സബ്ലിനിലെ ചികിൽസ സമ്പ്രദായം; കുഞ്ഞുങ്ങളുടെ ചികിൽസയിലെ അദൃശ്യച്ചെലവുകൾ സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറം

കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ വരുന്ന വൈദ്യേതര ആവശ്യങ്ങള്‍ക്കുള്ള അദൃശ്യ ചെലവുകളെ (Hidden costs) കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് Children in Hospital Ireland എന്ന സംഘടന.

യാത്ര:

പഠനത്തില്‍ പ്രതികരിച്ച 72% പേര്‍ക്കും ഇപ്പോഴല്ലെങ്കില്‍ മുന്പ് ഒരിക്കല്‍ ഡബ്ലിനിലെ ഏതെങ്കിലുമൊരു ചില്‍റന്‍സ് ഹോസ്പിറ്റലില്‍ കുഞ്ഞുങ്ങളെ അഡ്മിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഡബ്ലിന് പുറമെയുള്ള നിവാസികളാണെങ്കില്‍ അവര്‍ക്ക് ദീര്‍ഘദൂരം യാത്രചെയ്യണം. അതിനാല്‍ യാത്രച്ചെലവും കൂടുതലായിരിക്കും. പത്തില്‍ ഒന്‍പതുപേരും സ്വന്തം വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. രോഗികളായ കുട്ടികളുടെ കാര്യത്തില്‍ പൊതുഗതാഗതം സുരക്ഷിതമല്ലല്ലോ.

ദീര്‍ഘദൂര യാത്രയുടെ ഫലമായി വലിയ തോതിലുള്ള ഇന്ധനച്ചെലവ് വഹിച്ചാല്‍ മാത്രം പോരാ, ഭീമമായ മെയ്ന്‍റനെന്‍സ് ചെലവും സഹിക്കണം. ഒരു രക്ഷിതാവ് പറയുന്നു; തങ്ങള്‍ 11 മാസക്കാലയളവില്‍ സ്വഭവനത്തില്‍ നിന്ന്‍ ആശുപത്രിയിലേക്കും തിരിച്ചും ഓടിയ മൊത്തം ദൂരം 35000 കി.മീ ആണ്. ടയര്‍ മാറാന്‍ ചെലവ് € 640, കാര്‍ സര്‍വീസിന് €500.

പാര്‍ക്കിങ്:

പാര്‍കിങ് ചെലവും അവഗണിക്കപ്പെടാവതല്ല. ഉദാ: CHI Crumlin നില്‍ കാര്‍ ഒന്നിന് ആദ്യ രണ്ടു മണിക്കൂറിന് €2.40 ആണ്. 2 – 24 മണിക്കൂറുകള്‍ക്ക് €10 ചെലവുവരും. മാതാപിതാക്കള്‍/ രക്ഷകര്‍ത്താക്കള്‍ ഇവരൊക്കെ 10 ദിവസത്തേക്കു അടുപ്പിച്ച് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ സംഖ്യ എത്രയായി ?

താമസ സൗകര്യം:

പഠനവുമായി പ്രതികരിച്ചവര്‍ പറയുന്നതു വീട്ടില്‍ നിന്ന്‍ വിട്ടുനില്‍ക്കുന്ന ദിവസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, കുഞ്ഞിനോടൊത്ത് ആസ്പത്രിയില്‍ ചെലവഴിച്ച ദിയവസങ്ങള്‍ – ശരാശരി 45. ഭൂരിഭാഗം രക്ഷിതാക്കളും കുഞ്ഞുങ്ങളുടെ കൂടെ റൂമിലോ വാര്‍ഡിലോ ആയിരിയ്ക്കും. അതിനു പ്രത്യേകിച്ചു പണം ഈടാക്കുകയില്ല. മിക്ക വാറ്ഡിലും കുട്ടിയുടെ കട്ടില്‍ കൂടാതെ ഒരു എക്സ്ട്രാ ബെഡ് ഉണ്ടാകും. ഇല്ലെങ്കില്‍ തറയില്‍ കിടക്കാന്‍ ഒരു മേട്രസ് എങ്കിലും കാണും. എന്നാല്‍ എട്ടും പത്തും ആഴ്ചകള്‍ കുട്ടിയോടൊപ്പം ചെലവഴിക്കേണ്ടി വരുമ്പോള്‍ രണ്ടുപേര്‍ മാറി മാറി നില്‍ക്കേണ്ടി വരും. ഡബ്ലിന് വെളിയില്‍ താമസിക്കുന്ന ദാമ്പതികളുടെ കാര്യമെടുത്താല്‍ ഒരാള്‍ കുട്ടിയുടെ കൂടെ രാത്രിയില്‍ നില്‍ക്കുമ്പോള്‍ മറ്റേ ആള്‍ക്ക് വെളിയില്‍ എവിടെയെങ്കിലും വാടക മുറി അന്വേഷിക്കേണ്ടതുണ്ട്.

ചില സന്ദര്‍ഭങ്ങളില്‍ ആശുപത്രി തന്നെ രക്ഷിതാക്കള്‍ക്ക് താമസ സൌകര്യം ഒരുക്കും. അതിനു ഒരു രാതിയ്ക്ക് €10 മുതല്‍ €30 വരെ ചെലവ് വരും.

ഒരു രാത്രി തങ്ങാൻ €10 മാത്രം വാടകയുള്ള Crumlin ലെ Ronald McDonald House പോലുള്ള താമസസൗകര്യങ്ങളില്ലാതെയല്ല. പക്ഷേ ഏറെ നാൾ തങ്ങേണ്ട അവസരങ്ങളിൽ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ഈ വാടക പോലും താങ്ങാൻ കഴിയില്ല.

ചാരിറ്റി അടിസ്ഥാനത്തിൽ സേവനം നടത്തുന്ന ലോഡ്ജുകളും ഉണ്ട്. പക്ഷെ അവ എണ്ണത്തിൽ വളരെ കുറവാണ്.

ഭക്ഷണം:

ഇനി ഭക്ഷണത്തിന്റെ കാര്യമെടുക്കാം. ദിവസത്തിൽ 3 നേരത്തെ ഭക്ഷണം, പുറമെ ചായ/ കാപ്പി, സ്നാക്സ്. ഇതിനു ഒരാൾക്ക് €50 ആകും. പങ്കാളികൂടെയുണ്ടെങ്കിൽ ഇരട്ടിയും.

ആശുപത്രി ക്യാന്റീനുകളുടെ കാര്യമെടുക്കാം. ക്യന്റീനുകൾ സമയനിഷ്ഠമായി പ്രവർത്തിക്കുന്നവയാണ്. വാരാന്ത്യങ്ങളിൽ അടഞ്ഞുകിടക്കും. കുടുംബങ്ങൾക്ക് അവിടെയും ബുദ്ധിമുട്ടുണ്ട്. ക്യാന്റീൻ പ്രവർത്തിക്കാത്ത നേരങ്ങളിൽ അവർക്ക് വെൻഡിങ് മെഷീനിലെ ആഹാരം തന്നെ ആശ്രയം. പക്ഷെ അവ അനാരോഗ്യകരമായ ഭക്ഷണമാണ്.

കുട്ടി അയ്സൊലേഷനില്‍ കിടക്കുകയും, രക്ഷിതാക്കള്‍ക്ക് shared facilities ഉപയോഗിക്കാന്‍ സാധിക്കാതെയും വരുന്ന സന്ദര്‍ഭങ്ങളില്‍ അവരുടെ ഭക്ഷണച്ചെലവുകള്‍ കൂടും.

രക്ഷിതാക്കള്‍ക്ക് പുറമെ നിന്ന്‍ ഭക്ഷണം കൊണ്ടുവരാനോ ആസ്പത്രിയില്‍ വച്ച് ഭക്ഷണം പാകം ചെയ്യാനോ അനുവാദമില്ല. ഒരു ചായ പോലും തയ്യാറാക്കാന്‍ പറ്റില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ചാര്‍ജ് കുറവുള്ള സ്റ്റാഫ് ക്യാന്റീന്‍ ഉപയോഗിക്കാനും സാദ്ധ്യമല്ല. എല്ലാ ഭക്ഷണവും ഹോസ്പിറ്റലില്‍ നിന്നു മേടിക്കണം. ഇത് ഏറെ രക്ഷിതാക്കളെ സാമ്പത്തികമായി ഞെരുക്കുന്നുണ്ട്.

ശിശുപരിപാലനം:

ഈ രക്ഷിതാക്കളുടെ മറ്റു കുഞ്ഞുങ്ങളെ നോക്കാന്‍ ബേബിസിറ്റര്‍മാരെ ആശ്രയിക്കേണ്ടതുണ്ട്.രാത്രിയും പകലും വീട്ടില്‍ ബേബിസിറ്റര്‍മാരെ ഏര്‍പ്പാട് ചെയ്യണമെങ്കില്‍ അതിനു വേറെ ചെലവുണ്ട്. ചില അവസരങ്ങളില്‍ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാറുണ്ട്. അപ്പോഴും പരിപാലിക്കുന്ന വ്യക്തിയ്ക്ക് പോക്കറ്റ് മണിയോ സമ്മാനമോ നല്കേണ്ട മര്യാദയുണ്ടല്ലോ, അതും ചെലവുതന്നെ. ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്ത കുട്ടിക്ക് സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കും. തമ്മില്‍ കാണാതെയിരിക്കുമ്പോളത്തെ പരിഭവം തീര്‍ക്കാന്‍ ആ കുട്ടികള്‍ക്കും വല്ലതുമൊക്കെ മേടിച്ചു കൊടുക്കണം; ഔട്ടിങ്ങിന്കൊണ്ടുപോകണം. അപ്പോള്‍ ചെലവ് ആ വഴിയും വരും. ചില സന്ദര്‍ഭങ്ങളില്‍ കുട്ടികളെ childminder മാരുടെ (പ്രൊഫഷണലായി കുട്ടികളെ പരിപാലിക്കുന്നവര്‍) വീട്ടില്‍ കൊണ്ടുചെന്നു ഏല്‍പ്പിക്കണം. അവര്‍ക്ക് ഫീസ് കൊടുക്കേണ്ടതുണ്ട്.

മാനസികാരോഗ്യ പരിപാലകര്‍:

പഠനത്തില്‍ പ്രതികരിച്ച അഞ്ചില്‍ ഒന്ന്‍ വ്യക്തികളും പറഞ്ഞത്,തങ്ങള്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ കൗണ്‍സിലിങ് ആവശ്യമായി വരാറുണ്ടെന്നാണ്. വര്‍ഷത്തില്‍ ഏതാണ്ട് €1000 ഈയിനത്തില്‍ ഒരാള്‍ക്ക് ചെലവ് വരുന്നുണ്ട്.

പലവക ചെലവുകള്‍: ഇതിലൊന്നും പെടാത്ത ചില ചിലവുകളും ഉണ്ടാവുന്നുണ്ട് എന്നതും ഒരു യാഥാർഥ്യമാണ്. ലോണ്‍ട്രി ചെലവുകള്‍ പോലെ മറ്റു ചിലവുകളും ഒരു അനിവാര്യതയാണ്. അഡ്മിറ്റ് ചെയ്ത കുട്ടിക്കുള്ള ഗിഫ്റ്റുകളുടെ ചെലവ് വഹിക്കേണ്ടി വരും.

വരുമാനനഷ്ടം:

എല്ലാറ്റിനും പുറമെയാണു, രക്ഷിതാക്കൾക്ക് സഹിക്കേണ്ടിവരുന്ന തൊഴിൽ സംബന്ധിയായ ബുദ്ധിമുട്ടുകൾ. ലീവ് തീർന്നു പോകുന്ന അവസരങ്ങളിൽ വരുന്ന loss of pay അവധികൾ, ഓവർ ടൈം നിൽക്കുമ്പോൾ കിട്ടുന്ന അധികവരുമാനം കിട്ടാതാകുന്ന അവസ്ഥ, കൂടിയ വരുമാനമുള്ള തൊഴിൽ വാഗ്ദാനങ്ങൾ വരുമ്പോൾ അവ സ്വീകരിക്കാൻ പറ്റാതെ വരുന്ന സാഹചര്യങ്ങൾ, മാതാപിതാക്കൾക്ക് രണ്ടുപേർക്കും ജോലിയുണ്ടാകുമ്പോൾ കുട്ടിയെ നോക്കാൻ ഒരാൾക്ക് എന്തായാലും തന്റെ ജോലി രാജിവയ്ക്കുകയോ ദീർഘകാല അവധി എടുക്കേണ്ടിവരുകയോ ചെയ്യും. അങ്ങനെയുണ്ടാകുന്ന വരുമാന നഷ്ടം… ഇങ്ങനെ നാനാവിധത്തിലുള്ള സാമ്പത്തിക നഷ്ടങ്ങൾ രക്ഷിതാക്കൾക്ക് സഹിക്കേണ്ടതുണ്ട്.

ശുപാർശകൾ:

രക്ഷിതാക്കളുടെ സാമ്പത്തിക ഞരുക്കം ലഘൂകരിക്കാൻ കുറെ ശുപാർശകൾ മുന്നോട്ട് വച്ചിട്ടാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. അവയിൽ വൈദ്യേതര ചെലവുകൾ വഹിക്കാനുള്ള സാമൂഹ്യ ക്ഷേമ പരിഷ്കാരങ്ങൾ, അത്യാഹിതങ്ങൾ സംഭവിക്കുന്ന അവസരങ്ങളിൽ കൊടുക്കേണ്ട അടിയന്തിര സഹായങ്ങൾ, രക്ഷിതാക്കൾക്കുള്ള സൗജന്യ താമസസൗകര്യങ്ങൾ, ഹോസ്പിറ്റൽ ക്യാന്റീൻ ഉപയോഗിക്കാനുള്ള ഫുഡ് കൂപ്പണുകൾ, സൗജന്യ കൗൺസലിങ് എന്നിവയെ കുറിച്ച് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

Share this news

Leave a Reply

%d bloggers like this: