കോവിഡ് -19: ഐറീഷ് അതിർത്തി പ്രദേശങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻവർധനവ്

അയർലണ്ടിലെ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. നിലവിൽ കൗണ്ടി കവാനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. അതിർത്തി പ്രദേശങ്ങളിലും രോഗബാധിതരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് ഡബ്ലിനിലാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ കാവാനിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗ വ്യാപന നിരക്ക്.

കവാനിലെ ഒരു ലക്ഷം ആളുകളെ പരിഗണിച്ചാൽ അതിൽ 753.5 പേർ രോഗബാധിതരാണ്. ഡബ്ലിനിൽ ഇത് 684.6 ആണ്. കൗണ്ടി മോനാഘനിൽ ഇത് 570.2 ഉം കൗണ്ടി ലോത്തിൽ ഇത് 463.2 ഉം ആണ്. ഈ പ്രദേശങ്ങളിലൊക്കെയും വൈറസ്‌ വ്യാപനം വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ട്‌.

അയർലണ്ടിന്റെ വടക്കുകിഴക്കൻ അതിർത്തി പ്രദേശങ്ങളിലെ എട്ട് കൗണ്ടികളിൽ ഏഴെണ്ണത്തിലും കോവിഡ് കേസുകൾ വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ കൗണ്ടി മയോയിൽ കേസുകളുടെ എണ്ണം (333.3) മറ്റ് കൗണ്ടികളെ അപേക്ഷിച്ച് കുറവാണ്.

സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ പകുതിയും ഡബ്ലിനിലാണ്. 9,224 പേർക്കാണ് ഈ പ്രദേശത്ത്‌ രോഗം സ്ഥിരീകരിച്ചത്. കോർക്കിൽ 6% പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് -19 ബാധിച്ച് 23 വയസ്സുകാരൻ മരണമടഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണവും ഇതാണ്. രാജ്യത്ത് വൈറസ്‌ബാധ മൂലം മരണമടഞ്ഞവരിൽ 92% പേരും 65 വയസ്സിനു മുകളിലുള്ളവരാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരാശരി പ്രായം 83 വയസാണ്.

Share this news

Leave a Reply

%d bloggers like this: