ഓസ്ട്രേലിയയിൽ സിഖുകാർക്കെതിരെ സംഘപരിവാർ അനുകൂലികളായ ഇന്ത്യക്കാരുടെ ആക്രമണം

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരായ സിഖുകാര്‍ക്ക് നേരെ, സംഘപരിവാര്‍ അനുകൂലികളായ ഇന്ത്യക്കാരുടെ അക്രമം.  ഫെബ്രുവരി 28-ആം തീയതി ഞായറാഴ്ചയായിരുന്നു Western Sydney-യിലെ Harris Park-ല്‍ ആക്രമണം നടന്നത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന സിഖുകാരെ തടഞ്ഞ സംഘപരിവാര്‍ അക്രമികള്‍, ബേസ് ബോള്‍ ബാറ്റുകള്‍, ചുറ്റികകള്‍, വടികള്‍ എന്നിവ ഉപയോഗിച്ച് കാര്‍ തല്ലിത്തകര്‍ത്തു. ഒരു തരത്തില്‍ രക്ഷപ്പെട്ട സിഖുകാരെ പിന്നീട് വീണ്ടും പിന്തുടര്‍ന്ന് വന്ന് ആക്രമിക്കുകയും ചെയ്തു. കാറിന്റെ വിന്‍ഡ് സ്‌ക്രീന്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ഇന്ത്യയില്‍ മോദി സര്‍ക്കാരിനെതിരെ സിഖുകാരടക്കമുള്ള കര്‍ഷകര്‍ ഏറെ നാളുകളായി സമരം ചെയ്തുവരികയാണ്. ഇതെത്തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ സംഘപരിവാര്‍ അനുകൂലികള്‍ സിഖുകാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.

പ്രദേശത്ത് കുറച്ചുകാലമായി വംശീയമായ ചേരിതിരിവുകള്‍ നിലനില്‍ക്കുന്നതായി പോലീസ് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരും, സിഖുകാരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്. പലതവണ ഇവരുമായി പോലീസ് സമാധാന ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ തന്നെ ഇന്ത്യക്കാരെ ആക്രമിക്കുന്ന വൈരുദ്ധ്യമാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്തെ റസ്റ്ററന്റുകള്‍, സിഖ് ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും മുമ്പ് സംഘര്‍ഷം ഉണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: