വിവാദങ്ങൾക്കിടയിലും കുലുങ്ങാതെ ഫേസ്ബുക്ക്; ലാഭം കുത്തനെ ഉയർന്നതായി റിപ്പോർട്ട്

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലും സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ വരുമാനത്തില്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ 9 ബില്യണ്‍ ഡോളറാണ് ഫേസ്ബുക്ക് ലാഭം മാത്രമായി ഉണ്ടാക്കിയതെന്നാണ് ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുഎസില്‍ കമ്പനിക്കെതിരെ തെളിവെടുപ്പ് നടക്കുകയും, പല രാജ്യങ്ങളിലെയും ഐടി വിദഗ്ദ്ധര്‍ കമ്പനിയുടെ പോളിസികള്‍ തെറ്റായ രീതിയിലാണെന്ന് വ്യാപകമായി വിമര്‍ശനമുയര്‍ത്തുകയും ചെയ്തിട്ടും ജനപ്രിയ സോഷ്യല്‍ മീഡിയയിലൊന്നായി ഫേസ്ബുക്ക് തുടരുന്നുവെന്നതാണ് ശ്രദ്ധേയം.

ഫേസ്ബുക്ക് കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്നും, തീവ്രവാദികള്‍ക്ക് വളം വയ്ക്കുന്നുവെന്നും ഏറെ നാളായി ആരോപണമുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി ഫേസ്ബുക്ക് നടപടികളൊന്നുമെടുക്കുന്നില്ലെന്ന് മുന്‍ ഫേസ്ബുക്ക് ഉദ്യോഗസ്ഥയായ ഫ്രാന്‍സസ് ഹോഗന്‍ ഈ മാസമാദ്യം വ്യക്തമായ തെളിവുകളോടെ ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്ന് യുഎസില്‍ ഫേസ്ബുക്കിനെതിരെ അന്വേഷണം നടന്നുവരികയാണ്.

ഈ വിവാദങ്ങള്‍ക്കിടയിലും 2021-ന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ ഉയര്‍ന്നിരിക്കുകയാണ്. മുന്‍ വര്‍ഷം ഇതേ സമയം 21.47 ബില്യണ്‍ ഡോളറായിരുന്ന വരുമാനം, ഇത്തവണ 29.01 ബില്യണായി ഉയര്‍ന്നു.

ഇതിന് പുറമെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിലും വലിയ വര്‍ദ്ധന സംഭവിച്ചിട്ടുണ്ട്. നിലവില്‍ 1.93 ബില്യണ്‍ ആളുകളാണ് ലോകമെങ്ങും ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഒരു വര്‍ഷത്തിനിടെയുള്ള വര്‍ദ്ധന 6%.

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ആപ്പുകളിലും അക്കൗണ്ട് എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇവ അടക്കം ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ ആപ്പുകളിലുമായി 2.81 ബില്യണ്‍ ഉപയോക്താക്കളാണ് ലോകത്തുള്ളത്.

കോവിഡ് കാരണം ലോക്ക്ഡൗണ്‍ പലയിടങ്ങളിലും തുടരുന്നതും, ആളുകളുടെ പുറംലോകസഞ്ചാരം കുറഞ്ഞതുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതലായി ഉപയോഗിക്കപ്പെടാന്‍ കാരണമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ജീവിതത്തിൽ ആദ്യമായി ലോക്ക്ഡൗണ്‍ കാലത്ത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറെപ്പേര്‍ അക്കൗണ്ടുകളെടുക്കുന്ന പ്രവണതയും കണ്ടുവരുന്നു.

Share this news

Leave a Reply

%d bloggers like this: