അയർലൻഡിലെ നൈറ്റ് ക്ലബ്ബുകൾ ഇന്ന് മുതൽ തുറക്കുന്നു; സ്പോർട്സ്, വിവാഹം, മതപരമായ പരിപാടികൾ എന്നിവയ്ക്കും കൂടുതൽ ഇളവുകൾ

അയര്‍ലന്‍ഡിലെ എല്ലാ നൈറ്റ് ക്ലബ്ബുകള്‍ക്കും ഇന്നുമുതല്‍ (ഒക്ടോബര്‍ 22 വെള്ളി) തുറന്നുപ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍. ഒക്ടോബര്‍ 22 മുതല്‍ രാജ്യത്ത് ബാക്കിയുള്ള മിക്ക നിയന്ത്രണങ്ങളും ഇളവ് ചെയ്യുമെന്ന നേരത്തെയുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി.

അതേസമയം രാജ്യത്ത് കോവിഡ് ബാധ വര്‍ദ്ധിച്ചികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങള്‍ കുറഞ്ഞത് 2022 ഫെബ്രുവരി വരെയെങ്കിലും തുടരാനാണ് ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദ്ദേശം.

നൈറ്റ് ക്ലബ്ബ് അടക്കമുള്ളവ പൂര്‍ണ്ണമായ കപ്പാസിറ്റിയില്‍ തുറക്കുകയാണെങ്കിലും ജനങ്ങള്‍ അതീവജാഗ്ര പാലിക്കണമെന്നും, കോവിഡ് തിരിച്ചുവരാന്‍ ഇടയാക്കരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതോടെ ഇന്നുമുതല്‍ രാജ്യത്തെ വിവിധ നൈറ്റ് ക്ലബ്ബുകളില്‍ പതിവ് പോലെ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. 2020 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് ഇവ തുറക്കുന്നത്. 100% കപ്പാസിറ്റിയോടെ തന്നെ ക്ലബ്ബുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കാതറിന്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ഒപ്പം ലൈവ് എന്റര്‍ട്ടെയിന്‍മെന്റ് പരിപാടികളില്‍ 1,500 പേര്‍ക്ക് വരെ ഒരേസമയം നിന്ന് പങ്കെടുക്കാമെന്ന ഇളവും ഇന്നുമുതല്‍ നിലവില്‍ വരും. ബാറുകളില്‍ ആളുകള്‍ക്ക് സാമൂഹിക അകലത്തോടെ ക്യൂ നില്‍ക്കാമെന്നും പുതിയ നിര്‍ദ്ദേശം പറയുന്നു. 11.30-ന് ശേഷവും ക്ലബ്ബുകള്‍ക്കും മറ്റും പ്രവര്‍ത്തിക്കാം. ഇക്കാര്യം ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പുനഃപരിശോധിക്കും.

ഇന്‍ഡോര്‍ പരിപാടികളിലും, റസ്റ്ററന്റുകളിലും പ്രവേശിക്കാന്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ തുടര്‍ന്നും ആവശ്യമാണ്. റസ്റ്ററന്റുകളില്‍ ഒരു ടേബിളില്‍ പ്രായപൂര്‍ത്തിയായ പരമാവധി 10 പേര്‍ക്ക് ഇരിക്കാം. കുട്ടികളുമുണ്ടെങ്കില്‍ എല്ലാവരുമടക്കം പരമാവധി 15 പേര്‍.

അതേസമയം ഔട്ട്‌ഡോര്‍ പരിപാടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

സ്‌പോര്‍ട്‌സ് പരിപാടികള്‍ക്ക് പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണമില്ല. വിവാഹം, മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്കും ഒരേസമയം എത്ര പേര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം.

ഇളവുകള്‍ക്കിടയിലും ഏത് സാഹചര്യത്തിലും കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കണമെന്നും, ജാഗരൂകരായിരിക്കണമെന്നും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ നൈറ്റ് ക്ലബ്ബുകള്‍ തുറക്കുന്നത് പല ആരോഗ്യവിദഗ്ദ്ധരും എതിര്‍ക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: