ഡബ്ലിൻ എയർപോർട്ടിൽ തിരക്ക് കാരണം വിമാനയാത്ര നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് DAA

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ അസാധാരണമായ തിരക്കും, മണിക്കൂറുകള്‍ നീളുന്ന ക്യൂവും കാരണം പല യാത്രക്കാര്‍ക്കും ഫ്‌ളൈറ്റ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വ്യക്തമാക്കി എയര്‍പോര്‍ട്ട് അധികൃതര്‍. ഇത്രയധികം തിരക്കുണ്ടാകുമെന്ന കാര്യം നേരത്തെ തന്നെ യാത്രക്കാരെ അറിയിക്കുന്നതില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി അധികൃതര്‍ സമ്മതിക്കുകയും ചെയ്തു. എയര്‍പോര്‍ട്ട് ടെര്‍മിനലിന് പുറത്തേയ്ക്ക് ക്യൂ നീളുന്ന വീഡിയോകളും ഫോട്ടോകളും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

വരും ദിവസങ്ങളിലും തിരക്ക് വര്‍ദ്ധിക്കുകയാകും ചെയ്യുകയെന്ന് ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഞായാറാഴ്ച 50,000 യാത്രക്കാരോളമാണ് എയര്‍പോര്‍ട്ടിലെത്തിയത്.

ഫ്‌ളൈറ്റ് കിട്ടാതെ പോകുന്നവര്‍ക്കും, പ്ലാന്‍ മാറിയത് മൂലം കൂടുതല്‍ പണം ചെലവാകുന്നവര്‍ക്കും തക്കതായ നഷ്ടപരിഹാരം നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എയര്‍പോര്‍ട്ടിലെ സാഹചര്യം ഒട്ടും തൃപ്തികരമല്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും പ്രതികരിച്ചു. പ്രശ്‌നത്തില്‍ ഗതാഗതമന്ത്രി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ലെയിനുകള്‍ തുറന്ന് ക്യൂ നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന് DAA സമ്മതിച്ചു. ആവശ്യത്തിന് ജീവനക്കാരുണ്ടായിരുന്നില്ലെന്നും DAA പറയുന്നു.

ഞായറാഴ്ച ഫ്‌ളൈറ്റ് നഷ്ടമായവര്‍ക്ക് അന്നേദിവസം വൈകിട്ടും, തിങ്കളാഴ്ചയും വേറെ ഫ്‌ളൈറ്റ് ബുക്ക് ചെയ്യാന്‍ DAA സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് വേറെ തുക ഈടാക്കില്ല.

പ്രശ്‌നം വൈകാതെ പരിഹരിക്കുമെന്നും DAA വക്താവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: