അയർലണ്ടിൽ സ്വന്തമായി ഒരു വീട് നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ സർക്കാരിന്റെ പുതിയ Local Authority Home Loan പദ്ധതിയെക്കുറിച്ചറിയൂ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാനായി സര്‍ക്കാര്‍ പിന്തുണയോടെ പുതിയ പദ്ധതി. Local Authority Home Loan എന്ന പേരില്‍ നടത്തപ്പെടുന്ന പദ്ധതി പ്രകാരം സര്‍ക്കാര്‍ പിന്തുണയോടെ മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. തദ്ദേശസ്ഥാപനങ്ങളാണ് മോര്‍ട്ട്‌ഗേജ് കാര്യത്തില്‍ തീരുമാനമെടുക്കുക.

പുതിയ വീട് വാങ്ങുക, സെക്കന്‍ഡ് ഹാന്‍ഡ് വീട് വാങ്ങുക അതല്ലെങ്കില്‍ സ്വന്തമായി വീട് നിര്‍മ്മിക്കുക എന്നീ കാര്യങ്ങള്‍ക്കായി മോര്‍ട്ട്‌ഗേജ് ലഭിക്കും. ഈ പദ്ധതിയെ സര്‍ക്കാര്‍ പദ്ധതികളായ Tenant Purchase Scheme, Affordable Housing Scheme എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യാം.

‘Fresh Start’ എന്ന തത്വത്തില്‍, ഡിവോഴ്‌സ് ചെയ്തവര്‍, ബന്ധം പിരിഞ്ഞവര്‍, ഫാമിലി ഹോം താല്‍പര്യമില്ലാത്തവര്‍, പാപ്പരാക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് സ്‌കീമില്‍ പ്രത്യേകം പരിഗണന ഉണ്ട്.

ജനുവരി 4 മുതലാണ് പദ്ധതി ആരംഭം. ഇതിനായി നിങ്ങളുടെ തദ്ദേശസ്ഥാപനങ്ങളെ (Local Authorities) സമീപിക്കാം. സാധാരണയായുള്ള Capital and Interest-bearing രീതിയിലാണ് മോര്‍ട്ട്‌ഗേജ് ലഭിക്കുക. മാസത്തിലാണ് തിരിച്ചടവ്.

വീട് വിലയുടെ 90% വരെ മോര്‍ട്ട്‌ഗേജായി പദ്ധതി പ്രകാരം ലഭിക്കും.

അതേസമയം ഓരോ പ്രദേശത്തും വീടിന്റെ പരമാവധി വില പദ്ധതി പ്രകാരം നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. Cork, Dublin, Galway, Kildare, Louth, Meath, Wicklow എന്നിവിടങ്ങളില്‍ അത് 320,000 യൂറോ ആണ്. മറ്റ് കൗണ്ടികളില്‍ 250,000 യൂറോ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • മോര്‍ട്ട്‌ഗേജ് തിരിച്ചടവ് മുടങ്ങിയാല്‍ വീട് നഷ്ടപ്പെട്ടേക്കാം.
  • മാസത്തവണ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
  • തിരിച്ചടവ് മുടങ്ങുന്ന അക്കൗണ്ടില്‍ കുടിശ്ശിക വരാനും, ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാനും സാധ്യതയുണ്ട്. അത് ഭാവിയില്‍ ലോണ്‍ ലഭിക്കുന്നതിന് തടസമായേക്കാം.

പദ്ധതി പ്രകാരം മോര്‍ട്ട്‌ഗേജിന് അര്‍ഹരായവര്‍

  • ആദ്യമായി വീട് വാങ്ങുന്നവരായിക്കണം.
  • 18-70 വയസ് വരെ പ്രായക്കാരായിക്കണം.
  • കുറഞ്ഞത് രണ്ട് വര്‍ഷമായി (primary earner ആണെങ്കില്‍) സ്ഥിരജോലിക്കാര്‍ ആയിരിക്കണം. Secondary earner ആണെങ്കില്‍ ഒരു വര്‍ഷം മതി.
  • വാര്‍ഷിക വരുമാനം പരമാവധി 65,000 യൂറോ (Cork, Dublin, Galway, Kildare, Louth, Meath, Wicklow കൗണ്ടികള്‍ക്ക്). മറ്റ് കൗണ്ടികള്‍ക്ക് 50,000 യൂറോ.
  • ജോയിന്റ് അപ്ലിക്കന്റ്‌സ് ആണെങ്കില്‍ പരമാവധി വാര്‍ഷിക വരുമാനം 75,000 യൂറോ.
  • സ്വയം തൊഴില്‍ ചെയ്യുന്നയാളാണെങ്കില്‍ രണ്ട് വര്‍ഷത്തെ സാക്ഷ്യപ്പെടുത്തിയ അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം.
  • രണ്ട് അംഗീകൃത ധനകാര്യസ്ഥാപനങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമായ തുക മോര്‍ട്ട്‌ഗേജ് നല്‍കിയില്ല എന്ന് വ്യക്തമാക്കുന്ന രേഖ സമര്‍പ്പിക്കണം.
  • അയര്‍ലണ്ടിലോ, പുറത്തോ സ്വന്തമായി വീട് ഉണ്ടായിരുന്നവര്‍ ആകരുത്. അതല്ലെങ്കില്‍ Fresh Start വിഭാഗത്തില്‍ വരണം. ഡിവോഴ്‌സ് ചെയ്തവര്‍, ബന്ധം പിരിഞ്ഞവര്‍, ഫാമിലി ഹോം താല്‍പര്യമില്ലാത്തവര്‍, പാപ്പരാക്കപ്പെട്ടവര്‍ തുടങ്ങിയവരാണ് ഈ വിഭാഗത്തില്‍ പെടുന്നവര്‍.
  • തങ്ങള്‍ ആദ്യമായി വീട് വാങ്ങുന്നവരാണെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തണം. തുടര്‍ന്ന് ഇത് സത്യമാണോ എന്നറിയാന്‍ തദ്ദേശസ്ഥാപനം നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കണം. ഉദാ: Local Property Tax പരിശോധന.
  • സ്ഥിരതാമസത്തിനായി ആയിരിക്കണം വീട് വാങ്ങുന്നത്.
  • അയര്‍ലണ്ടിലായിരിക്കണം വീട് വാങ്ങുന്നത്.
  • ഓരോ കൗണ്ടിയിലും തീരുമാനിച്ചിട്ടുള്ള പരമാവധി തുകയ്ക്ക് ഉള്ളിലായിരിക്കണം വീടിന്റെ വില.
  • Central Credit Register പരിശോധനയ്ക്ക് സമ്മതമായിരിക്കണം.
  • അയര്‍ലണ്ടില്‍ ജീവിക്കാനും, ജോലി ചെയ്യാനുമുള്ള അനുമതി ഉണ്ടായിരിക്കണം.

പലിശ

25 വര്‍ഷം വരെ 2.495% ആണ് പലിശ. 30 വര്‍ഷം വരെ ആണെങ്കില്‍ 2.745%. മോര്‍ട്ട്‌ഗേജ് ലഭിക്കുന്ന സമയത്തെ വിപണി നിരക്ക് അനുസരിച്ച് ഇതില്‍ മാറ്റം വന്നേക്കാം.

ഇതിന് പുറമെ Mortgage Protection Insurance (MPI) അടയ്‌ക്കേണ്ടതുണ്ട്. ഇതും മാസത്തവണകളായി അടയ്ക്കാം.

മാസത്തവണ നിശ്ചിത തുകയായി തുടരും. അതേസമയം ലോണ്‍ കാലാവധിക്ക് മുമ്പ് തുക അടച്ച് തീര്‍ക്കുകയോ, ഒരുമിച്ച് ഒരു വലിയൊരു തുക അടയ്ക്കുകയോ ചെയ്യുമ്പോള്‍ breakage fee നല്‍കേണ്ടിവന്നേക്കാം.

എങ്ങനെ അപേക്ഷിക്കാം?

സ്‌കീം പ്രകാരം മോര്‍ട്ട്‌ഗേജിന് അപേക്ഷിക്കാനായി https://localauthorityhomeloan.ie/uploads/files/LA-home-loan-app-form2022v6.pdf ലിങ്ക് വഴി ലഭിക്കുന്ന ഫോം പൂരിപ്പിച്ച് നല്‍കണം. ഫോമില്‍ ആവശ്യപ്പെടുന്ന എല്ലാ രേഖകളോടുമൊപ്പം നിങ്ങളുടെ തദ്ദേശ സ്ഥാപനത്തില്‍ സമര്‍പ്പിക്കുക.

കഴിവതും നേരിട്ട് തന്നെ അപേക്ഷ സമര്‍പ്പിക്കുക, കാരണം അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ അപ്പോള്‍ തന്നെ തിരുത്താവുന്നതാണ്. പോസ്റ്റ് വഴി ലഭിക്കുന്ന അപേക്ഷകളില്‍ തെറ്റുണ്ടെങ്കില്‍ അപേക്ഷ തിരിച്ചയയ്ക്കും.

അപേക്ഷയില്‍ തീരുമാനമെടുത്താല്‍ കത്ത് മുഖാന്തരം അറിയിക്കുന്നതായിരിക്കും.

സ്‌കീം സംബന്ധിച്ച സംശയദുരീകരണത്തിനായി വിളിക്കാം: 051 349720 (8am to 5pm – Monday to Friday)

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://localauthorityhomeloan.ie/

തദ്ദേശ സ്ഥാപനത്തില്‍ നേരിട്ടെത്തിയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാം. അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതത് തദ്ദേശസ്ഥാപനത്തില്‍ നിന്ന് മാത്രമേ അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകൂ.

Share this news

Leave a Reply

%d bloggers like this: