ശുചീകരണ വസ്തുക്കളിലും മായം: അൻപതിലധികം ഉൽപ്പന്നങ്ങൾ സ്കൂളുകളിൽ നിന്നും പിൻവലിക്കും, അയർലണ്ടിൽ സ്കൂൾ പ്രവർത്തനത്തെ ബാധിക്കുമെന്ന് വിമർശനം

സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി സ്കൂളുകളിൽ വിതരണത്തിന് എത്തിച്ച ശുചീകരണ ഉത്പന്നങ്ങളും പിൻ‌വലിക്കുന്ന.ഹാൻഡ് സാനിറ്റൈസർ ഉൾപ്പെടെ അൻപതിലധികം ഉൽപ്പന്നങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ തുടർന്ന് പിൻവലിച്ചത്. 

വിരാപ്രോയുടെ ഒരു ദശലക്ഷത്തിലധികം സാനിറ്റൈസറുകൾ ഉപയോഗത്തിൽ നിന്നും പിൻവലിച്ചിരുന്നു. ഉത്പന്നത്തിൽ മായം കണ്ടെത്തിയതിനെ തുടർന്ന് ഡിപ്പാർട്മെന്റ് ഓഫ്  അഗ്രിക്കൾച്ചർ ഫുഡ്‌ ആൻഡ് മറൈൻ ആണ് അവ പിൻവലിക്കുന്നതിനുള്ള ഉത്തരവ് നൽകിയത്.

വിരാപ്രോ സാനിറ്റൈസറിൽ മായം കണ്ടെത്തിയതിനെ തുടർന്ന് മറ്റ് സാനിറ്റൈസറുകളിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ ഉത്പന്നങ്ങൾ പിൻവലിക്കാനുള്ള നീക്കം വിദ്യഭ്യാസവകുപ്പ് നടത്തിയത്.

സ്‌കൂളുകൾക്ക് നൽകിയ അറിയിപ്പ് അധ്യാപക യൂണിയനുകളിലും സ്‌കൂൾ മാനേജുമെന്റ് ഗ്രൂപ്പുകളിലും പ്രതിഷേധത്തിനും നിരാശയ്ക്കും കാരണമായി. തിങ്കളാഴ്ച വീണ്ടും സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പെട്ടെന്നുണ്ടായ ഈ നടപടി സ്കൂളിന്റെ പ്രവർത്തനങ്ങളെ സമ്മർദ്ദത്തിലാക്കുമെന്നാണ് ഇവരുടെ ആശങ്ക.

ലേബർ പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നതിന് ഇത് ഇടയാക്കി. കോവിഡ് പ്രതിസന്ധിയിലേക്ക് സ്കൂളുകളെ നയിക്കാൻ ഇത് ഇടയാക്കുമെന്നും പ്രവർത്തനം തുടരാൻ ഈ വകുപ്പ് അനുയോജ്യമാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും അവർ പറഞ്ഞു.

എന്നാൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനായി സമയബന്ധിതമായി തന്നെ സ്കൂളുകൾക്ക് സ്റ്റോക്ക് നൽകുന്നുമെന്നും ഇത് ഉറപ്പാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അംഗീകൃത ഉൽ‌പ്പന്നങ്ങളുടെ പട്ടികയിലെ മാറ്റങ്ങളെക്കുറിച്ചും പുതിയ സ്റ്റോക്ക് വാങ്ങുന്നതിന് അവർ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും അറിയിക്കുന്നതിനായി എല്ലാ സ്കൂളുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും വകുപ്പ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഓർഡറുകൾ വേഗത്തിൽ പ്രോസസ് ചെയ്യുന്നതിനും സ്കൂളുകളെ സഹായിക്കുന്നതിനും വിതരണക്കാർ പ്രതിജ്ഞാബദ്ധരാണ്. വകുപ്പ് നടത്തിയ അവലോകനത്തിൽ ചില കമ്പനികളുടെ രജിസ്ട്രേഷൻ നില തൃപ്തികരമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ 22 ഹാൻഡ് സാനിറ്റൈസർ, 14 വൈപ്പ്, 8 ഹാൻഡ് സോപ്പ്, 8 ഡിറ്റർജന്റ് എന്നിവ ഉൾപ്പെടെ അൻപതോളം ഉത്പന്നങ്ങൾ സ്കൂളുകൾക്കായി അംഗീകരിച്ച പട്ടികയിൽ നിന്ന് എടുത്തു മാറ്റുകയാണെന്ന് വകുപ്പ് അറിയിച്ചു.

രജിസ്ട്രേഷൻ നില സ്ഥിരീകരിക്കുന്നതുവരെ ഈ ഉൽ‌പ്പന്നങ്ങൾ‌ സ്കൂളുകൾ‌ക്കായുള്ള അംഗീകൃത പട്ടികയിൽ‌ ഉൾ‌പ്പെടുത്തില്ല. ഈ ഉൽപ്പന്നങ്ങൾ സുരക്ഷിതമല്ല എന്നതിന് തെളിവില്ല. എന്നാൽ ഇവ ഉപയോഗിക്കാൻ കഴിയുന്നവയാണെന്ന് പറയാൻ സാധിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അയർലണ്ടിലെ ബയോസിഡൽ ഉൽ‌പന്നങ്ങളുടെ റെഗുലേറ്റർമാരായ കൃഷി വകുപ്പുമായി കൂടിയാലോചിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി.

Share this news

Leave a Reply

%d bloggers like this: