ഒമൈക്രോൺ പിടിമുറുക്കുന്നു; സ്വന്തം വീട്ടുകാരുമായല്ലാതെ സമ്പർക്കം പാടില്ലെന്ന് കർശന നിർദ്ദേശം

അയര്‍ലണ്ടില്‍ ഒമൈക്രോണ്‍ വകഭേദം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം വീട്ടുകാരല്ലാത്ത ആരുമായും സമ്പര്‍ക്കത്തിലേര്‍പ്പെടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ടോണി ഹോലഹാന്‍. കോവിഡ് ആരംഭിച്ചതിന് ശേഷം ഇന്നേവരെ ഏററവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ക്രിസ്മസ് ദിവസമാണ്. 13,765 പേര്‍ക്കാണ് ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ചത്.

ക്രിസ്മസ് ആഘോഷം തുടരുന്നതിനാല്‍ വരുംദിവസങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കേയാണ് ഹോലഹാന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ആള്‍ക്കൂട്ടം, കടകള്‍ എന്നിവ പരമാവധി ഒഴിവാക്കാനും, ആരോഗ്യനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാത്ത കടകളില്‍ നിന്നും ഉടന്‍ പറത്തുപോകാനുമാണ് ഹോലഹാന്‍ നിര്‍ദ്ദേശിക്കുന്നത്. അയര്‍ലണ്ടിലെ പ്രബല വകഭേദമായി ഒമൈക്രോണ്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ഹോലഹാന്‍ വ്യക്തമാക്കി.

‘അതിവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപനശേഷിയുള്ളതാണിത് (ഒമൈക്രോണ്‍) എന്ന് നമുക്കറിയാം. അതിനാല്‍ സ്വന്തം വീട്ടുകാരല്ലാതെ മറ്റുള്ളവരുമായി അടച്ചിട്ട സ്ഥലങ്ങളില്‍ വച്ച് സമ്പര്‍ക്കത്തിലേര്‍പ്പെടാതിരിക്കുക.’ ഹോലഹാന്‍ പറഞ്ഞു.

കഴിയുന്നതും ഓണ്‍ലൈന്‍ വഴി ഷോപ്പ് ചെയ്യുക, തിരക്കേറിയ കടകളാണെങ്കില്‍ പുറത്ത് കാത്ത് നിന്ന് തിരക്ക് കുറയുമ്പോള്‍ അകത്ത് കയറുക എന്നീ നിര്‍ദ്ദേശങ്ങളും ഹോലഹാന്‍ നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: