അയർലണ്ടിൽ മെഡിക്കൽ കാർഡ് ഉള്ളവർക്ക് നൽകിവരുന്ന ഡെന്റൽ ട്രീറ്റ്‌മെന്റ് പദ്ധതി കുത്തഴിഞ്ഞ നിലയിൽ

അയര്‍ലണ്ടില്‍ മെഡിക്കല്‍ കാര്‍ഡുള്ളവര്‍ക്ക് നല്‍കിവരുന്ന ഡെന്റല്‍ ട്രീറ്റ്‌മെന്റ് പദ്ധതി കുത്തഴിഞ്ഞ നിലയിലെന്ന് The Irish Dental Association റിപ്പോര്‍ട്ട്. 2017-നും 2020-നും ഇടയില്‍ ഇവര്‍ക്കുള്ള ഫണ്ടിങ് 5.5 മില്യണില്‍ നിന്നും 3.8 മില്യണ്‍ യൂറോയാക്കി (30%) കുറച്ചിരുന്നു. ഇത് പല പ്രദേശങ്ങളിലും ഫണ്ടിങ് 48% വരെ കുറയാന്‍ കാരണമായി.

നിലവില്‍ പതിവിലുകമധികം ഡെന്റിസ്റ്റുകള്‍ ഈ സ്‌കീമില്‍ നിന്നും പിന്മാറുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2020-ല്‍ മാത്രം കാല്‍ ഭാഗത്തോളം പേര്‍ സ്‌കീം ഉപേക്ഷിച്ചു. സ്‌കീം ലാഭകരമല്ല എന്നതാണ് കാരണം. സ്‌കീം പ്രകാരം നല്‍കുന്ന ചികിത്സയുടെ ചെലവ് ഡെന്റിസ്റ്റുകള്‍ക്ക് താങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആരോഗ്യവകുപ്പുമായി ഇക്കാര്യം ചര്‍ച്ച ചെയതെങ്കിലും ഉചിതമായ നടപടിയൊന്നും സര്‍ക്കാരില്‍ നിന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. സമ്പാദ്യം കുറവുള്ള രോഗികള്‍ക്ക് വലിയ ആശുപത്രികളില്‍ ചികിത്സ തേടാന്‍ കഴിയാത്തതിനാല്‍ സ്‌കീം പ്രകാരം ചികിത്സ നല്‍കുന്ന ഡെന്റിസ്റ്റുകളെയായിരുന്നു കണ്‍സള്‍ട്ട് ചെയ്ത് വന്നിരുന്നത്.

16 വയസുവരെയുള്ള കുട്ടികള്‍ക്കും അതിന് മുകളില്‍ പ്രായമുള്ള മെഡിക്കല്‍ കാര്‍ഡ് ഹോള്‍ഡേഴ്‌സിനും Smile agus Slainte എന്ന പേരില്‍ ഡെന്റല്‍ ചെക്കപ്പും ചികിത്സയും നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു (DTSS). 2019-ല്‍ ആരോഗ്യമന്ത്രി Simon Harris-ന്റെ നേതൃത്വത്തിലായിരുന്നു ഇത്. HSE കരാര്‍ നല്‍കുന്ന ഡെന്റല്‍ ഡോക്ടര്‍മാരായിരുന്നു ഈ ചികിത്സ നല്‍കിയിരുന്നത്. ഇത് പ്രകാരം ഈ വര്‍ഷം ഇവര്‍ സമര്‍പ്പിച്ച medical card sceheme claim-കള്‍ ഇപ്പോള്‍ത്തന്നെ കോവിഡിന് മുമ്പുള്ള സമയത്തെ അത്രയും ആയിക്കഴിഞ്ഞു.

ഓരോ വര്‍ഷവും ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണം അടക്കമുള്ളവ കണക്കുകൂട്ടിയാണ് DTSS ബജറ്റ് തീരുമാനിക്കുന്നത്. കോവിഡ് ആരംഭിച്ചതിനു ശേഷം പ്രായമായവരില്‍ ഭൂരിഭാഗവും ദന്ത ചികിത്സയ്ക്കായി എത്തുന്നതില്‍ നിന്നും പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: