ആന്ധ്രാ അരി, തമിഴ്നാട് പച്ചക്കറി, കർണാടക ആശുപത്രി, പണിയ്ക്ക് ബംഗാളി. നമ്പർ 1 കേരളം?

അരി ആന്ധ്ര തരണം, പച്ചക്കറി തമിഴ്നാട് തരണം, ആശുപത്രിക്ക് കർണാടകയെ ആശ്രയിക്കണം, ഉന്നത വിദ്യാഭ്യാസത്തിന് ഈ മൂന്ന് സംസ്ഥാനങ്ങളും വേണം, ജോലി അറബി തരണം, ജോലി ചെയ്യാൻ ബംഗാളി വരണം, പൈസ കേന്ദ്രം തരണം, എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സർക്കാർ ഉദ്യോഗസ്ഥർ അങ്ങോട്ട് ശമ്പളം കൊടുക്കണം; ഇത്രയും കിടിലൻ സെറ്റപ്പുള്ള ഒരു  നമ്പർ 1 സ്ഥലം ലോകത്ത് വേറെ കാണില്ല.

ആധുനിക ലോകത്തിന്റെ പ്രവർത്തനത്തെപ്പറ്റി ഒന്നും അറിയാത്ത സാധുമനുഷ്യർ ഇങ്ങനെ ചിന്തിക്കുന്നതിൽ അത്ഭുതമില്ല. പക്ഷെ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നു നമ്മുക്ക് പരിശോധിക്കാം

– കേരളം എന്ന ഈ ജനസാന്ദ്രതയേറിയ മലകളും വനവും തീരപ്രദേശവും നിറഞ്ഞ കൊച്ചു സംസ്‌ഥാനം ആവശ്യമായതെല്ലാം ഉത്പാദിപ്പിക്കണം എന്നു ശഠിക്കുന്നത് ശരിയാണോ? ഇങ്ങനെ ഉൽപാദിപ്പിക്കാൻ ശ്രമിച്ചാൽ അതിനു നല്കേണ്ടിവരുന്ന വില എത്ര ഭീകരമായിരിക്കും? വനങ്ങൾ നശിപ്പിച്ചും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചും ഉഷ്ണമേഖലാ കീടങ്ങളെ തുരത്താൻ വല്യതോതിൽ രാസപ്രയോഗം നടത്തിയും ചിലപ്പോൾ അരിയും പച്ചക്കറിയും ഉണ്ടാക്കാൻ പറ്റിയേക്കാം. പക്ഷെ അതിന്റെ ആവശ്യം ഇപ്പോൾ ഇല്ല. കേരളത്തിന്റെ ശക്തി മാനവവിഭവ ശേഷിയാണ്. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതല്ലേ നല്ലതു? ലോകത്തിനു മുഴുവൻ നേഴ്‌സുമാരെ സംഭാവന ചെയ്യുന്ന, ഇന്ത്യയിലെമ്പാടും വൈറ്റ് കോളർ ജോലിക്കാരെ സംഭാവന ചെയ്യുന്ന കേരളത്തിന് ഏറ്റവും ഇണങ്ങുന്ന കയറ്റുമതി മാനവവിഭവശേഷി തന്നെയല്ലേ?

– ആധുനിക ലോകത്തു സ്വയം പര്യാപ്തതയ്‌ക്കു ശ്രമിക്കേണ്ടതുണ്ടോ എന്നതാണ് അടുത്ത ചോദ്യം. ഒരു സംസ്‌ഥാനം ഒരിക്കലും അതിനു ശ്രമിക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. ആന്ധ്രയും തമിഴ്‌നാടും ഒക്കെ നമ്മുടെ രാജ്യത്തുതന്നെയല്ലേ? അവർക്കവശ്യമുള്ളത് നമ്മൾ നൽകിയും നമുക്കാവശ്യമുള്ളത് അവർ നൽകിയും എല്ലാ സംസ്‌ഥാനങ്ങൾക്കും മുന്നോട്ടു പോകാമല്ലോ. നമ്മുടെ വീട്ടിലെ കാര്യം തന്നെ എടുക്കാം. സ്വയം പര്യാപ്തത നേടുന്നതിനായി എല്ലാ വീട്ടിലും ഓരോ പശുവിനെയും കുറെ കോഴികളെയും കുറെ കൃഷിയും ഒക്കെ ചെയ്യാൻ നിർബന്ധിതരായി എന്നു കരുതുക. പിന്നെ ആ വീട്ടിലുള്ളവർക്കു സ്പെഷ്യലൈസെഷൻ സാധ്യമാകുമോ? അതായത് ഈ പണിയൊക്കെ കഴിഞ്ഞിട്ടു അവിടുന്നൊരു ശാസ്ത്രജ്ഞനോ ഡോക്ടറോ ഉണ്ടാവുമോ? സാധിക്കില്ല. ഓരോരുത്തരും അവനവനു താൽപര്യവും കഴിവുമുള്ള മേഖലയിൽ പ്രവർത്തിച്ചെങ്കിൽ മാത്രമേ പുരോഗതി കൈവരിക്കാനാവൂ. എല്ലാരും എല്ലാ പണിയും ചെയ്യാൻ തുനിഞ്ഞാൽ ആർക്കും കാര്യമായ പുരോഗതി കൈവരിക്കാനാവില്ല. ഇതുപോലെ തന്നെയാണ് സംസ്‌ഥാനങ്ങളും. ഇവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങളാണ് കേരളത്തിൽ ചെയ്യേണ്ടത്. ഇപ്പറഞ്ഞപോലുള്ള വല്യ കൃഷി നടത്താനൊന്നും പറ്റിയ സാഹചര്യങ്ങൾ കേരളത്തിൽ ഇല്ല എന്നതാണ് സത്യം. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയും അതോടൊപ്പമുണ്ടായ ജാതിസമവാക്യങ്ങളുടെ തകർക്കലും അതിലൂടെയുണ്ടായ ഉയർന്ന കൂലിയും ചെറിയ കൃഷിസ്ഥലങ്ങളും ഒക്കെ ചേർത്തു വായിച്ചാൽ എന്തു കൊണ്ട് കൃഷി കേരളത്തിൽ ഉത്തരേന്ത്യൻ രീതിയിൽ നടപ്പിലാവില്ല എന്നു കാണാം.

– അന്താരാഷ്ട്രതലത്തിൽ പോലും എല്ലാ രാജ്യങ്ങളും എല്ലാം ഉത്പാദിപ്പിക്കുന്നില്ല. സിംഗപ്പൂരിൽ കൃഷിപോയിട്ടു താമസിക്കാൻ പോലും കഷ്ടിച്ചാണ് സ്ഥലം. അറബ് രാജ്യങ്ങളിൽ വല്യ തോതിലുള്ള കൃഷിനടക്കുന്നുണ്ടോ? എന്തിനേറെ, നമ്മുടെ രാജ്യമായ ഇന്ത്യയിൽ പോലും അടിസ്‌ഥാന ആവശ്യമായ ഡീസൽ പെട്രോൾ എന്നിവയ്ക്കവശ്യമായ എണ്ണ പുറത്തുനിന്നാണ് കൊണ്ടുവരുന്നത്. പറഞ്ഞുവരുന്നത് ആധുനിക ലോകത്തു സ്വയംപര്യാപ്തത എന്നത് രാജ്യത്തിന്റെ തലത്തിൽ പോലും അസാധ്യമായ കാര്യമാണെന്നാണ്, പിന്നെയല്ലേ ഈ കൊച്ചു സംസ്‌ഥാനം.

-കേരളീയർക്ക് ജോലി പുറത്തു പോയി കണ്ടെത്തണം എന്നത് വലിയ പരിധി വരെ ശരിയാണ്. അതിനു കാരണം ഇവിടുത്തെ വിദ്യാഭാസ മേഖലയുടെ വളർച്ചയാണ്. എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം നല്കിയെങ്കിലും അത്രയും പേർക്ക് വിദ്യാഭ്യാസത്തിനാനുപാതികമായ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാൻ കേരളത്തിനായിട്ടില്ല. അങ്ങനെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വലിയ വ്യാവസായിക വളർച്ചയ്ക്കാവശ്യമായ പ്രകൃതിവിഭാവങ്ങളൊന്നും ഇവിടെയില്ല. പിന്നെ പുതിയ ലോകത്തിന്റെ വ്യവസായമായ ടെക്നോളജി, ലോജിസ്റ്റിക്‌സ് തുടങ്ങിയവയിൽ ഒരു മുന്നേറ്റം സാധ്യമായേക്കാം. എന്തുതന്നെയാണെങ്കിലും വിദ്യാഭ്യാസം നേടി പുറത്തുപോയി ജോലി ചെയ്യുന്നതാണ് വിദ്യാഭ്യാസം നേടാത്തതിനെക്കാൾ നല്ലതു. കേരളത്തിൽ സ്ത്രീകളും പുരുഷന്മാരോടൊപ്പം തന്നെ വിദ്യാഭ്യാസം നേടുന്നത് നമുക്ക് പുത്തരിയല്ല, എന്നാൽ വടക്കേ ഇന്ത്യയിൽ സ്ത്രീകൾ അത്രത്തോളം വിദ്യാഭ്യാസം നേടാത്തതുകൊണ്ടു ജനസംഖ്യയുടെ നേർപകുതിയോളം വരുന്ന സ്ത്രീകൾ തൊഴിൽ മേഖലയിലെ മത്സരത്തിൽ നിന്നൊഴിവാകുന്നത് കാണാം. അതിലും നല്ലതു എല്ലാവരും വിദ്യാഭ്യാസം നേടിയിട്ടു ചിലർ പുറത്തു പോയി തൊഴിൽ തേടുന്നതല്ലേ?

– ജോലി ചെയ്യാൻ ബംഗാളികൾ കേരളത്തിൽ വരുന്നത് ഏറ്റവും നല്ല കാര്യമല്ലേ? അവരില്ലായിരുന്നെങ്കിൽ ഇവിടുത്തെ ബ്ലൂ കോളർ തൊഴിലുകൾ ആരു ചെയ്യും? ഇവിടെ ഉള്ളവർക്ക് വിദ്യാഭ്യാസം നൽകി അവരെ വൈറ്റ് കോളർ തൊഴിലാളികളാക്കിയപ്പോൾ സംഭവിച്ച സ്വാഭാവിക മാറ്റമാണ് ഈ തൊഴിൽ ചെയ്യാൻ പുറത്തുനിന്നും മറ്റുള്ളവർ വരുന്നത്. ഇതിൽ കുണ്ഠിതപ്പെടാനൊന്നുമില്ല.

-പൈസ കേന്ദ്രം തരണം എന്നു പറയുമ്പോൾ അതു കേന്ദ്രത്തിന്റെ ഔദാര്യമല്ല അതു കേരളത്തിന്റെ അവകാശമാണ് എന്നു തിരിച്ചറിയണം. കേരളത്തിൽ നിന്നും കേന്ദ്ര സർക്കാർ ഓരോ വർഷവും ഇൻകം ടാക്‌സ്, സെൻട്രൽ എക്‌സൈസ്, ജി.എസ്.ടി എന്നിങ്ങനെ അനേകം നികുതികളിലൂടെ പിരിച്ചെടുക്കുന്ന തുകയുടെ ഒരു വിഹിതമാണ് കേരളത്തിന് തിരിച്ചു നൽകുന്നത്. അതായത് ആ പണം ഇവിടുന്നു തന്നെ പിരിച്ച പണത്തിന്റെ ഒരു വിഹിതം മാത്രമാണ്. കേരളം ഒരു നെറ്റ് ടാക്‌സ് നെഗറ്റീവ് സംസ്‌ഥാനമാണ്, അതായത് കേരളം ഇന്ത്യക്കു നൽകുന്ന ടാക്‌സ് വിഹിതത്തെക്കാൾ കുറവാണ് കേരളത്തിന് ഇന്ത്യയിൽ നിന്ന്‌ ലഭിക്കുന്നത്. ഇതിൽ ആർക്കും പരാതിയില്ല, കാരണം ബീഹാറിലെ കുഞ്ഞുങ്ങളുടെ ഉച്ചക്കഞ്ഞിയും മധ്യ പ്രദേശിലെ ഗ്രാമവാസികൾക്കുള്ള കക്കൂസും പണിയാൻ അവിടുത്തെ നികുതിപ്പണം തികയില്ല. അതുകൊണ്ടു കേന്ദ്ര സർക്കാർ കേരളം പോലെയുള്ള വികസനത്തിൽ മുന്നിട്ടു നിൽക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നും ഉള്ള നികുതിപ്പണം കുറച്ചു അങ്ങോട്ടു നൽകിയേ തീരൂ. ഒരു രാജ്യമെന്നുള്ള നിലയിൽ ഒന്നിച്ചു മുന്നേറാൻ ഇതാവശ്യമാണ്. ഇന്ത്യയുടെ ഭാഗമെന്നുള്ള നിലയിൽ പലതലങ്ങളിലെ സുരക്ഷിതത്വം കേരളത്തിന് പകരമായി ലഭിക്കുകയും ചെയ്യുന്നു.

-മേൽപ്പറഞ്ഞ സുരക്ഷിതത്വത്തിന്റെ പരിധിയിൽ വരുന്നതാണ് സാമ്പത്തിക സുരക്ഷിതത്വവും. വെള്ളപ്പൊക്കം വരുമ്പോഴും മഹാമാരി വരുമ്പോഴും കേരളത്തിനാവശ്യമായ പണവും സുരക്ഷിതത്വവും കേരളത്തിന് കേന്ദ്രം നൽകും. എന്നാൽ കേന്ദ്രത്തിനു പോലും പലപ്പോഴും ഇതിനു സാധിക്കാതെ വരുമ്പോഴാണ് കേരളത്തിന് സാലറി ചലൻജ് പോലുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുന്നത്.

-പരാശ്രയം പരാജയമാണെന്നുള്ള മിഥ്യാധാരണ ഇനിയെങ്കിലും നമുക്ക് മാറ്റാം. ആധുനികലോകം പരസ്പരം സഹായിച്ചു അതിലൂടെ മുന്നേറ്റം നേടാനാണ് ശ്രമിക്കുന്നത്. അതിൽ നാണക്കേടൊട്ടും തന്നെ ഇല്ല; എന്നാൽ എല്ലാ മേഖലകളിലും പ്രത്യേകിച്ചു ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഉയർത്തുന്ന കേരളാ മോഡലിൽ അഭിമാനിക്കാനേറെയുണ്ട് താനും.

Share this news
%d bloggers like this: