ജീവിതച്ചെലവ് താങ്ങാൻ വയ്യ; ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടന

രാജ്യത്ത് ജീവിതച്ചെലവ് താങ്ങാവുന്നതിലുമധികമായിരിക്കുന്ന സാഹചര്യത്തില്‍ ശമ്പളവര്‍ദ്ധന വേണമെന്ന് ആവശ്യമുയര്‍ത്തി അദ്ധ്യാപകസംഘടനയായ Irish National Teachers’ Organisation (INTO). നിലവിലെ പണപ്പെരുപ്പത്തിന് ആനുപാതികമായി അദ്ധ്യാപരുടെ ശമ്പളത്തില്‍ വര്‍ദ്ധന വരുത്തണമെന്നാണ് സംഘടനയുടെ ആവശ്യം.

സംഘടനയുടെ ഈസ്റ്റര്‍ സമ്മേളനം നടക്കുന്നതിനിടെ ഇന്ന് ശമ്പളവിഷയം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. പൊതുമേഖലാ ജീവനക്കാര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്ന 1% ശമ്പളവര്‍ദ്ധന, നിലവിലെ സാമ്പത്തികസാഹചര്യത്തില്‍ മതിയാകാതെ വരുമെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.

ഈ വര്‍ഷം രാജ്യത്തെ പണപ്പെരുപ്പം 6.5% ആകുമെന്ന് സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശമ്പള വര്‍ദ്ധന വരുത്തിയാല്‍ അത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം അദ്ധ്യാപകര്‍ക്കും, പൊതുമേഖലാ ജീവനക്കാര്‍ക്കും ശമ്പള വര്‍ദ്ധന നടപ്പിലാക്കിയാല്‍ അത് പണപ്പെരുപ്പത്തിന് കാരണമാകില്ലെന്നും, മുന്‍ വര്‍ഷം ജീവനക്കാര്‍ക്ക് സംഭവിച്ച ശമ്പളനഷ്ടവുമായി അത് ഒത്തുപോകുമെന്നും യൂണിയനുകള്‍ പറയുന്നു. INTO-യ്ക്ക് പുറമെ മറ്റ് പൊതുമേഖലാ തൊഴിലാളി സംഘനകളും വൈകാതെ തന്നെ ശമ്പള വര്‍ദ്ധന ചര്‍ച്ചാ വിഷയമാക്കുമെന്നാണ് കരുതുന്നത്.

രാജ്യത്തെ പണപ്പെരുപ്പം അമിതമായതോടെ നേരത്തെ തീരുമാനിച്ച ശമ്പളവര്‍ദ്ധന പുനഃപരിശോധിക്കണമെന്ന് Irish Congress of Trade Unions (Ictu) ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് INTO ശമ്പള വര്‍ദ്ധന എന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ഇത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി INTO നേതാക്കളെ കാണാനിരിക്കുകയാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നിയമനം ലഭിച്ച ആയിരക്കണക്കിന് സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് വര്‍ഷം 1,300 യൂറോ അലവന്‍സ് ഇനത്തില്‍ ശമ്പള വര്‍ദ്ധന നല്‍കാന്‍ നേരത്തെ തീരുമാനമായിരുന്നു. Professional master of education allowance എന്നാണ് ഇത് അറിയപ്പെടുന്നത്.

രാജ്യത്ത് അദ്ധ്യാപകരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും INTO ഉയര്‍ത്തുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: