ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതം പറഞ്ഞു ശ്രീ. ഗോപിനാഥ് മുതുകാട് ഒരുക്കിയ “വിസ്മയ സാന്ത്വനം ” ആസ്വാദക ഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ച് അവിസ്മരണീയമായി

 “ജീവിതം ഒരു മാജിക് അല്ല; ജീവിതം ഒരു യാഥാർഥ്യമാണ്” .

ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി ശേഷിച്ച  ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന പ്രശസ്ത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാടിൻറെ  വാക്കുകൾ ആണിത് .ഇന്നലെ യുകെ യിലും അയർലണ്ടിലുമായി  ഓൺലൈനിലൂടെ അവതരിപ്പിക്കപ്പെട്ട “വിസ്മയ  സാന്ത്വനം ”   എന്ന പരിപാടി ആ പേരിനെ അന്വർത്ഥമാക്കുന്ന  തരത്തിൽ ഒരേ സമയം വിസ്മയവും  സാന്ത്വനവും ആയിരുന്നു .ശ്രീ ഗോപിനാഥ് മുതുകാട് എന്ന മനുഷ്യന്റെ  ഇച്ഛശക്തിയും സമർപ്പണവും ഈ പരിപാടി കണ്ട   ഏതൊരാൾക്കും ബോധ്യപെടുന്നതാണ്. വളരെ മനോഹരമായി അടുക്കും ചിട്ടയോടും കൂടിയാണ് ഓരോ പരിപാടികളും അവതരിപ്പിക്കപ്പെട്ടത് .അതിനിടയിൽ അദ്ദേഹം പറയുന്ന ജീവിതഗന്ധിയായ അനുഭവങ്ങളും സംഭവങ്ങളും ഏതൊരു മനുഷ്യന്റെ കണ്ണുകളിലും സ്നേഹത്തിന്റെ നനവ്   പടർത്തുന്നതായിരുന്നു .

      ഒരു പ്രൊഫഷണൽ സ്റ്റേജ് പ്രോഗ്രാമിന്റെ മികവോടെ അവതരിപ്പിക്കപ്പെട്ട  ഈ പരിപാടിയിൽ ആയിരം കാതങ്ങൾക്കുമിപ്പുറം നിന്നുയർന്ന  കൈയ്യടി കൾ  കേൾക്കാൻ അവർക്കു സാധിക്കാതെപോയി എന്നത് മാത്രമായിരുന്നു പരിമിതി .യുക്മയും, Indians in Ireland  ഉം ആയിരുന്നു ഈ  ഓൺലൈൻ ഷോയുടെ സംഘാടകർ.    Different Art Center(DAC) ൽ മാജിക്, നൃത്തം , സംഗീതം ,മിമിക്രി ,താളവാദ്യങ്ങൾ ,ചിത്രരചനാ തുടങ്ങിയ വിവിധ ഇനങ്ങളിൽ പരിശീലനം നേടുന്ന ഭിന്നശേഷിക്കാരായ കുട്ടികളാണ് പ്രധാനമായും  പരിപാടികൾ അവതരിപ്പിച്ചത് . ശ്രീ ഗോപിനാഥും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരും ഇല്ല്യൂഷൻ പോലുള്ള മനോഹരവും വിസ്മയകരവുമായ മാജിക്കുകളും  അവതരിപ്പിച്ചു . യുഗ്മ പ്രസിഡന്റ് മനോജ് പിള്ള, കൗണ്‍സിലര്‍ ബേബി പെരേപ്പാടന്‍ എന്നവര്‍ ആശംസ അറിയിക്കുകയും, പ്രൊഫ. ഗോപിനാഥ് മുതുകാട് നന്ദി പറയുകയും ചെയ്തു.

           അസാധ്യമെന്നു കരുതുന്ന കാര്യങ്ങൾ സാധ്യമാവുന്ന കാഴ്ചയാണ് കണ്ടത്. .കുറവുകളേയും പരിമിതികളെയും അതിജീവിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെങ്ങനെയെന്ന് ഈ കുട്ടികളിൽ നിന്ന് കണ്ടുപഠിക്കേണ്ടതുണ്ട് .  ഇവരുടെ മാതാപിതാക്കളെയും ഇവരെ പരിശീലിപ്പിക്കുന്ന അധ്യാപകരെയും കൂടി ഈ ഷോയിൽ  പരിചയപ്പെടുത്തി .തിരുവനന്തപുരത്തു ശ്രീ .മുതുകാട്  സ്ഥാപിച്ചിരിക്കുന്ന “മാജിക് പ്ലാനറ്റ്” എന്ന സ്ഥാപനം  ഈ കുട്ടികൾക്കും അവരുടെ അമ്മമാർക്കും എത്രമാത്രം സ്വാന്തനവും ആത്മവിശ്വാസവും നൽകുന്നതാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഈ പരിപാടി . 100 കുട്ടികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്.  ഈ കുട്ടികളുടെ അമ്മമാർക്ക് തൊഴിലും     അതോടൊപ്പം ചെറിയ  വരുമാനവും      നേടാനുള്ള “കരിഷ്മാ” എന്ന സ്ഥാപനവും ഇതോടൊപ്പം ഉണ്ട്.

         ഭിന്നശേഷിക്കാരായ കുട്ടികൾക്ക്  തൊഴിൽ നൽകുക എന്ന ഉദ്ദേശത്തോടെ പണിതുടങ്ങിയ യൂണിവേഴ്സൽ മാജിക് പദ്ധതി കോവിട്    മൂലം നിർത്തിവച്ചിരിക്കുകയാണ് . സ്വപ്‌നങ്ങൾ കാണാനും,  കാണുന്ന സ്വപനങ്ങൾ   യാഥാർഥ്യമാക്കാനും കഴിവുള്ള ഒരു മനുഷ്യനാണ് ഇവയുടെയെല്ലാം തലപ്പത്തു ഉള്ളത് .പക്ഷെ ഇത് ഒരു ഗോപിനാഥ് മുതുകാടിന്റെ മാത്രം ചുമതലയല്ല  .സമൂഹത്തിലെ  ഓരോരുത്തരും  കൈകോർത്താൽ ഈ  വലിയ മനുഷ്യന്റെ സ്വപ്ങ്ങളും  അതോടൊപ്പം പലവിധ പരിമിതികൾ അനുഭവിക്കുന്ന ആ കുട്ടികളുടെയും അവരുടെ അമ്മമാരുടെയും  പ്രതീക്ഷകളും പൂവണിയും.

അതുപോലെ ഈ മഹത്തായ ജീവകാരുണ്യ  പ്രവർത്തനത്തിൽ ശ്രീ. ഗോപിനാഥ് മുതുകാടിനെ   സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ലിങ്ക് വഴി സഹായങ്ങൾ ചെയ്യാവുന്നതാണ്.

https://fundraisers.giveindia.org/fundraisers/vismaya-saanthwanam-magic-beyond-barriers-uk-and-ireland

നമ്മുടെ മനസ്സിന്റെ കൊച്ചു  നന്മകൾ വലിയ മാറ്റങ്ങൾക്കു കാരണമാകട്ടെ..! അങ്ങനെ ഈ ലോകം കുറച്ചുകൂടി സുന്ദരമാകട്ടെ..!!

Share this news

Leave a Reply

%d bloggers like this: