ആനുകൂല്യത്തോടുകൂടിയുള്ള പാരന്റല്‍ അവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ നിയമം പ്രാബല്യത്തില്‍

ഡബ്ലിന്‍: മറ്റേര്‍ണിറ്റി, പറ്റേണിറ്റി അവധികള്‍ക്കും, ആനുകൂല്യങ്ങള്‍ക്കും പുറമെ പുതിയ രക്ഷിതാക്കള്‍ക്ക് അനുകൂല്യത്തോടെയുള്ള പാരന്റല്‍ അവധികള്‍ രണ്ടാഴ്ചവരെ നീട്ടുന്ന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ അനുകൂല്യങ്ങള്‍ക്കു പുറമെ രക്ഷിതാക്കള്‍ക്ക് ആഴ്ചയില്‍ 245 യൂറോ വീതം രണ്ടാഴ്ചത്തേക്ക് കൂടി അധികമായി ലഭ്യമാകും. കുഞ്ഞു ജനിച്ചു 6 മാസകാലത്തിനുള്ളില്‍ പിതാവിന് രണ്ടാഴ്ചക്കാലത്തേക്ക് അനുകൂല്യത്തോടെയുള്ള പറ്റേണിറ്റി ബെനിഫിറ്റ് നിലവിലുണ്ട്.

അതുപോലെ അമ്മയ്ക്ക് 26 ആഴ്ചയത്തേക്ക് മറ്റേര്‍ണിറ്റി അവധിയും ലഭിക്കുന്നുണ്ട്. അതിനു പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍. കുട്ടിയ്ക്ക് ഒരു വയസ്സാകുന്നവരെയുള്ള കാലാവധിയില്‍ രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ വേണമെങ്കിലും അനുവദിക്കപ്പെട്ട രണ്ടാഴ്ച നീളുന്ന പാരന്റല്‍ അവധിയാണ് ഇത്. അതായത് പുതിയ നിയമം അനുസരിച്ചു പിതാവിന് മൊത്തം 4 ആഴ്ചവരെ അനുകൂല്യത്തോടെയുള്ള പാരന്റല്‍ അവധിയും, അമ്മമാര്‍ക്ക് 28 ആഴ്ചവരെ നീളുന്ന മറ്റേര്‍ണിറ്റി അവധിയും, ബെനിഫിറ്റും ലഭ്യമാകും.

ഇത് കൂടാതെ അനുകൂല്യമില്ലാതെ രക്ഷിതാക്കള്‍ക്ക് കുഞ്ഞിന് ഒരു വയസ്സാകുന്നതുവരെ രണ്ടാഴ്ചതോളം അവധിയില്‍ പ്രവേശിക്കാനും നിയമവ്യവസ്ഥയുണ്ട്. അയര്‍ലണ്ടിലെ മറ്റേര്‍ണിറ്റി, പാറ്റെര്‍നിറ്റി അനുകൂല്യങ്ങളെ പൊതുവായ ഒരു പേരന്റല്‍ അവധി ആയി കണക്കാക്കണമെന്നും, ആനുകൂല്യങ്ങളും, അവധികളും വര്‍ധിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വളരെയധികം പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള പാരന്റല്‍ അവധികളാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടത്.

കുട്ടികളുടെ വളര്‍ച്ചയില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനും, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള മാനസിക ബന്ധം ശക്തമാക്കാനും ഉദ്ദേശിച്ചാണ് പുതിയ പ്രഖ്യാപനമെന്ന് സാമൂഹ്യവകുപ്പ് വ്യക്തമാക്കി. പിതാവിന്റെയും, മാതാവിന്റെയും കൂടെ വളര്‍ച്ചയുടെ ആദ്യഘത്തില്‍ സമയം ചെലവിടുന്നത് ജനിച്ച കുട്ടിയുടെ അവകാശമായി കണക്കാക്കുന്നതായും സാമൂഹിക നീതി വകുപ്പ് പ്രതികരണം നടത്തി. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ സ്വകാര്യ തൊഴില്‍ മേഖലയും ആശയകുഴപ്പത്തിലാണ്.

നിലവിലെ പാരന്റല്‍ അവധിയ്ക്ക് പുറമെ കൂടുതല്‍ അവധികള്‍ നല്കാന്‍ പല സ്ഥാപനങ്ങളും തയ്യാറായിട്ടില്ല. എന്നാല്‍ തൊഴില്‍ കേന്ദ്രങ്ങള്‍ ഈ നിയമങ്ങള്‍ അനുസരിക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പുതിയ പാരന്റല്‍ അവധി നല്‍കിയതുമായി ബന്ധപെട്ടു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ചില കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: