അയര്‍ലണ്ടില്‍ കോവിഡ് മൂന്നാം ഘട്ടം വ്യാപനത്തില്‍; വീടിന് പുറത്തിറങ്ങരുത്, മറ്റുള്ളവരുമായി ഇടപഴകരുത്: Naphet

അയര്‍ലണ്ടില്‍ കോവിഡ്-19 വൈറസിന്റെ മൂന്നാം ഘട്ട വ്യാപനം നടക്കുന്നുവെന്ന് ഉറപ്പായ സാഹചര്യത്തില്‍ ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കാനും, മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കാനും മുന്നറിയിപ്പ് നല്‍കി National Public Health Emergency Team (Naphet). പുതുതായി 727 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുകയാണെന്ന് Naphet പറയുന്നു.

പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസത്തിന് വക നല്‍കുന്നുണ്ടെങ്കിലും നിലവില്‍ 241 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 29 പേര്‍ ICU-വിലാണ്.

അടുത്ത 14 ദിവസങ്ങളില്‍ രാജ്യത്ത് കേസുകള്‍ വര്‍ദ്ധിക്കുമെന്നാണ് Irish Epidemiological Modelling Advisory Group തലവനായ പ്രൊഫസര്‍ Philip Nolan പറയുന്നത്. മാര്‍ച്ചിലെ രോഗവ്യാപനത്തെക്കാള്‍ കൂടുതലാകും ഇത്തവണ. ഒരാഴ്ചയ്ക്കിടെ ഡബ്ലിനിലെ രോഗികളുടെ എണ്ണം ഇരട്ടിയായതും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് കൗണ്ടികളിലും രോഗം വ്യാപിക്കുകയാണ്. ജനുവരിയോടെ ദിവസേന 1,800 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നും Nolan പറഞ്ഞു. 65നും 85നും മുകളില്‍ പ്രായമുള്ളവരെ രോഗം ബാധിക്കുന്നത് ആശങ്കജനകമാണെന്നും അദ്ദേഹം പറഞ്ഞു.

UK-യില്‍ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് സ്‌ട്രെയിന്‍ അയര്‍ലണ്ടിലെത്തിയത് തെളിവൊന്നുമില്ലെന്ന് National Virus Reference Laboratory ഡയറക്ടറായ ഡോക്ടര്‍ Cillian De Gascun പറഞ്ഞു. അതേസമയം സെപ്റ്റംബര്‍ മുതലാണ് പുതിയ തരം കൊറോണ വൈറസ് യുകെയില്‍ പടരാനാരംഭിച്ചതെന്നും, അയര്‍ലണ്ടിലും വൈറസ് എത്തിയിരിക്കാമെന്ന സംശയം ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളില്‍ ഈ വൈറസ് സ്‌ട്രെയിന്‍ കണ്ടെത്താനുള്ള പരിശോധനയും നടക്കുന്നുണ്ട്- ഡോക്ടര്‍ Gascun പറഞ്ഞു.

രോഗബാധ പലമടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണെന്നും, റസ്റ്ററന്റുകള്‍, പബ്ബുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ Tony Holohan അഭ്യര്‍ത്ഥിച്ചു. പുറത്ത് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചെറുപ്പക്കാര്‍ ക്രിസ്മസ് പ്രമാണിച്ച് പ്രായമായവരെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം PfizerBioNTech വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് ഹാനികരമല്ലെന്നാണ് പുതിയ ലബോറട്ടറി പഠനം വ്യക്തമാക്കുന്നതെന്ന് Health Prorection Regulatory Authority ചീഫ് എക്‌സിക്യുട്ടിവ് ഡോക്ടര്‍ Lorraine Nolan പറഞ്ഞു. എന്നിരുന്നാലും വാക്‌സിന്‍ എടുക്കുന്ന സ്ത്രീകള്‍ തങ്ങളുടെ ഡോക്ടറുമായി സംസാരിക്കണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. Gestational Diabetes പോലുള്ള രോഗാവസ്ഥയുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ അപകടമുണ്ടായേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: