അയർലൻഡിൽ 60-80 പ്രായക്കാർക്ക് നവംബർ മുതൽ കോവിഡ് വാക്സിൻ ബൂസ്റ്റർ ഷോട്ടുകൾ

അയര്‍ലന്‍ഡിലെ 60-80 വയസ് പ്രായക്കാരായ 8 ലക്ഷം പേര്‍ക്ക് വരുന്ന നവംബര്‍ മുതല്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കിത്തുടങ്ങുമെന്ന് HSE. 70-ന് മേല്‍ പ്രായമുള്ളവര്‍ക്ക് തങ്ങളുടെ GP-യില്‍ നിന്നും, 60-70 പ്രായക്കാര്‍ക്ക് മാസ് വാക്‌സിനേഷന്‍ സെന്ററുകള്‍ വഴിയും ബൂസ്റ്റര്‍ ഷോട്ടുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞതായി The Irish Times റിപ്പോര്‍ട്ട് ചെയ്യുന്നു. National Immunisation Advisory Committee (Niac)-യുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. Pfizer വാക്‌സിന്റെ 20 ലക്ഷം ഡോസുകള്‍ നിലവില്‍ സ്‌റ്റോക്കുണ്ടെന്നും, അതിനാല്‍ ദൗര്‍ലഭ്യം വരില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസമെങ്കിലും കഴിഞ്ഞവര്‍ക്ക് മാത്രമേ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കൂ. അതിനാല്‍ സമീപകാലത്ത് വാക്‌സിനെടുത്തവര്‍ ആറ് മാസം തികയാന്‍ കാത്തിരിക്കേണ്ടതായി വരും.

മുഴുനായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടാലും മാസങ്ങള്‍ക്ക് ശേഷം വാക്‌സിന്‍ നല്‍കുന്ന പ്രതിരോധശേഷി കുറയുമെന്ന് യു.കെയിലെ ഓക്‌സഫര്‍ഡ് യൂണിവേഴ്സ്റ്റി അടക്കം നടത്തിയ പഠനങ്ങളില്‍ വ്യക്തമായതോടെയാണ് ബൂസ്റ്റര്‍ ഷോട്ടുകളെപ്പറ്റി അധികൃതര്‍ ചിന്തിക്കാനാരംഭിച്ചത്.

നിലവില്‍ 80-ന് മേല്‍ പ്രായമുള്ളവര്‍ക്കും, കെയര്‍ഹോമുകളില്‍ കഴിയുന്ന 65-ന് മേല്‍ പ്രായമുള്ളവര്‍ക്കും മാത്രമാണ് അയര്‍ലന്‍ഡില്‍ ബൂസ്റ്ററുകള്‍ നല്‍കുന്നത്. ഈ വിഭാഗത്തിലെ 1 ലക്ഷത്തിലേറെ പേര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കിക്കഴിഞ്ഞു. അടുത്തയാഴ്ചയോടെ ഇവരില്‍ എല്ലാവര്‍ക്കും ബൂസ്റ്ററുകള്‍ നല്‍കുന്നത് പൂര്‍ത്തിയാകുമെന്നാണ് HSE കണക്കുകൂട്ടുന്നത്.

അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്ന കാര്യത്തില്‍ National Immunisation Advisory Committee (Niac) ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ഇതിനിടെ ചൊവ്വാഴ്ച രാജ്യത്ത് 2,399 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിനം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്‌

comments

Share this news

Leave a Reply

%d bloggers like this: