ഇന്ത്യയുടെ വിലക്ക് നീക്കി ഫിഫ ; വിലക്ക് മൂലം ഗോകുലം കേരളയ്ക്ക് നഷ്ടമായത് സുവർണാവസരം

ഇന്ത്യയുടെ ഔദ്യോഗിക ഫുട്ബോള്‍ ഗവേണിങ് ബോഡിയായ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്(AIFF) മേല്‍ ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഇതോടെ ഇന്ത്യന്‍ ടീമുകള്‍ക്കും ഇന്ത്യയില്‍ നിന്നുള്ള ക്ലബ്ബുകള്‍ക്കും ഇനി അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാനാവും. വിലക്ക് മൂലം നഷ്ടമാവുമെന്ന് കരുതിയ അണ്ടര്‍-17 വനിതാ ലോകകപ്പും ഇനി ഇന്ത്യയില്‍ തന്നെ നടക്കും.

ഇന്ത്യയുടെ ഫുട്ബോള്‍ ഗവേണിങ് ബോഡിയില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഫിഫ ആഗസ്ത് 15 ന് ഇന്ത്യക്ക് മേല്‍ വിലക്കേര്‍പ്പെടുത്തിയത്. സെപ്തംബര്‍ രണ്ടിന് AIFF ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിലക്കു നിക്കാനുള്ള ഫിഫയുടെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രക്രിയ ഫിഫ നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഹൃസ്വകാലത്തേക്ക് മാത്രമാണ് വിലക്ക് നിലനിന്നതെങ്കിലും ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഗോകുലം കേരള എഫ്.സിയുടെ വനിതാ ടീമിനെയാണ്. AFC വനിതാ ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയിരുന്ന കേരളത്തിന്റെ ടീം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനായി ഉസ്ബക്കിസ്ഥാനില്‍ എത്തിയിരുന്നു. ഈയവസരത്തിലാണ് ഫിഫ ഇന്ത്യയെ വിലക്കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നെങ്കിലും എ,എഫ്.സി അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ടീം നിരാശരായി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിലാണ് ഒരു സുവര്‍ണ്ണാവസരം കേരളത്തിന് നഷ്ടമായത്. കേരള ബ്ലാസ്റ്റേഴ്സ് യു.എ.ഇയില്‍ നടത്താനിരുന്ന പരിശീലന മത്സരങ്ങളും വിലക്ക് മൂലം റദ്ദാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: