറിയൊരു കോട്ടംപോലും സാമ്പത്തിക അസ്ഥിരതയ്ക്ക് വഴിമാറിയേക്കാം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: