ഡബ്ലിനിൽ 853 സോഷ്യൽ, കോസ്റ്റ് റെന്റൽ വീടുകൾ നിർമ്മിക്കാൻ കൗൺസിലർമാരുടെ അംഗീകാരം; പദ്ധതി വഴി 204,000 യൂറോയ്ക്ക് വീടുകൾ ലഭ്യമാകും

ഡബ്ലിനിലെ Santry-യിലുള്ള Oscar Traynor Road-ല്‍ 853 സോഷ്യല്‍, അഫോര്‍ഡബിള്‍ ഹൗസുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കൗണ്‍സിലര്‍മാരുടെ അംഗീകാരം. എട്ട് വര്‍ഷം മുമ്പ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ആദ്യമായി കൊണ്ടുവന്ന പദ്ധതിക്കാണ് പലതവണ നടത്തിയ പുനഃപരിശോധനകള്‍ക്ക് ശേഷം കൗണ്‍സിലര്‍മാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. കൗണ്‍സിലിന് കീഴില്‍ ഒഴിഞ്ഞുകിടക്കുന്ന ഏറ്റവും വലിയ ഭൂമികളില്‍ ഒന്നാണ് Oscar Traynor Road-ലേത്.

23-നെതിരെ 36 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൗണ്‍സിലര്‍മാര്‍ പദ്ധതി അംഗീകരിച്ചത്. Fianna Fail, Fine Gael, Green Party എന്നിവര്‍ക്കൊപ്പം ഭൂരിപക്ഷം Labour Party അംഗങ്ങളും പദ്ധതിയെ പിന്തുണച്ചു. Sinn Féin, Social Democrats, People Before Profit, ഭൂരിപക്ഷം സ്വതന്ത്രര്‍ എന്നിവര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം വോട്ടിനിട്ട പദ്ധതി തള്ളിപ്പോകാനുള്ള പ്രധാന കാരണം കണ്‍സ്ട്രക്ഷന്‍ കമ്പനിയായ Glenveagh-ക്ക് പുറത്ത് വില്‍പ്പന നടത്താനായി നല്‍കിയ വീടുകളുടെ എണ്ണത്തിലെ തര്‍ക്കമാണ്. അന്ന് 30% സോഷ്യല്‍ ഹൗസിങ്, 20% അഫോര്‍ഡബിള്‍ ഹൗസിങ്, 50% കമ്പനി വക പുറത്ത് വില്‍പ്പന നടത്തല്‍ എന്നിങ്ങനെയായിരുന്നു കരാര്‍.

പുതിയ പദ്ധതിയില്‍ Glenveagh ഏറ്റെടുത്ത് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ആകെയുള്ള 853 വീടുകളുടെ 40% സോഷ്യല്‍ ഹൗസിങ് പദ്ധതിക്കായി മാറ്റിവയ്ക്കും. മറ്റൊരു 40% കോസ്റ്റ് റെന്റല്‍ വീടുകളായി വാടകയ്ക്ക് നല്‍കാനും, ബാക്കി 20% ചെറിയ വിലയ്ക്ക് അര്‍ഹരായ ഇടത്തരക്കാരായ തൊഴിലാളികള്‍ക്ക്, വരാനിരിക്കുന്ന affordable purchase scheme പ്രകാരം വില്‍ക്കാനുമാണ് തീരുമാനമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അഫോര്‍ഡബിള്‍ ഹോം പദ്ധതി പ്രകാരം സിംഗിള്‍ ബെഡ്‌റൂം വീടിന് ഇവിടെ 204,000 യൂറോ മുതല്‍ 238,000 യൂറോ വരെയാകും വില. ത്രീ ബെഡിന് 250,000 മുതല്‍ 306,000 യൂറോ വരെയും.

കോസ്റ്റ് റെന്റല്‍ 2-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് മാസം 1,500 യൂറോ വരെയാകും വാടക.

പ്ലാനിങ് പെര്‍മിഷന്‍ ലഭിക്കുന്നതോടെ 2022-ല്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. നാല് വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും.

Share this news

Leave a Reply

%d bloggers like this: