കോവിഡ് വ്യാപനം കുറയ്ക്കാൻ വാക്സിനുകൾ പ്രതീക്ഷിച്ച സഹായം ചെയ്യുന്നില്ല; അപ്രിയ സത്യം വെളിപ്പെടുത്തി ടോണി ഹോലഹാൻ

കോവിഡ് വ്യാപനം കുറയ്ക്കുന്ന കാര്യത്തില്‍ വാക്‌സിനുകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്ന സത്യം വെളിപ്പടുത്തി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ടോണി ഹോലഹാന്‍. രാജ്യം വാക്‌സിനേഷന്റെ കാര്യത്തില്‍ വളരെ മുന്നിലാണെന്നും, ആയിരക്കണക്കിന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തന്നെ രോഗം ഭേദപ്പെടുത്താനും, മരണങ്ങള്‍ കുറയ്ക്കാനും വാക്‌സിന്‍ സഹായിച്ചുവെന്നും പറഞ്ഞ ഹോലഹാന്‍, പക്ഷേ രോഗം പടരുന്നത് കുറയ്ക്കാന്‍ വാക്‌സിനെ മാത്രം ആശ്രയിച്ചാല്‍ മതിയാകില്ലെന്ന് വ്യക്തമാക്കി. കൈകള്‍ ഇടയ്ക്കിടെ ശുദ്ധമാക്കുക, മാസ്‌ക് ധരിക്കുക, രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ അടിസ്ഥാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടാല്‍ മാത്രമേ കോവിഡ് ഭീഷണി ചെറുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഗുരുതരമായ രോഗബാധ തടയുന്നതില്‍ നാം പ്രതീക്ഷിച്ചതിനെക്കാള്‍ ഗുണം വാക്‌സിന്‍ ചെയ്തു എന്നതിനപ്പുറം, സമൂഹത്തില്‍ രോഗം പടരുന്നത് ഇപ്പോഴും തുടരുകയാണെന്നാണ് ഹോലഹാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. രോഗം ഗുരുതരമാകാതിരിക്കുക, രോഗം വരാതിരിക്കുക എന്നിവ വ്യത്യസ്തമായ കാര്യങ്ങളാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതില്‍ രോഗം വരാതിരിക്കാന്‍ വാക്‌സിന്‍ പ്രതീക്ഷിച്ച അളവില്‍ സഹായകമാകുന്നില്ല എന്നതാണ് സത്യം.

വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് ബാധിക്കാനും, വാക്‌സിനെടുത്തവരില്‍ നിന്നും വൈറസ് മറ്റുള്ളവരിലേയ്ക്ക് വ്യാപിക്കാനും സാധ്യതയുണ്ട്- ഹോലഹാന്‍ വ്യക്തമാക്കി. ബുധനാഴ്ച നടന്ന National Public Health Emergency Team (Nphet) അവലോകനയോഗത്തിലാണ് ഹോലഹാന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

നിലവില്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ 93% പേരും പൂര്‍ണ്ണമായും വാക്‌സിന്‍ ലഭിച്ചവരാണ്. കുട്ടികളടക്കം ആകെ ജനസംഖ്യയുടെ 75% പേരും വാക്‌സിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. ലോകത്ത് തന്നെ ഇത്രയും മികച്ച വാക്‌സിനേഷന്‍ നിരക്ക് കൈവരിച്ച രാജ്യങ്ങള്‍ വളരെ കുറവാണ്.

പക്ഷേ വാക്‌സിനേഷനിലൂടെ മാത്രം ലോകത്തെ ഒരു രാജ്യത്തിനും കോവിഡ് മുക്തി പ്രാപിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഹോലഹാന്‍ ചൂണ്ടിക്കാട്ടി. ഡെല്‍റ്റ പോലുള്ള വകഭേദങ്ങള്‍ അതീവവ്യാപനശേഷിയുള്ളവയാണ്. രാജ്യത്ത് രോഗവ്യാപനം ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം 1,631 പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 503 പേര്‍ രോഗബാധിതരായി ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതുവരെ 5,436 പേരാണ് അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

Share this news

Leave a Reply

%d bloggers like this: