അയർലണ്ടിൽ 84 കോവിഡ് മരണങ്ങൾ കൂടി; ജനുവരിയിൽ കോവിഡ് ബാധ രൂക്ഷമായത് തങ്ങളുടെ വീഴ്ചയെന്ന് മുൻ Nphet തലവൻ

അയര്‍ലണ്ടില്‍ കഴിഞ്ഞയാഴ്ച 84 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതില്‍ 20 എണ്ണം തിങ്കളാഴ്ചയാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 7,016 ആയി. തിങ്കളാഴ്ച 2,246 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞയാഴ്ച 500-ന് താഴെ എത്തിയിരുന്നെങ്കിലും, തിങ്കളാഴ്ച ഇത് വീണ്ടും 535 ആയി ഉയര്‍ന്നു. ഇതില്‍ 43 പേര്‍ ഐസിയുവിലാണ്.

ഇതിനിടെ കോവിഡ് ബാധ സംബന്ധിച്ച് കൃത്യമായ പ്രതിരോധപദ്ധതികള്‍ മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുന്നതില്‍ താന്‍ വീഴ്ച വരുത്തിയതായി National Public Health Emergency Team (Nphet) മുന്‍ തലവനായ പ്രൊഫ. ഫിലിപ് നോലാന്‍ വെളിപ്പെടുത്തി. ഇതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് അയര്‍ലണ്ടില്‍ കോവിഡ് ബാധ ഉച്ചസ്ഥായിയിലെത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് ലിമറിക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Nphet അധികൃതരും, ആരോഗ്യവിദഗ്ദ്ധരും എന്ന നിലയില്‍ കോവിഡ് പ്രതിരോധവും, അനിശ്ചിതാവസ്ഥയും സംബന്ധിച്ച് തങ്ങള്‍ കൃത്യമായ ആശവിനിമയം നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി മാസത്തില്‍ അയര്‍ലണ്ടില്‍ കോവിഡ് ബാധ അതിരൂക്ഷമായത് ക്രിസ്മസ് കാലത്ത് വീണ്ടുവിചാരമില്ലാതെ നിയന്ത്രണങ്ങളെടുത്ത് മാറ്റിയതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സമയം യു.കെ വേരിയന്റാണ് ഇവിടെ പടര്‍ന്നുപിടിച്ചത്. നിയന്ത്രണങ്ങള്‍ എടുത്തുമാറ്റരുതെന്ന Nphet നിര്‍ദ്ദേശം അവഗണിച്ചായിരുന്നു സര്‍ക്കാരിന്റെ ഈ നീക്കം. എന്നാല്‍ Nphet നിര്‍ദ്ദേശം അന്ന് വേണ്ടവിധത്തില്‍ സര്‍ക്കാരിലെത്തിയില്ല എന്ന സൂചനയാണ് നോലാന്‍ നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: