രുചിഭേദങ്ങളുടെ വൈവിദ്ധ്യങ്ങളുമായി കോർക്ക് പ്രവാസിമലയാളി അസോസിയേഷൻ്റെ പായസമേള ശ്രദ്ധയാകർഷിച്ചു .

കോർക്ക്: കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാ വിഭാഗം സംഘടിപ്പിച്ച പായസമേള വൻജനപങ്കാളിത്തംകൊണ്ടും രുചി വൈവിദ്ധ്യങ്ങൾ കൊണ്ടും ശ്രദ്ധേയമായി. അയർലണ്ടിൽ തന്നെ ആദ്യമായിട്ടാണ് ഓണത്തോടനുബന്ധിച്ചു ഇത്രയും വിപുലമായി പായസമേള നടക്കുന്നത്. പതിനേഴു മത്സരാർത്ഥികൾ പങ്കെടുത്ത പായസമേളയിൽ ബ്രിട്ടനിലെ പ്രശസ്തമായ വഞ്ചിനാട് കിച്ചൺസ് ഹെഡ് ഷെഫും പ്രമുഖ വ്ലോഗ്ഗറും കൂടിയായ ബിനോജ് ജോൺ വിധികർത്താവായിരുന്നു.

ക്ലോയീൻ കെറി പൈക്ക് കമ്മ്യൂണിറ്റി ഹാളിൽ സെപ്റ്റംബർ മൂന്നിന് സംഘടിപ്പിച്ച പായസ മേളയിയിൽ കോർക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. മേള
കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികളായ ജെനിഷ് ജെയിംസ്, ഷിബിൻ, ജോർജ്ജ്, സദസ്സിലെ ഏറ്റവും പ്രായം ചെന്നയാളായ ഏലിയാമ്മ കുഞുമോൻ, പ്രശസ്ത ഷെഫ് ബിനോജ് ജോൺ എന്നിവർ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു.

മത്സരാർത്ഥികൾ വിവിധങ്ങളായ രുചിക്കൂട്ടുകളുമായി പായസങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ് മേളയ്ക്ക് സമ്മാനിച്ചത്. കടലപ്പരിപ്പ് പായസം, അടപ്രഥമൻ, ഗോതമ്പ് പായസം, പരിപ്പ്‌ പ്രഥമൻ, ചെറുപരിപ്പു പായസം, നേന്ത്രപ്പഴ പ്രഥമൻ, പാലട പായസം, ഉണ്ണിയപ്പം പ്രഥമൻ, മിക്സഡ് ഫ്രൂട്ട്‌ പായസം, ഉണക്കലരി പായസം, ക്യാരറ്റ് പായസം, റവ പായസം തുടങ്ങി വിവിധങ്ങളായ കൊതിയൂറും പായസവിഭവങ്ങൾ മേളയുടെ പ്രത്യേകതയായിരുന്നു. പങ്കെടുത്തവരിൽ നിന്നും അഞ്ചുപേർ അവസാന റൗണ്ടിൽ കടന്നു. അതിൽ നിന്നുമാണ് വിജയികളെ തെരഞ്ഞെടുത്തത്. ഗീതു വിമൽരാജ് പായസമേളയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടാം സമ്മാനം ബിനുമോളും മൂന്നാം സമ്മാനത്തിനു വിന്നിയും അർഹരായി. കടുത്ത മത്സരമായിരുന്നതുകൊണ്ടുതന്നെ വിജയികളെ തെരഞ്ഞെടുക്കുക എന്നതു വളരെ പ്രയാസമുള്ളതായിരുന്നുവെന്നു സമ്മാനദാനം നിർവ്വഹിക്കവെ ശ്രീ ബിനോജ് ജോൺ അഭിപ്രായപ്പെട്ടു. കൂടാതെ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു.

പായസമേളയിൽ പങ്കെടുക്കാനും പായസങ്ങൾ രുചിച്ചു നോക്കുവാനുമായി കോർക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം പ്രവാസി മലയാളികൾ എത്തിച്ചേർന്നിരുന്നു. കണ്ണിനു കുളിർമയും നാവിനു മധുരവും പകർന്ന പായസമേള വലിയൊരു അനുഭവമാണ് പകർന്നതെന്നു നാട്ടിൽ നിന്നും അയർലൻഡ് സന്ദർശിക്കാനെത്തിയ ട്രീസ അഭിപ്രായപ്പെട്ടു. കോർക്കിൽ ആദ്യമായി പായസമേള സംഘടിപ്പിക്കാൻ മുൻകൈയെടുത്ത വനിതാ വിഭാഗത്തെയും അതിന് നേതൃത്വം കൊടുത്ത മെൽബ സിജു(CPMA Women’s Wing Conveenor), സ്വേത, സന്ധ്യ സുബാഷ് എന്നിവരെയും സംഘടനയുടെ പ്രസിഡന്റ് ജെനിഷ്‌ അഭിനന്ദിച്ചു.

മത്സരത്തിൽ പങ്കെടുത്തവർക്കും,
സ്പോൺസർമാരായ പോൾസ് കുസീൻ, ഒലിവ് കിച്ചൻ, കോൺഫിഡന്റ് ട്രാവെൽസ് ഡബ്ലിൻ, സ്‌പൈസ് ഇന്ത്യ കേറ്ററിംഗ് അത്‌ലോൺ എന്നിവർക്കും മേള സന്ദർശിക്കാനെത്തിയ എല്ലാവർക്കും
കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ സെക്രട്ടറി ശ്രീ ഷിബിൻ കുഞ്ഞുമോൻ നന്ദി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: