വ്യാഴാഴ്ച മുതൽ സ്‌കൂളുകൾ തുറക്കും; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ

കോവിഡ് കാരണം അടച്ചിട്ട അയര്‍ലണ്ടിലെ സ്‌കൂളുകള്‍ നേരത്തെ തീരുമാനിച്ചത് പോലെ തന്നെ വ്യാഴാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി. ഒമൈക്രോണ്‍ വകഭേദം കാരണം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിവിധ മേളകളില്‍ ആശങ്ക നിലനില്‍ക്കേയാണ് മുന്‍ തീരുമാനപ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്.

നിലവില്‍ രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍ നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച തന്നെ സ്‌കൂളുകള്‍ തുറക്കുന്നത്. നേരത്തെ വിവിധ അദ്ധ്യാപക സംഘടനകളടക്കം തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ശേഷം വിദ്യാഭ്യാസമന്ത്രി, വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍, സംഘടനകള്‍, സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ എന്നിവര്‍ വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനം അംഗീകരിക്കുകയായിരുന്നു.

സ്‌കൂളുകളിലെ കോവിഡ് ബാധ തടയാനുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്ന് ചര്‍ച്ചയില്‍ നിഗമനത്തിലെത്തിയതായി വിദ്യാഭ്യാസവകുപ്പ് വക്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും, ആരോഗ്യവിദഗ്ദ്ധരും വ്യക്തത വരുത്തിയതായും വക്താവ് കൂട്ടിച്ചേര്‍ത്തു.

കൈകള്‍ ശുദ്ധി വരുത്തുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം അറിയിച്ചു. നല്ല വെന്റിലേഷന്‍ സൗകര്യമൊരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

രോഗലക്ഷണമോ, രോഗികളുമായി സമ്പര്‍ക്കമോ ഉണ്ടായ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇതിനിടെ രാജ്യത്തെ കോവിഡ് ബാധ രൂക്ഷമായതിനെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനായി മൂന്ന് സര്‍ക്കാര്‍ കക്ഷികളുടെയും നേതാക്കള്‍ ഇന്നലെ കൂട്ടിക്കാഴ്ച നടത്തി. Fianna Fail നോതാവും, പ്രധാനമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍, Fine Gael നേതാവും, ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍, ഗ്രീന്‍ പാര്‍ട്ടി നേതാവും, ഗതാഗത-പരിസ്ഥിതി വകുപ്പ് മന്ത്രിയുമായ ഈമണ്‍ റയാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. നിലവിലെ പ്രതിസന്ധി എങ്ങനെ നേരിടണമെന്ന് ആലോചിക്കുന്നതിനായി വരുന്ന ബുധനാഴ്ച മന്ത്രിസഭാ തലത്തില്‍ ചര്‍ച്ച നടത്താനും തീരുമാനമായിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: