ദക്ഷിണ മൂകാംബികാ കലാമണ്ഡപത്തിൽ പാടി വൈറലായി ഗ്രേസ് മരിയ

ഡബ്ലിൻ: കോവിഡ് കാലത്ത് പനച്ചിക്കാട് ദക്ഷിണ മൂകാംബികാ കലാമണ്ഡപത്തിൽ പാടിയ ഒരൊറ്റ ദേവീസ്തുതിയിലൂടെ വൈറലായിരിയ്ക്കുകയാണ് അയർലണ്ടിലെ ഗ്രേസ് മരിയ. ‘ഹംസയുക്ത വിമാനധാരിണി അംബികേ ജഗദംബികേ’ എന്ന കല്ല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തി, കലാമണ്ഡപത്തിൽ ഗ്രേസ് മരിയ ആലപിച്ച വീഡിയോ നിരവധി ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് ഇതിനോടകം തന്നെ ആയിരകണക്കിന് വ്യൂവേഴ്‌സും നൂറുകണക്കിന് അനുകൂല കമന്റുകളുമാണ് ലഭിച്ചിരിയ്ക്കുന്നത്.

വളരെ ഇമ്പമാർന്ന ഗ്രേസിന്റെ ആലാപനത്തോടൊപ്പം പിതാവ് ബെന്നിയുടെ തബലയിലെ ചാപ്പ്‌ താളവും കൂടി ചേർന്നപ്പോൾ ഒന്നിനൊന്ന് മികച്ചതായി ഈ വീഡിയോ. മലയാളം പഠിച്ചിട്ടില്ലാത്ത ഈ കുട്ടിയുടെ ഉച്ചാരണ ശൈലിയും അക്ഷര സ്ഫുടതതയും ഏവരെയും അതിശയിപ്പിക്കുകയും ചെയ്തു. മംഗള സ്കൂൾ ഓഫ് കർണ്ണാട്ടിക്ക് മ്യൂസിക്കിൽ മംഗളാ രാജേഷിന്റെ കീഴിൽ സംഗീതം അഭ്യസിച്ചുകൊണ്ടിരിക്കുന്ന ഈ കൊച്ചുമിടുക്കി ഇതിനോടകം തന്നെ നൃത്തം,മലയാളം പദ്യം ചൊല്ലൽ,മോണോ ആക്ട്, കളറിംഗ്, കീബോർഡ് എന്നിവയിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.സ്വിറ്റ്‌സർലണ്ടിൽ നടന്ന കേളികലാമേളയിൽ ഫാ: ആബേൽ മെമ്മോറിയൽ പുരസ്കാരവും,വേൾഡ് മലയാളി കൗൺസിൽ അയർലണ്ടിൽ നടത്തിയ നൃത്താഞ്ജലിയിൽ നിരവധി തവണ കലാതിലകവും,2 തവണ MIND kids fest ICON ആയും, ജി.വേണുഗോപാൽ നേതൃത്വം നൽകിയ വോയ്‌സ് ഓഫ് അയർലണ്ട് ടാലന്റ് ഹണ്ടിൽ ജേതാവായതും ഈ കുട്ടിയുടെ നേട്ടങ്ങളുടെ പട്ടികയിൽ എടുത്തു പറയാവുന്നത് തന്നെയാണ്.

കർണ്ണാടക സംഗീതത്തിലും,ശാസ്ത്രീയ നൃത്തത്തിലും,കീബോർഡിലും ഇനിയും കൂടുതൽ കാര്യങ്ങൾ പഠിക്കാനാണ് ഗ്രേസിന്റെ ആഗ്രഹവും അതിനായുള്ള തുടർ ശ്രമത്തിലുമാണ്.തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയായ ബെന്നിയുടേയും വിൻസിയുടേയും മൂത്തമകളായ ഗ്രേസ്, ലൂക്കൻ വില്ലേജിലെ സെന്റ് മേരീസ് സ്‌കൂളിൽ അഞ്ചാം സ്റ്റാൻഡേർഡിലാണ് പഠിയ്ക്കുന്നത്. ഡബ്ലിൻ ഫീനിക്‌സ് പാർക്കിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ നേഴ്സായ വിൻസി വീട്ടിൽ ഐസലേഷനിൽ കഴിയുന്നതിനിടയിലാണ് പനച്ചിക്കാട് ദക്ഷിണ മൂകാംബികാ കലാമണ്ഡപത്തിൽ പങ്കുചേരാൻ മകൾക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകിയതും, വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ബെന്നിയുടെ തബലയിലുള്ള കഴിവ് പൊടിതട്ടിയെടുത്തതും കോവിഡ് കാലത്തെ കലോപാസനയിലൂടെ ഇപ്പോൾ വൈറലായതും.

https://www.facebook.com/benny.jose.56/videos/2050886705047196

കോവിഡ് കാലത്ത് വീട്ടിലിരുന്ന്‌ പനച്ചിക്കാട് ദക്ഷിണ മൂകാംബികാ കലാമണ്ഡപത്തിൽ കലോപാസന നടത്താൻ ഇനിയും ആഗ്രഹിക്കുന്നവർ യൂറോപ്പ് കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്
കെ.ആർ.അനിൽകുമാർ:- 00353876411374

Share this news

Leave a Reply

%d bloggers like this: