കോർക്ക് സിറ്റി കൗൺസിൽ ഓഫീസിലേയ്ക്ക് എലികളെ തുറന്നുവിട്ടു; മുൻ ജീവനക്കാരന് തടവും പിഴയും

കോര്‍ക്ക് സിറ്റി കൗണ്‍സില്‍ ഓഫിസില്‍ എലികളെ തുറന്നുവിട്ട മുന്‍ ജീവനക്കാരന് ആറ് മാസം തടവും, 3,000 യൂറോ പിഴയും. ഈ വര്‍ഷം ഫെബ്രുവരി 9-നാണ് പ്രതിയായ John O’Neill (61) ജീവനുള്ള രണ്ട് എലികളെ Rathbeg-ലെ കൗണ്‍സില്‍ ഓഫിസിലേയ്ക്ക് തുറന്നുവിട്ടത്. മറ്റൊരു ജീവനക്കാരനുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നുള്ള പ്രതികാര നടപടി ആയാണ് പ്രതി അറ്റകൈ പ്രയോഗം നടത്തിയത്.

തുടര്‍ന്ന് എലികള്‍ ഓഫിസില്‍ ആയിരക്കണക്കിന് യൂറോയുടെ നഷ്ടം വരുത്തി. ഒടുവില്‍ പെസ്റ്റ് കണ്‍ട്രോള്‍ വിദഗ്ദ്ധരെത്തി എലികളെ പിടികൂടുകയായിരുന്നു. എലികളെ തുറന്നുവിട്ട സമയത്ത് പ്രതി കൗണ്‍സില്‍ ഓഫീസ് ജീവനക്കാരനായിരുന്നു.

തന്റെ ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചുവച്ച എന്തോ വസ്തുവുമായി ഇയാള്‍ ഓഫിസില്‍ വരുന്നതും, അല്‍പ്പസമയത്തിന് ശേഷം മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇതാണ് ഇയാളെ കുടുക്കിയത്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തിന് ശേഷം പ്രതി സ്വയം വിരമിച്ചിരുന്നു.

കൗണ്‍സില്‍ ഓഫിസിലുണ്ടായ നഷ്ടങ്ങള്‍ക്കും, പെസ്റ്റ് കണ്‍ട്രോള്‍ വിദഗ്ദധര്‍ക്കുള്ള ചെലവുമായി 3,000 യൂറോയാണ് കണക്കാക്കിയത്. കേബിളുകള്‍, ലൈറ്റുകള്‍, കീ ബോര്‍ഡുകള്‍ എന്നിവയ്‌ക്കെല്ലാം നാശനഷ്ടമുണ്ടായി. ഈ തുക പ്രതിയില്‍ നിന്നും ഈടാക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്.

കൗണ്‍സില്‍ മാനേജ്‌മെന്റിലെ ഒരു ഉദ്യോഗസ്ഥനും പ്രതിയുമായി ദീര്‍ഘനാളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉദ്യോഗസ്ഥന്റെ നടപടികള്‍ കാരണം ഉറക്കം നഷ്ടപ്പെട്ടതായും, ആശുപത്രിയില്‍ സമ്മര്‍ദ്ദത്തിന് ചികിത്സ തേടേണ്ടിവന്നതായും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ചെങ്കിലും, അതിനുള്ള പരിഹാരം എലിയെ തുറന്നുവിടലല്ലെന്നും, ഈ നടപടി കാരണം മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥന് മാത്രമല്ല, ഓഫിസിനാകെ ബുദ്ധിമുട്ടുണ്ടായതായും കോടതി മറുപടി നല്‍കി.

ഇത്തരം കേസുകളില്‍ 2,500 യൂറോ വരെ പിഴയും, 12 മാസം വരെ തടവുമാണ് പരമാവധി ശിക്ഷ. പക്ഷേ നാശനഷ്ടത്തിനുള്ള തുകയായി 3,000 യൂറോ ഈടാക്കിയ കോടതി, തടവ് ശിക്ഷ 6 മാസമായി കുറച്ചു. അതേസമയം കേസില്‍ അപ്പീല്‍ പോകുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: