കോർക്കിൽ കാർ നദിയിൽ വീണു : 2 യാത്രികർക്ക് ദാരുണാന്ത്യം

കാർ നദിയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ മരിച്ചു. മരിച്ച രണ്ടു പേരും 20-നും 40-നുമിടയിൽ പ്രായമുള്ള യുവാക്കളാണ്. കൗണ്ടി കോർക്കിലെ Glengariff-ന് സമീപത്താണ് അപകടം നടന്നത്. കാറിൽ സഞ്ചരിച്ചിരുന്ന നാലുപേരിൽ രണ്ടു പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.

മറ്റ് രണ്ടു പേരെയും ഉടൻ തന്നെ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. മറ്റൊരോളിന്റെ നില തൃപ്തികരമാണെന്നും ഗാർഡ അറിയിച്ചു.

അപകടം നടന്നയുടൻ ഗാർഡ സംഘം സ്ഥലത്തെത്തി തെളിവെടുപ്പുകൾ ആരംഭിച്ചു. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ഗാർഡ പുറത്തു വിട്ടിട്ടില്ല. ഫോറൻസിക് കൊളിഷൻ ഇൻവെസ്റിഗേറ്റിങ് സംഘവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തെളിവെടുപ്പ് നടക്കുന്നതിനാൽ സംഭവസ്ഥലത്തേക്കുള്ള റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.

സംഭവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതിന് അപകടത്തിന് സാക്ഷിയായവരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സമീപത്തെ CCTV, ഡാഷ്-ക്യാം ദൃശ്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടികളും ഗാർഡ സ്വീകരിക്കുന്നുണ്ട്.

അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ 02720860 എന്ന ബാൻട്രി ഗാർഡ സ്റ്റേഷൻ നമ്പറിലോ 1800 666 111 എന്ന ഗാർഡ കോൺഫിഡൻഷ്യൽ നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: