അയർലണ്ടിൽ കുട്ടിയെ പരിപാലിക്കാനായി ലഭിക്കുന്ന Parent’s Leave, Parental Leave, Paternity Leave എന്നിവ തമ്മിലുള്ള വ്യത്യാസം എന്ത്? ആർക്കൊക്കെ ലീവ് ലഭിക്കും? ഓരോന്നിനുമുള്ള ധനസഹായം എന്തെല്ലാം?

അയര്‍ലണ്ടിലെ നിയമമനുസരിച്ച് ഒരു കുട്ടി ജനിച്ചു കഴിഞ്ഞോ, കുട്ടിയെ ദത്തെടുത്ത ശേഷമോ മാതാപിതാക്കള്‍ക്ക് വിവിധ തരത്തിലുള്ള അവധികള്‍ക്ക് അപേക്ഷിക്കാം. Parent’s Leave, Parental Leave, Paternity Leave എന്നിവയാണ് അവ. എന്നാല്‍ ഇവ ഓരോന്നും തമ്മിലുള്ള വ്യത്യാസം, ആനുകൂല്യങ്ങള്‍ എന്നിവ പലര്‍ക്കും വ്യക്തമായി അറിയില്ല. ഇവ ഓരോന്നിന്റെയും പ്രത്യേകതകളും, ആരൊക്കെയാണ് ലീവുകള്‍ക്ക് അര്‍ഹരെന്നും വ്യക്തമാക്കുന്നതാണ് ഈ ലേഖനം.

Parent’s Leave

ഓരോ രക്ഷിതാവിനും കുഞ്ഞ് ജനിച്ച് ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ പരമാവധി 5 ആഴ്ച വരെ Parent’s Leave അനുവദിക്കും. (നേരത്തെ 2 ആഴ്ച ആയിരുന്നത് ഏപ്രില്‍ മുതല്‍ 5 ആഴ്ചയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.) അഥവാ കുഞ്ഞിനെ ദത്തെടുക്കുകയാണെങ്കില്‍, കുഞ്ഞിനൊപ്പം താമസം തുടങ്ങുന്ന ദിവസം മുതല്‍ 2 വര്‍ഷം വരെയുള്ള കാലയളവാണ് ലീവിനായി കണക്കാക്കപ്പെടുക. ഒന്നിലധികം കുഞ്ഞുങ്ങള്‍ ഒരേ സമയം ജനിക്കുക, അല്ലെങ്കില്‍ ഒന്നിലധികം കുഞ്ഞുങ്ങളെ ഒരേ സമയം ദത്തെടുക്കുക എന്നീ സാഹചര്യങ്ങളിലും 5 ആഴ്ചയിലധികം ലീവ് ലഭിക്കില്ല.

കുട്ടി ജനിച്ചത് അല്ലെങ്കില്‍ കുട്ടിയെ ദത്തെടുത്തത് 2019 നവംബര്‍ 1-നോ, അതിന് ശേഷമോ ആണെങ്കില്‍ നിങ്ങള്‍ക്ക് parental leave-ന് അപേക്ഷിക്കാവുന്നതാണ്. കുട്ടിയുടെ ജനനത്തിന്റെ/ ദത്തെടുക്കലിന്റെ ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രമേ ലീവിന് അപേക്ഷിക്കാന്‍ സാധിക്കൂ. ആകെയുള്ള 5 ആഴ്ചത്തെ ലീവ് ഒറ്റത്തവണയായോ, പല തവണകളായോ എടുക്കാനും സൗകര്യമുണ്ട്.

ഈ ലീവ് കാലയളവില്‍ Parent’s Benefit എന്ന ധനസഹായവും ലഭിക്കും. ജോലിക്കാര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും Parent’s Benefit തുക ലഭിക്കും. ആഴ്ചയില്‍ 245 യൂറോ വീതമാണ് ഈ സഹായം.

ആര്‍ക്കൊക്കെ ലീവ് ലഭിക്കും?

  • കുട്ടിയുടെ രക്ഷിതാവിന്
  • കുട്ടിയുടെ രക്ഷിതാവിന്റെ ഭാര്യ/ഭര്‍ത്താവ്/നിയമപരമായ പങ്കാളി, കൂടെ താമസിക്കുന്ന പങ്കാളി
  • വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്ന വ്യക്തി (Children and Family Relationships Act 2015-ന്റെ സെക്ഷന്‍ 5 പ്രകാരം)
  • ദത്തെടുക്കുന്ന കുട്ടിയുടെ രക്ഷിതാക്കള്‍
  • ദത്തെടുക്കുന്ന കുട്ടിയുടെ രക്ഷിതാവിന്റെ ഭാര്യ/ഭര്‍ത്താവ്/നിയമപരമായ പങ്കാളി
  • സ്വവര്‍ഗ്ഗവിവാഹിതരോ, നിയമപരമായ പങ്കാളികളോ ആയവര്‍, ഒരുമിച്ച് താമസിക്കുന്ന സ്വവര്‍ഗ്ഗ പങ്കാളികള്‍

Parental Leave

കുട്ടികളെ പരിപാലിക്കാനായി മാതാപിതാക്കള്‍ക്ക് ജോലിയില്‍ നിന്നും ശമ്പളമില്ലാതെ എടുക്കാവുന്ന അവധിക്കാണ് Parental Leave എന്ന് പറയുന്നത്. കുട്ടിക്ക് 12 വയസ് തികയുന്നതിന് മുമ്പായി 26 ആഴ്ച വരെ ഇത്തരത്തില്‍ ലീവെടുക്കാം. ഓരോ കുട്ടിക്കുമായി ഇത്തരത്തില്‍ 26 ആഴ്ച വീതം ലീവ് ലഭിക്കുന്നതാണ്.

അതേസമയം തൊഴിലുടമയുടെ കീഴില്‍ ഒരു വര്‍ഷമെങ്കിലും ജോലി ചെയ്തവര്‍ക്കാണ് ഈ ലീവ് ലഭിക്കുക. ഒപ്പം ലീവ് എടുക്കുന്നതിന് 6 ആഴ്ച മുമ്പെങ്കിലും തൊഴിലുടമയ്ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരിക്കണം.

പ്രത്യേക സാഹചര്യത്തില്‍, ജോലിക്ക് കയറി ഒരു വര്‍ഷം ആയില്ലെങ്കിലും നിങ്ങള്‍ക്ക് ഈ ലീവിന് അര്‍ഹതയുണ്ട്. അതിങ്ങനെ:

കുട്ടിക്ക് 12 വയസ് തികയാന്‍ മാസങ്ങളോ, ആഴ്ചകളോ മാത്രമേ ബാക്കിയുള്ളൂവെങ്കില്‍, നിങ്ങള്‍ ജോലിക്ക് കയറിയിട്ട് 3 മാസമെങ്കിലും ആയിട്ടുണ്ടെങ്കില്‍ (അതായത് ജോലിയില്‍ ഒരു വര്‍ഷം തികഞ്ഞിട്ടില്ലെങ്കില്‍) നിങ്ങള്‍ക്ക് Parental Leave എടുക്കാം. ഇതിനെ Pro rata parental leave എന്നാണ് പറയുക.

Paternity Leave

കുട്ടി ജനിച്ചതിന്/ ദത്തെടുക്കപ്പെട്ടതിന് ശേഷം 26 ആഴ്ചയ്ക്കുള്ളില്‍ ലഭിക്കുന്ന അവധിയാണ് Paternity Leave. തൊഴിലളികള്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഈ ലീവ് ലഭിക്കും. പരമാവധി 2 ആഴ്ച വരെ ലീവ് എടുക്കാം.

സാധാരണയായി പിതാവാണ് Paternity Leave എടുക്കുക. സ്വവര്‍ഗ ദമ്പതികള്‍ക്കും ഈ ലീവ് എടുക്കാവുന്നതാണ്.

Paternity Leave എടുക്കുന്നവര്‍ക്ക് തൊഴിലുടമ ശമ്പളം നല്‍കാന്‍ വ്യവസ്ഥയില്ല. എന്നാല്‍ Paternity Benefit-ന് ഇവര്‍ക്ക് അര്‍ഹതയുണ്ട്.

ആര്‍ക്കൊക്കെ ലീവ് ലഭിക്കും?

  • കുട്ടിയുടെ പിതാവിന്
  • കുട്ടിയുടെ മാതാവിന്റെ നിയമപരമായ പങ്കാളിക്ക് (ഭര്‍ത്താവ്, പങ്കാളി, ഒപ്പം താമസിക്കുന്ന വ്യക്തി)
  • Donor-conceived രീതിയില്‍ ജനിച്ച കുട്ടിയുടെ രക്ഷിതാവിന്

അഥവാ കുട്ടിയെ ദത്തെടുത്തത് ആണെങ്കില്‍, ദമ്പതികളില്‍ ആരാണോ adoptive leave-ന് അപേക്ഷിക്കാത്തത്, അയാള്‍ക്ക് paternity leave എടുക്കാം.

പാര്‍ട്ട് ടൈം ജോലിക്കാര്‍ക്കും ലീവെടുക്കാവുന്നതാണ്.

ജോലിയില്‍ നിശ്ചിത കാലം പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധന paternity leave-ന്റെ കാര്യത്തിലില്ല.

ഒന്നിലധികം കുട്ടികള്‍ ഒരേ സമയം ജനിക്കുകയോ, ദത്തെടുക്കപ്പെടുകയോ ചെയ്യുകയാണെങ്കിലും 2 ആഴ്ചത്തെ ലീവ് മാത്രമേ ലഭിക്കൂ. ലീവിന് നാല് ആഴ്ച മുമ്പ് തൊഴിലുടമയെ അറിയിക്കുകയും വേണം.

കുഞ്ഞ് ജനിച്ച ശേഷം ലീവിന് അപേക്ഷിക്കുമ്പോള്‍ കുഞ്ഞിന്റെ ജനനത്തീയതി വ്യക്തമാക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹജരാക്കേണ്ടത് നിര്‍ബന്ധമാണ്. ദത്തെടുക്കുകയാണെങ്കില്‍, കുഞ്ഞ് ഔദ്യോഗികമായി നിങ്ങളുടെ കൂടെ താമസിക്കാനാരംഭിച്ച ദിവസം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

Paternity leave കാലയളവില്‍ ശമ്പളം ലഭിക്കില്ലെങ്കിലും Paternity Benefit-ന് അര്‍ഹതയുണ്ട്. ആഴ്ചയില്‍ 245 യൂറോ വീതം രണ്ടാഴ്ചയ്‌ത്തേക്കാണ് ഈ ധനസഹായം ലഭിക്കുക. 2016 സെപ്റ്റംബര്‍ 1-ന് ശേഷം ജനിച്ച/ദത്തെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാവിന് മാത്രമേ ഈ സഹായം ലഭിക്കൂ. മറ്റ് സാമൂഹികക്ഷേമ ധനഹായം ലഭിക്കുന്നവരാണെങ്കില്‍, ആകെ തുകയുടെ പകുതി മാത്രമേ paternity benefit ലഭിക്കുകയുള്ളൂ.

Parent’s leave ആനൂകൂല്യം ലഭിക്കുന്നവർക്ക് paternity leave ആനൂകുല്യവും ലഭിക്കും.

credits: Kiran Sakarya ചോദിച്ച ചില ചോദ്യങ്ങളാണ് ഈ ആർട്ടിക്കിൾ എഴുതാൻ പ്രചോദനമായത്

Share this news

Leave a Reply

%d bloggers like this: