അയർലൻഡിലെ ഗാർഡ സേനാംഗങ്ങൾക്കുള്ള ഡ്രഗ് ടെസ്റ്റ് ഈ വർഷം അവസാനം മുതൽ

അയര്‍ലന്‍ഡിലെ ഗാര്‍ഡയിലെ അംഗങ്ങള്‍ക്കുള്ള ഡ്രഗ് ടെസ്റ്റ് ഈ വര്‍ഷം അവസാനം മുതല്‍ നിലവില്‍ വരും. ഗാര്‍ഡയിലെ അഴിമതി നിയന്ത്രിക്കുന്നതിനായുള്ള ജസ്റ്റിസ് ഡിപാര്‍ട്മെന്റിന്റെ പ്രത്യേക ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് നടപടി. ആക്ഷന്‍ പ്ലാനിന് ഈയാഴ്ച തുടക്കത്തിലായിരുന്നു അയര്‍ലന്‍ഡ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഗാര്‍ഡയ്ക്കുള്ളിലെ ഡ്രഗ് ടെസ്റ്റിന് പുറമെ, പുതുതായി സേനയിലേക്ക് ചേരുന്ന അംഗങ്ങളിലും ഡ്രഗ് ടെസ്റ്റ് നടത്താമെന്നുള്ള വ്യവസ്ഥ പുതിയ ആക്ഷന്‍ പ്ലാനിലുണ്ട്. ആക്ഷന്‍ പ്ലാന്‍ സംബന്ധിച്ച് ഗാര്‍ഡ അസോസിയേഷനുകളുമായും, യൂണിയനുകളുമായുള്ള ചര്‍ച്ചകളും ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ഗാര്‍ഡയിലെ ആഭ്യന്തര അഴിമതി തടയുന്നതുമായി ബന്ധപ്പെട്ട് കഴി‍ഞ്ഞ വര്‍ഷം സമര്‍പ്പിക്കപ്പെട്ട Garda Inspectorate’s report ന്റെ അടിസ്ഥാനത്തിലാണ് സുപ്രധാമായ ഈ തീരുമാനം സര്‍ക്കാര്‍ എടുത്തത്. സേനയ്ക്കുള്ളിലെ അഴിമതി വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നതിനും ഗാർഡ, നീതിന്യായ വകുപ്പ്, ഗതാഗത വകുപ്പ് എന്നിവയ്ക്കുള്ളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 34 ശുപാർശകളായിരുന്നു ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

ഈ 34 ശുപാര്‍ശകളില്‍ രണ്ടെണ്ണം മാത്രമാണ് പൂര്‍ണ്ണമായും നടപ്പാക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടുള്ളത്. ഗാര്‍ഡയുടെ പ്രൊഫഷണല്‍ ബൌണ്ടറികള്‍, ലൈംഗിക നേട്ടങ്ങള്‍ക്കായുള്ള അധികാര ദുര്‍വിനിയോഗം, താത്പര്യ വൈരുദ്ധ്യങ്ങള്‍, ബിസിനസ് താത്പര്യങ്ങള്‍, അടിയന്തിര സാഹചര്യങ്ങളിൽ ഫിക്സഡ് ചാർജ് പെനാൽറ്റികളിൽ നിന്ന് നിയമാനുസൃതമായ ഇളവുകള്‍ നല്‍കല്‍ തുടങ്ങിയവയാണ് റിപ്പോര്‍ട്ടില്‍ പരിഗണിച്ചിട്ടുള്ള പ്രധാനവിഷയങ്ങള്‍.

Share this news

Leave a Reply

%d bloggers like this: